
തിരുവനന്തപുരം● സൗജന്യറേഷന്‍ പദ്ധതി വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓണം-ബക്രീദ് മെട്രോ ഫെയര്‍ 2016 സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് പുറമേ തൊഴിലുറപ്പ് കുടുംബങ്ങളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 300 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷങ്ങള്‍ സന്തോഷകരമാകാന്‍ മിതമായ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കാനാണ് 1464 ഓണച്ചന്തകളും 1350 പച്ചക്കറിച്ചന്തകളും ആരംഭിക്കുന്നത്. ഇതിനുപുറമേ താലൂക്കുതലങ്ങളില്‍ 75 ഫെയറുകളും മാവേലി സ്‌റ്റോര്‍ ഇല്ലാത്ത 34 പഞ്ചായത്തുകളില്‍ മിനിഫെയറുകളും ഉള്‍പ്പെടെ നിരവധി പ്രത്യേക ഫെയറുകള്‍ ആരംഭിക്കുന്നുണ്ട്. എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും പ്രത്യേക ഓണക്കിറ്റ് നല്‍കും. എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് നിലവില്‍ ലഭിക്കുന്ന എട്ടുകിലോ അരിക്ക് പുറമേ, ഓണക്കാലത്ത് രണ്ടുകിലോ അരി കൂടി നല്‍കും. സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണസമ്മാനമായി അഞ്ചുകിലോ അരി നല്‍കും.
വിഷപച്ചക്കറി ഒഴിവാക്കാന്‍ സംസ്ഥാനത്ത് വ്യാപകമായി പച്ചക്കറി കൃഷി നടത്തി ഓണക്കാലത്തെ വിപണി ഇടപെടലിന് ഉപയോഗിക്കുകയാണ്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടിയെടുക്കും. ഇതിനായി സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. പ്രൈസ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനവും ഊര്‍ജിതമാക്കും. വിപണി ഇടപെടലിനായി ബജറ്റില്‍ 150 കോടിയാണ് നീക്കിവെച്ചത്. ഇതില്‍ 81 കോടി 42 ലക്ഷം രൂപ നല്‍കിയത് സപ്ലൈകോയ്ക്കാണ്. മുടങ്ങിക്കിടന്ന റംസാന്‍ ഫെയറുകള്‍ പുനരാരംഭിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മാവേലി സ്‌റ്റോര്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ തുടങ്ങാന്‍ നടപടിയായിട്ടുണ്ട്. റേഷന്‍കടകള്‍ നവീകരിച്ച് പലചരക്ക് സാധനങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. ഇതിനാവശ്യമായ വായ്പാസൗകര്യവും ഒരുക്കും. നെല്ല് സംഭരണ കുടിശ്ശികയായ 170 കോടി രൂപയും സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തിട്ടുണ്ട്. ഓണക്കാലങ്ങളിലുള്‍പ്പെടെ ഓഫീസുകളില്‍ വിവിധ കച്ചവടക്കാര്‍ കയറിയിറങ്ങി നടത്തുന്ന കച്ചവടം അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്തുള്ള ഓണാഘോഷങ്ങളില്‍ നിന്ന് ജീവനക്കാര്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.പി.എല്‍ കിറ്റ് വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഭക്ഷ്യ-പൊതുവിതരണവകുപ്പുമന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. വൈദ്യുതി-ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. കെ. ആന്‍സലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ വി.കെ. ബാലകൃഷ്ണന്‍, കൗണ്‍സിലര്‍ അഡ്വ. സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈകോ എം.ഡി ആന്റ് ചെയര്‍മാന്‍ ഡോ. ആഷാ തോമസ് സ്വാഗതവും റീജിയണല്‍ മാനേജര്‍ ഐ. ഹുസൈന്‍ നന്ദിയും പറഞ്ഞു. പൊതുവിപണിയേക്കാള്‍ വന്‍ വിലക്കുറവിലാണ് സപ്ലൈകോ ഫെയറുകളില്‍ വില്‍പന നടത്തുന്നത്. പ്രധാന സബ്‌സിഡി ഇനങ്ങളുടെ വില കിലോഗ്രാമിന് ചുവടെ (പൊതു വിപണി വില ബ്രാക്കറ്റില്‍): മുളക് – 75 (136), മല്ലി – 92 (101), ചെറുപയര്‍ – 74 (84), വന്‍പയര്‍ – 45 (78), ഉഴുന്ന് തോടില്ലാത്തത് – 66 (140), കടല – 43 (96), തുവരപ്പരിപ്പ് – 65 (120), പഞ്ചസാര – 22 (39.60), ജയ അരി – 25 (32), മട്ട അരി – 24 (29.50), പച്ചരി – 23 (27.80), വെളിച്ചെണ്ണ ഒരു ലിറ്റര്‍ – 90 (118). പി.എന്‍.എക്‌സ്.3207/16
Post Your Comments