ഭൂവനേശ്വർ: ക്ഷയരോഗം ബാധിച്ചു മറിച്ച ഭാര്യ അമാങ് ദേയിയുടെ മൃതദേഹവുമായി നടന്നതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ദനാ മാഞ്ചി.ക്ഷയരോഗിയായ ഭാര്യയെ ശരിയായ സമയത്തു ചികില്സിക്കാതിരുന്നതാണ് ഭാര്യയുടെ മരണ കാരണം എന്ന കുറ്റബോധത്താൽ മാനസികമായി തളർന്ന അവസ്ഥയിലാണ് മാഞ്ചി.
കാലഹന്ധിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള മെൽഘാര എന്ന ഗ്രാമത്തിലായിരുന്നു ദനാ മാഞ്ചി താമസിച്ചിരുന്നത്. ജോലിത്തിരക്കു കാരണം 60 കിലോമീറ്റർ സഞ്ചരിച്ച് ഭവാനി പട്ന ആശുപത്രിയിൽ എത്തുക എന്നത് ശ്രമകരമായിരുന്നു. അതു കൊണ്ടു തന്നെ ജനറൽ മെഡിസിൻ നൽകുന്ന സമീപത്തെ ഒരു ക്ലിനിക്കിൽ അമാങ് ദേയിയെ കാണിച്ച് മരുന്നു വാങ്ങി ഉപയോഗിച്ചു പോന്നു.രോഗാവസ്ഥയുടെ കാഠിന്യം പുറത്തു കാണിക്കാതെ അമാങ് ദേയി ഭർത്താവായ ദനാ മാഞ്ചിയിൽ നിന്ന് മൂടി വെച്ചു. ഒരു നാൾ രോഗം കഠിനമായി മൂർച്ഛിച്ചപ്പോൾ ഭാര്യയും കൊണ്ട് സമീപത്തെ ക്ലിനിക്കിൽ എത്തിയ ദനാ മാഞ്ചിയോട് ഭവാനി പട്ന ആശുപത്രിയിലേക്ക് പെട്ടെന്ന് കൊണ്ടു പൊകാൻ ഡോക്ടർ നിർദ്ദേശിച്ചു. അദ്ദേഹം ആംബുലൻസും ഏർപ്പാടാക്കി കൊടുത്തു.
എന്നാൽ കാലഹന്ധിയിലെ ഭവാനി പട്ന ആശുപത്രിയിൽ അമാങ് ദേയി എത്തുമ്പോഴേക്കും അവരുടെ അസുഖം വളരെയധികം മൂർച്ഛിച്ചിരുന്നു. അവരെ രക്ഷപ്പെടുത്തിയെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടർ ദനാ മാഞ്ചിയോട് പറഞ്ഞതോടെ അയാളുടെ മാനസിക നില തകരാറിലായി. തന്റെ സാമ്പത്തിക പരാധീനത മനസ്സിലാക്കിയാണ് ഭാര്യ തന്നിൽ നിന്ന് രോഗാവസ്ഥ മൂടി വെച്ചതെന്ന തിരിച്ചറിവ് ദനാ മാഞ്ചി എന്ന ഭർത്താവിന്റെ മനസ്സിനെ ഒരു പാട് അസ്വസ്ഥമാക്കി.വളരെ പെട്ടെന്ന് അവിടെയെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിടെയും ചികിത്സ മുറപോലെ നടന്നിരുന്നു.എന്നാൽ സമയം പുലർച്ചെ രണ്ട് ആയപ്പോൾ അമാങ് ദേയി മരണത്തിന് കീഴടക്കി.
പിന്നീട് തനിക്കെന്ത് സംഭവിച്ചെന്ന് ദനാ മാഞ്ചിക്ക് പോലും ഓർമ്മയില്ല. മരിച്ച ഭാര്യയുടെ ശരീരം പുതപ്പു കൊണ്ട് വരിഞ്ഞുമുറുക്കി പൊതിഞ്ഞ് തോളിലേറ്റി ആരേയും അറിയിക്കാതെ മകളേയും കൂട്ടി 60കിലോമീറ്റർ ദൂരെയുള്ള മെൽഘാര എന്ന തന്റെ ഗ്രാമം ലക്ഷ്യമാക്കി അതിവേഗത്തിൽ നടന്നു. ഏതാണ്ട് 10കിലോ മീറ്റർ സഞ്ചരിച്ച് സഗഡ എന്ന പ്രദേശത്ത് എത്തിയപ്പോഴാണ് ദനാ മാഞ്ചിക്ക് സ്ഥലകാല ബോധമുണ്ടായത്. തുടർന്ന് അടുത്തുള്ളവരെ ബന്ധപ്പെടുകയും അവർ മുഖേന ഭവാനി പട്ന ആശുപത്രിയിൽ വിവരം അറിയിക്കുകയും ചെയ്തു.
തുടർന്ന് ആംബുലൻസ് എത്തി അമാങ് ദേയിയുടെ ശരീരം തിരികെ ആശുപത്രിയിൽ എത്തിച്ച് ഡോക്ടർ മരണം സ്ഥിരീകരിച്ചു. തന്റെ പ്രവൃത്തി നാടിനും, തന്റെ ഭാര്യയ്ക്ക് വേണ്ടി രാത്രി ഏറെ ബുദ്ധിമുട്ടിയ ആശുപത്രി അധികൃതർക്കും അവമതിപ്പുണ്ടാക്കിയ കുറ്റബോധത്തിലാണ് ദനാ മാഞ്ചി. തന്റെ പിടിപ്പുകേടാണ് തന്നെ വളരെയധികം സ്നേഹിച്ചിരുന്ന ഭാര്യയുടെ മരണത്തിനു കാരണമായതെന്ന വേദനയും ദനാ മാഞ്ചിയെ അലട്ടുന്നു. തനിക്ക് ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചെന്ന് ഒരാളോടും താൻ പറഞ്ഞിട്ടില്ല; പിന്നെ താൻ പറയാത്ത കാര്യമെങ്ങനെ വാർത്തയായെന്ന് ദനാ മാഞ്ചി ടൈംസ് ഓഫ് ഇന്ത്യയുടെ ഭുവനേശ്വർ ലേഖകൻ ബികാഷ് ഖേംകയോട് ചോദിച്ചു.
Post Your Comments