NewsIndia

വരന് എച്ച്.ഐ.വി : വിശ്വസിക്കാതെ കല്ല്യാണത്തിന് ഒരുങ്ങിയ പെണ്‍കുട്ടിയെ പിന്‍തിരിപ്പിക്കാന്‍ കളക്ടറും ജില്ലാഭരണകൂടവും

ചെന്നൈ: ചതിവില്‍പ്പെട്ട് വിവാഹത്തിനൊരുങ്ങിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കളക്ടറും എസ്പിയും തഹല്‍സീദാരുമടക്കം ജില്ലാഭരണകൂടം മുഴുവന്‍ കല്ല്യാണ മണ്ഡപത്തിലെത്തി. തിരുവണ്ണാമല സ്വദേശിനിയായ പെണ്‍കുട്ടിയുടെ വിവാഹത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
എല്ലാം തുടങ്ങിയതും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടതും ഒരു ഫഌ്‌സ് ബോര്‍ഡിലൂടെയാണ്. കല്ല്യാണത്തിനു മുന്‍പ് വരന്റെ സുഹൃത്തുക്കളാണ് ഫ്‌ളെക്‌സ് ബോര്‍ഡ് വെച്ചത്. ഇതു കണ്ട അജ്ഞാത വ്യക്തി വരന് എയ്ഡ്‌സ് ആണെന്ന് കളക്ടറെയും എസ്പിയെയും വിളിച്ചറിയിച്ചു.

ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കാണ് കളക്ടര്‍ക്ക് വിവരം ലഭിച്ചത്. ഇതേ സമയം തന്നെ വധുവിന്റെ വീട്ടുകാരെ വിളിച്ച് അറിയിച്ചെങ്കിലും അവര്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. രാഷ്ട്രീയ എതിരാളികള്‍ കല്ല്യാണം മുടക്കാന്‍ ഏത് വഴിയും സ്വീകരിക്കുമെന്ന് പെണ്‍കുട്ടിയേയും വീട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.വരനെ വിളിച്ച് പോലീസ് സ്‌റ്റേഷനിലേയ്ക്ക് വരാന്‍ പറഞ്ഞെങ്കിലും പിന്മാറാന്‍ തയ്യാറായില്ല.

തിങ്കളാഴ്ച രാവിലെ വിവാഹം നടക്കാന്‍ ഇരിക്കെ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആശുപത്രി രേഖകള്‍ ശേഖരിച്ച് കളക്ടറും സംഘവും വിവാഹവേദിയില്‍ നേരിട്ട് എത്തുകയായിരുന്നു.

2014 മുതല്‍ വരന്‍ ചികിത്സ തേടിയതിന്റെ രേഖകള്‍ കാണിച്ച് കാര്യം ബോധ്യപ്പെടുത്തുകയായിരുന്നു. ഇതോടെ പിന്മാറാന്‍ പെണ്‍കുട്ടി തയ്യാറായി. പോലീസ് സംരക്ഷണയില്‍ അടുത്ത ബന്ധത്തിലുള്ള യുവാവുമായി അന്നു തന്നെ പെണ്‍കുട്ടിയുടെ വിവാഹവും നടത്തി. പെണ്‍കുട്ടിയും കുടുംബവും ഇപ്പോഴും പോലീസ് സംരക്ഷണയിലാണ്. ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ അധികൃതര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

shortlink

Post Your Comments


Back to top button