ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്കോര്‍പീന്‍ മുങ്ങിക്കപ്പലിന്റെ രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍, കൂടുതല്‍ രഹസ്യവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ദി ഓസ്ട്രേലിയന്‍ പത്രത്തിന് താല്‍ക്കാലിക വിലക്ക്. ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസ് നല്കിയ ഹര്‍ജി പരിഗണിച്ച് ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സ് കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്.
ദി ഓസ്ട്രേലിയനന്‍ തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് തടയണമെന്നും ഡി.സി.എന്‍.എസ് ആവശ്യപ്പെട്ടിരുന്നു. ദി ഓസ്ട്രേലിയന്‍ പുറത്തുവിട്ട വിവരങ്ങള്‍ ഗൗരവമേറിയതാണെന്നും അവ തങ്ങള്‍ക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നും ഫ്രഞ്ച് കമ്പനി കോടതിയില്‍ ബോധിപ്പിച്ചു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് വിവരങ്ങള്‍ പുറത്തുവിടുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
അതിനിടെ, രഹസ്യം ചോര്‍ന്ന സംഭവം അതിഗൗരവമുള്ളതാണെങ്കിലും ആശങ്കവേണ്ടെന്ന് ഇന്ത്യന്‍ നാവിക സേനാ മേധാവി സുനില്‍ ലാംബ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.സി.എന്‍.എസ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലംബ അറിയിച്ചു. കേന്ദ്ര പ്രതിരോധമന്ത്രാലയം സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ ഉന്നതതല സമിതിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Post Your Comments