അഹമ്മദാബാദ് : ഹര്‍ദ്ദിക് പട്ടേലിനെതിരെ ഗുരുതര ആരോപണവുമായി സഹപ്രവര്‍ത്തകര്‍. പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ സമരം ഹാര്‍ദിക് പട്ടേലിനു മാത്രമാണ് ഗുണമുണ്ടാക്കിയതെന്നും സമരം കൊണ്ട് ഹാര്‍ദിക് കോടീശ്വരനായെന്നും സഹപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. പട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതിയുടെ പ്രവര്‍ത്തകരും ഹര്‍ദിക്കിന്റെ അടുത്ത അനുയായികളുമായ ചിരാഗ് പട്ടേലും കേതന്‍ പട്ടേലുമാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഒരു വര്‍ഷം കൊണ്ട് സമരത്തെ ഉപയോഗപ്പെടുത്തി ഹാര്‍ദിക് കോടീശ്വരനായെന്ന് ആരോപിച്ച് ഇരുവരും ഹാര്‍ദിക്കിന് കത്തയച്ചതോടെയാണ് സംഭവം വിവാദമായത്. 2015 ജൂലൈയിലാണ് പട്ടേല്‍ സമുദായത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. പ്രക്ഷോഭത്തിനിടെ 12 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹാര്‍ദിക്കിന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സമരത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പിന്നോട്ടടിച്ചു. സമരത്തിനിടെ കഷ്ടപ്പാടനുഭവിച്ചവരെ മറന്നു കൊണ്ട് ആഡംബര ജീവിതം നയിക്കുകയാണ് ഹാര്‍ദിക്കെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഹാര്‍ദിക്കും മാതൃസഹോദരന്‍ വിപുല്‍ ഭായിയും സമരത്തിന് ലഭിച്ച പണം കൊണ്ട് ആഡംബര കാറുകള്‍ വാങ്ങിയെന്നും കത്തില്‍ ആരോപിക്കുന്നു. ഹാര്‍ദിക്കിന്റെ ഏകാധിപത്യ പ്രവണത സമരത്തിന്റെ വീര്യം കെടുത്തിയെന്നും ഹാര്‍ദിക് സ്വന്തം ജയില്‍ വാസത്തെപ്പറ്റി മാത്രം മാദ്ധ്യമങ്ങളോട് സംസാരിച്ചുവെന്നും ഇരുവരും കത്തില്‍ കുറ്റപ്പെടുത്തുന്നു. സമരത്തിന്റെ ഉള്ളുകള്ളികളും ചില രഹസ്യ അജണ്ടകളും തങ്ങള്‍ തുറന്നു കാട്ടുമെന്നും കത്തില്‍ പറയുന്നുണ്ട് .
Post Your Comments