ഭുവനേശ്വര്‍: ആംബുലന്‍സ് കിട്ടാത്തതിനാല്‍, ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഭർത്താവും മകളും പത്തു കിലോമീറ്ററിലേറെ നടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഒഡിഷയില്‍നിന്ന് കരളലിയിക്കുന്ന മറ്റൊരു ദൃശ്യം കൂടി വന്നിരിക്കുകയാണ്.. ട്രെയിന്‍ തട്ടി അപകടത്തില്‍ മരിച്ച എണ്‍പതുകാരിയുടെ മൃതദേഹം ആംബുലന്‍സ് എത്താത്തത് കാരണം ഒടിച്ചു മടക്കി മുളങ്കമ്പില്‍ കൊണ്ടുപോവുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ഒഡിഷയിലെ ബാലസോറില്‍ ട്രെയിന്‍ തട്ടി മരിച്ച വൃദ്ധയുടെ മൃതദേഹമാണ് ഇത്തരത്തിൽ കൊണ്ട് പോയത്.പോസ്റ്റുമോർട്ടം സൗകര്യങ്ങളില്ലാത്ത ആശുപത്രിയില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിന് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കുമ്പോഴായിരുന്നു ക്രൂരത.
ഏറെ നേരം കാത്ത് നിന്നിട്ടും, ആംബുലന്‍സ് എത്താത്തതിനെ തുടർന്ന് ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ മൃതദേഹം എത്തിക്കാമെന്നു പറഞ്ഞെങ്കിലും അതിന്റെ പണം ലാഭിക്കുന്നതിനായി റെയില്‍വേ പൊലീസ് രണ്ടു തൂപ്പുകാരെ ഏര്‍പ്പാടാക്കുകയായിരുന്നു.ഇവര്‍ ഒരു മുളങ്കമ്പില്‍ കൊണ്ടുപോകാവുന്ന വിധത്തില്‍ മൃതദേഹത്തിന്റെ എല്ലുകള്‍ ഒടിച്ചു മടക്കി. ശേഷം, ചാക്കിലാക്കി കമ്പില്‍ കെട്ടി റെയില്‍വേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് .അതേസമയം മൃദദേഹത്തോട് അനാദരവ് കാട്ടരുതെന്ന് അഭ്യർത്ഥിച്ചുവെങ്കിലും അധികൃതർ അത് കേട്ടില്ലെന്ന് മരിച്ച സ്ത്രീയുടെ മകൻ രബീന്ദ്ര ബാറിൽ പറഞ്ഞു .ഒഡീഷ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട് .
ഒഡിഷയിലെ കലഹന്ദിയില്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ട് നല്‍കാത്തതിനാല്‍ ഭർത്താവും മകളും ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു.സമൂഹ മാദ്ധ്യമങ്ങളിലും അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും ഇത് ചര്‍ച്ചയായതോടെ ഒഡിഷ സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിരിന്നു .
Post Your Comments