തിരുവനന്തപുരം: കേരളത്തിൽ തെരുവു നായ്ക്കളെ കൊല്ലുന്നതുകൊണ്ടു പട്ടികടി കുറയില്ലെന്നു കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധി. 60 വർഷമായി നായ്ക്കളെ കൊന്നൊടുക്കിവന്ന സംസ്ഥാനം എന്തു നേടിയെന്നു ഒരു അഭിമുഖത്തിൽ മേനക ചോദിച്ചു.
ഇതുപോലെ ദയയില്ലാക്കൊല മറ്റൊരു സംസ്ഥാനവും നടത്തില്ലെന്നും മന്ത്രി പറഞ്ഞു. അറുപത്തഞ്ചുകാരിയെ തിരുവനന്തപുരം പുല്ലുവിളയിൽ തെരുവുനായ്ക്കൂട്ടം കടിച്ചുകീറി കൊന്നതിനെ തുടർന്നു പ്രദേശത്തെ തെരുവുനായ്ക്കളെ കൊല്ലാൻ പഞ്ചായത്ത് ഉത്തരവിട്ടിരുന്നു.
നായ്ക്കൾ വെറുതെ ഉപദ്രവിക്കില്ലന്നും. സ്ത്രീയുടെ കൈവശം എന്തോ മാംസഭാഗം ഉണ്ടായിരുന്നിരിക്കണം എന്നും അവർ പറഞ്ഞു. വന്ധ്യംകരിച്ച നായ്ക്കൾ കടിക്കാറില്ല. പുല്ലുവിളയിലെ നായ്ക്കളെ വന്ധ്യംകരിച്ചിരുന്നില്ല. സ്ത്രീ മരിച്ചത് ദുഖകരമാണ്. അതിനു നായ്ക്കളെ കൊല്ലുന്നത് മണ്ടത്തരമാണെന്നും അവർ അഭിപ്രായപ്പെട്ടു. വെറുതെ നായ്ക്കൾ ആക്രമിക്കില്ലെന്നും കേരളത്തിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും അറിയിച്ചു.
Post Your Comments