ന്യൂഡല്‍ഹി : സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളെക്കുറിച്ചുള്ള തന്ത്രപ്രധാനരേഖകള്‍ ചോര്‍ന്നതല്ലെന്നും മോഷ്ടിക്കപ്പെട്ടതാണെന്നും ഫ്രഞ്ച് സര്‍ക്കാര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2011 ലാണ് അന്തര്‍വാഹിനിയുടെ വിവരങ്ങളടങ്ങിയ രേഖകള്‍ മോഷ്ടിക്കപ്പെട്ടത്. കമ്പനിയിലെ ജീവനക്കാരനായ ഫ്രഞ്ച് പൗരനാണ് ഇതിനു പിന്നിലെന്നും ഇയാളെ തിരിച്ചറിഞ്ഞെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്ന വിഷയത്തില്‍ ഇന്ത്യ, ഫ്രഞ്ച് ആയുധ കമ്പനിയുടെ വിശദീകരണം തേടി. സമഗ്ര അന്വേഷണത്തിന് ഇന്ത്യ പ്രത്യേക സംഘത്തെ ഫ്രാന്‍സിലേക്ക് അയക്കും. അന്തര്‍വാഹിനി നിര്‍മിച്ച ഡിസിഎന്‍എസ് കമ്പനിയില്‍ പരിശോധന അടക്കം നടപടികള്‍ക്കാണ് ഇന്ത്യയുടെ ശ്രമം.
സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ല എന്നാണു നാവികസേനയുടെ കണ്ടെത്തല്‍. രഹസ്യവിവരങ്ങള്‍ അടങ്ങിയ 22,000 പേജുകള്‍ ചോര്‍ന്നതു ഫ്രാന്‍സിലെ തങ്ങളുടെ ആസ്ഥാനത്തു നിന്നല്ലെന്ന് അന്തര്‍വാഹിനികളുടെ നിര്‍മാതാക്കളായ ഡിസിഎന്‍എസും വിശദീകരിക്കുന്നു. ഇതോടെയാണ് ഇന്ത്യ അന്തര്‍വാഹന നിര്‍മാണകമ്പനിയുടെ വിശദീകരണം തേടിയത്.
ഇന്ത്യന്‍ നാവികസേനയ്ക്കായി ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസിന്റെ സാങ്കേതിക സഹായത്തോടെ നിര്‍മിക്കുന്ന അന്തര്‍വാഹിനിയുടെ സുപ്രധാന വിവരങ്ങളടങ്ങിയ രേഖകള്‍ ‘ദി ഓസ്‌ട്രേലിയന്‍’ പത്രമാണു പുറത്തുവിട്ടത്. ഇത്തരം 22,400 പേജുകള്‍ തങ്ങളുടെ പക്കല്‍ ലഭ്യമാണെന്നു ദിനപത്രം വ്യക്തമാക്കി. ഇവയില്‍ ചിലതു പത്രം വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍, അതീവ രഹസ്യസ്വഭാവമുള്ള സംഗതികള്‍ തങ്ങള്‍ പുറത്തുവിടുന്നില്ലെന്നും പത്രം വ്യക്തമാക്കിയിരുന്നു.
Post Your Comments