NewsSports

ബൈ… ബൈ… റിയോ: ഇനി ടോക്കിയോ

റിയോ ഡി ജെനെയ്‌റോ: ഉല്ലാസനഗരത്തോട് വിട. ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ വര്‍ണാഭമായ സമാപനത്തോടെ റിയോ മണ്ണിനോട് ഒളിമ്പിക്‌സ് വിട വാങ്ങുന്നു. 16 ദിനരാത്രങ്ങള്‍ സമ്മാനിച്ച കായിമ മാമാങ്കം ഇനി നാലു വര്‍ഷങ്ങള്‍ക്കപ്പുറം വീണ്ടും ഏഷ്യയിലേക്ക് തിരിച്ചുവരുന്നു. 2020ല്‍ ടോക്യോയില്‍ കാണാം എന്ന ഉറപ്പോടെ, കായികലോകം റിയോ ഡി ജനെയ്‌റയോട് വിടപറഞ്ഞു.

സിക വൈറസിന്റെയും സുരക്ഷാഭീഷണികളുടെയും ആശങ്കകള്‍ക്കിടെയാണ് റിയോയില്‍ 31-ാമത് ഒളിമ്പിക്‌സ് നടന്നത്.
എന്നാല്‍, കുറ്റമറ്റരീതിയില്‍ ഗെയിംസ് സംഘടിപ്പിച്ച് ബ്രസീല്‍ ലോകത്തിന് മാതൃകയായി. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ ഗെയിംസിന് കാര്യമായ ഭീഷണികളൊന്നും നേരിടേണ്ടിവന്നില്ല. ഒളിമ്പിക്‌സ് ടോക്യോയിലെത്തുമ്പോള്‍ അത് പഴയപടിയാകില്ല.

വിടപറഞ്ഞ മഹാരഥന്മാരാണ് ഒളിമ്പിക്‌സ് വേദിയുടെ വലിയനഷ്ടം. ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ടിന്റെയും നീന്തല്‍ക്കുളത്തില്‍ മൈക്കല്‍ ഫെല്‍പ്‌സിന്റെയും അസാന്നിധ്യമാകും ടോക്യോ നേരിടുന്ന ഏറ്റവും വലിയ ശൂന്യത. എന്നാല്‍, കാലം ടോക്യോയ്ക്ക് കാത്തുവെച്ചിരിക്കുന്ന മറ്റു വിസ്മയങ്ങളേതൊക്കെയെന്ന് കാത്തിരുന്നുകാണാം.

2013ലാണ് ടോക്യോയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി 2020ലെ വേദി അനുവദിച്ചത്. തുര്‍ക്കിയിലെ ഇസ്താംബുളിനെയും സ്‌പെയിനിലെ മാഡ്രിഡിനെയും മറികടന്നാണ് ടോക്യോ ഒളിമ്പിക്‌സ് വേദി സ്വന്തമാക്കിയത്.

രണ്ടാംവട്ടമാണ് ടോക്യോയിലേക്ക് ഒളിമ്പിക്‌സ് എത്തുന്നത്. 1964ല്‍ ടോക്യോ ഒളിമ്പിക്‌സ് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഏഷ്യയില്‍ ഒളിമ്പിക്‌സ് എത്തുന്നത് നാലാം തവണയും. 1988ല്‍ ദക്ഷിണ കൊറിയയിലെ സോളിലും 2008ല്‍ ചൈനയിലെ ബെയ്ജിങ്ങിലും ഗെയിംസ് നടന്നിട്ടുണ്ട്.

shortlink

Post Your Comments


Back to top button