ചന്ദ്രപൂര്‍ : മഹാരാഷ്ട്രയിലാണ് ഏവരേയും അമ്പരിപ്പിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വാര്‍ത്താ സമ്മേളനം നടന്നത് . സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.
മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ് സംഭവം. ഏഴു കിലോയോളം തോളിലേറ്റിയാണ് രാവിലെ സ്‌കൂളിലെത്തുന്നതെന്നും ഭാരം താങ്ങാനാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
ഓരോ ദിവസവും എട്ട് വിഷയങ്ങള്‍ക്കായി കുറഞ്ഞത് 16 പുസ്തകങ്ങളെങ്കിലും സ്‌കൂളില്‍ കൊണ്ടുപോകണം. എടുക്കുന്ന വിഷയങ്ങള്‍ അനുസരിച്ച് ചില ദിവസങ്ങളില്‍ പുസ്തകങ്ങളുടെ എണ്ണം 18 മുതല്‍ 20 വരെയായി ഉയരും. അഞ്ച് മുതല്‍ ഏഴ് കിലോ വരെയാണ് ബാഗിന്റെ ഭാരം. മൂന്നാം നിലയിലുള്ള ക്ലാസിലേക്ക് ബാഗും പുറത്തിട്ട് പോകുക ഏറെ പ്രയാസകരമാണ്. ബാഗിന്റെ ഭാരം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പ്രധാന അധ്യാപകന് നിവേദനം നല്‍കിയതാണ്. എന്നാല്‍ അതൊന്നും ഫലംകണ്ടില്ല. ചില വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ അവരുടെ രക്ഷിതാക്കളാണ് വഹിക്കാറുളളത്. പ്രതിദിനം ശരാശരി എട്ട് പിരീയഡുകളാണ് ഉള്ളത്. ഓരോ വിഷയത്തിനും ടെക്സ്റ്റ് ബുക്കും വര്‍ക്ക്ബുക്കും കൊണ്ടുപോകണം. ഇതിനുപുറമെ വേറെ ബുക്കുകളും കൈയ്യില്‍ കരുതണം. ചില ദിവസങ്ങളില്‍ ഭാരം താങ്ങാവുന്നതിലും കൂടുതലാകുമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
പ്രശ്‌നം ചൂണ്ടിക്കാട്ടുക മാത്രമല്ല, പ്രശ്‌ന പരിഹാരവും വിദ്യാര്‍ത്ഥികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാഗിന്റെ ഭാരം കുറയ്ക്കാന്‍ പീരിയഡുകള്‍ കുറയ്ക്കുകയോ വര്‍ക്കുകള്‍ സ്‌കൂളില്‍ സൂക്ഷിക്കാന്‍ സൗകര്യമുണ്ടാക്കുകയോ ചെയ്യണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. തങ്ങളുടെ ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടില്ലെങ്കില്‍ നിരാഹാരമിരിക്കുമെന്നും വിദ്യാത്ഥികള്‍ പറയുന്നു.
Post Your Comments