കൊച്ചി : ഇരുമ്പ് ദണ്ഡു കൊണ്ടുള്ള മാതാവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ ഒന്‍പതു വയസ്സുകാരന്‍ ഗുരുതരാവസ്ഥയിലായി. സംഭവത്തില്‍ അടിമാലി സ്വദേശിയായ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കുട്ടി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ വിവരം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു.
ഇരുമ്പു ദണ്ഡുകൊണ്ട് ദീര്‍ഘ കാലമായി മര്‍ദ്ദനമേറ്റ കുട്ടി ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒറ്റയ്ക്ക് വീട്ടിനുള്ളില്‍ പൂട്ടിയിട്ട നിലയിലായിരുന്നു കുട്ടി. തുടര്‍ന്ന് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഏറെക്കാലമായി പുറത്തും കൈകാലുകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.
പൊതിച്ച തേങ്ങ കൊണ്ട് നിരന്തരം മര്‍ദ്ദിച്ചതിന്റെ പാടുകളും കുട്ടിയുടെ ശരീരത്തിലുണ്ട്. കുട്ടിയുടെ മാതാവും ബന്ധുക്കളും തമ്മില്‍ കാര്യമായ ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് സൂചന. കുട്ടിയുടെ അച്ഛന്‍ ക്രിമിനല്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഇയാളും കുട്ടിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. കുട്ടിയുടെ മാതാവ് ലഹരിവസ്തുക്കള്‍ക്ക് അടിമയാണെന്നും ബന്ധുക്കള്‍ പറയുന്നു.
Post Your Comments