ശ്രീനഗര്‍ : അശാന്തി നിലനില്‍ക്കുന്ന കശ്മീരില്‍ ക്രമസമാധാനപാലനത്തിന് നേതൃത്വം നല്‍കേണ്ട പൊലീസുകാര്‍ കൂട്ടമായി പൊലീസ് സ്റ്റേഷന്‍ ഉപേക്ഷിച്ചു പോകുന്നു. അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷനുകള്‍ ലക്ഷ്യംവയ്ക്കുന്നത് സ്ഥിരമായതോടെയാണ് പൊലീസുകാര്‍ സ്റ്റേഷനുകള്‍ ഉപേക്ഷിച്ച് പോകുന്നത് പതിവായത്. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ജനക്കൂട്ടം പൊലീസ് സ്റ്റേഷനുകള്‍ക്ക് തീവച്ചിരുന്നു.
ഇതുമൂലം, ദക്ഷിണ കശ്മീരിലെ പുല്‍വാമ, ഷോപിയാന്‍, കല്‍ഗാം, അനന്ത്‌നാഗ് ജില്ലകളില്‍ കടുത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഈ ജില്ലകളിലായി ആകെയുള്ള 36 പൊലീസ് സ്റ്റേഷനുകളില്‍ ഇപ്പോഴും പ്രവര്‍ത്തനനിരതമായിട്ടുള്ളത് ആകെ മൂന്നെണ്ണം മാത്രം. പുല്‍വാമ, രാജ്‌പൊറ, അവന്തിപൊറ എന്നിവിടങ്ങളിലാണ് ആകെ പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം, സംസ്ഥാന തലസ്ഥാനമായ ശ്രീനഗറില്‍ ക്രമസമാധാന പാലനത്തിനു 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അതിര്‍ത്തിരക്ഷാസേനയെ (ബിഎസ്എഫ്) വീണ്ടും വിന്യസിച്ചു. വാണിജ്യകേന്ദ്രമായ ലാല്‍ ചൗക്കിലും സമീപപ്രദേശങ്ങളിലും അവര്‍ നിലയുറപ്പിക്കും. യഥാര്‍ഥ നിയന്ത്രണ രേഖയിലെയും രാജ്യാന്തര അതിര്‍ത്തിയിലെയും പതിവു സേവനത്തിനു പുറമേയാണിത്.
സേനയിലെ അംഗങ്ങളുടെ ആത്മബലം ചോരുകയും ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നത് പതിവാകുകയും ചെയ്തതോടെയാണ് പല പൊലീസ് സ്റ്റേഷനുകള്‍ക്കും താഴിടാന്‍ പൊലീസ് വകുപ്പ് തീരുമാനിച്ചത്. ഇതില്‍ പല പൊലീസ് സ്റ്റേഷനുകളും ഇപ്പോള്‍ സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും നിയന്ത്രണത്തിലാണ്. അതേസമയം, പ്രതിഷേധം രൂക്ഷമായ ദക്ഷിണ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സിആര്‍പിഎഫ് ജവാന്‍മാരെ കാണാന്‍പോലും കിട്ടുന്നില്ലെന്ന് പരാതിയുണ്ട്.
ത്രാളില്‍ നൂറു കണക്കിന് യുവാക്കള്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് ഉന്നത ലഷ്‌കറെ തോയിബയുടെ ഉന്നതര്‍ നടത്തുന്ന ക്യാംപുകളില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിനുപിന്നാലെ കശ്മീരില്‍ ഉടലെടുത്ത അക്രമസംഭവങ്ങളില്‍ ഇതുവരെ മരിച്ചത് 67 പേരാണ്. തുടര്‍ച്ചയായ 45ാം ദിവസവും ഇവിടെ കര്‍ഫ്യൂ നിലനില്‍ക്കുകയാണ്.
Post Your Comments