NewsInternational

ഐ.എസിനെ നാമാവശേഷമാക്കാന്‍ ‘കൊലയാളി’ റോബോട്ടുകളും

മൊസൂള്‍ : ഇറാഖിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ പോരാടാന്‍ കൊലയാളി റോബോട്ടുകളും. ഒരു ചെറു കാറിനോളം വലിപ്പമുള്ള കൊലയാളി റോബോട്ടിന് അല്‍റോബോട്ട് (റോബോട്ടിന്റെ അറബി വാക്ക്) എന്നാണ് പേരിട്ടിരിക്കുന്നത്. ദ ബാഗ്ദാദ് പോസ്റ്റ് പുറത്തുവിട്ട വാര്‍ത്തയില്‍ അല്‍ റോബോട്ടിന്റെ വിഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാല് ക്യാമറകളാണ് അല്‍ റോബോട്ടിനുള്ളത്. ഇതിനൊപ്പം ഓട്ടോ മാറ്റിക് മെഷീന്‍ ഗണ്ണും റഷ്യന്‍ നിര്‍മ്മിത കാറ്റിയൂഷ റോക്കറ്റുകളും റോബോട്ടിലുണ്ട്. ലാപ്‌ടോപ് വഴിയോ ഒരു കിലോമീറ്റര്‍ പരിധിയില്‍ റേഡിയോ സിഗ്‌നല്‍ വഴിയോ അല്‍ റോബോട്ടിനെ നിയന്ത്രിക്കാനാകും. ഹോളിവുഡ് സിനിമകളിലും ശാസ്ത്ര നോവലുകളിലും മാത്രം കണ്ടിരിക്കുന്ന യുദ്ധമേഖലയിലെ റോബോട്ടുകള്‍ ഇറാഖില്‍ യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്.

രണ്ട് ഇറാഖി സഹോദരങ്ങളാണ് അല്‍ റോബോട്ടിന്റെ നിര്‍മ്മാണത്തിന് പിന്നിലെന്ന് ദ ബാഗ്ദാദ് പോസ്റ്റ് പറയുന്നുണ്ട്. എന്നാല്‍ ഇവരുടെ സുരക്ഷയെ കരുതി അവരുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. എപ്പോഴാണ് ഈ റോബോട്ടിനെ നിര്‍മ്മിച്ചതെന്നും വാര്‍ത്തയിലില്ല. അതേസമയം, ട്വിറ്ററിലെ @nomorestasn എന്നയാള്‍, ഈ റോബോട്ട് ആറ് മാസങ്ങള്‍ക്ക് മുമ്പ് ബാഗ്ദാദില്‍ നടന്ന ആയുധ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നതായി അവകാശപ്പെടുന്നുണ്ട്.

ബാഗ്ദാദില്‍ ഇറങ്ങുന്ന ആദ്യത്തെ സൈനിക റോബോട്ടല്ല അല്‍ റോബോട്ട്. 2007ല്‍ അമേരിക്കന്‍ സൈന്യം ഇറക്കിയ മൂന്ന് റോബോട്ടുകള്‍ക്കാണ് ആ സ്ഥാനം. എന്നാല്‍ ഇവയെ യുദ്ധമേഖലയില്‍ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇറാഖില്‍ ആദ്യമായി മനുഷ്യര്‍ക്ക് നേരെ ആയുധം പ്രയോഗിക്കുന്ന ആദ്യ റോബോട്ട് എന്ന സ്ഥാനം അല്‍ റോബോട്ടിനായിരിക്കും.
ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടത്തില്‍ സിറിയയില്‍ റഷ്യ റോബോട്ടുകളെ ഉപയോഗിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button