തിരുവനന്തപുരം : ഓണക്കാലത്ത് അതിര്‍ത്തി കടന്നെത്തുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിഷരഹിതമാണെന്നുറപ്പുവരുത്താനുള്ള നടപടികള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് സാമ്പിളുകള്‍ ശേഖരിക്കാനാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 20ലധികം സാമ്പിളാണ് ഇപ്രകാരം ശേഖരിച്ചത്.
പച്ചക്കറിക്ക് പുറമെ പാല്‍, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലാബുകളിലും കേരള കാര്‍ഷിക സര്‍വകലാശാലയിലെ പെസ്റ്റിസൈഡ് റെസിഡ്യൂ ടെസ്റ്റിങ് ലാബിലുമാണ് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് നല്‍കുന്നത്. സാമ്പിളുകള്‍ എല്ലാ ദിവസവും അഞ്ച് മണിക്ക് മുമ്പായി പ്രത്യേക ഐസ് പായ്ക്കുകളിലാക്കിയാണ് ലാബില്‍ എത്തിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ എല്ലാ ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്താനും തീരുമാനിച്ചുണ്ട്. ഓണത്തിന് മുമ്പായി തന്നെ കേരളത്തിലേക്ക് എത്തുന്ന മുഴുവന്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും പരിശോധന ഫലവും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം.
ആഗസ്റ്റ് 15ന് ആരംഭിച്ച പരിശോധന ഓണം കഴിയുംവരെ തുടരും. കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയിലെ പച്ചക്കറി പരിശോധനകള്‍ കാര്യക്ഷമമായി നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് കീടനാശിനികള്‍ തളിച്ച പച്ചക്കറിയുടെ വരവ് നന്നേ കുറഞ്ഞിരുന്നു.
കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറികളും പഴങ്ങളും തമിഴ്നാട് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി ഗുണമേന്മ ഉറപ്പുവരുത്തിയിരുന്നു. ഇവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമെ കേരളത്തിലേക്ക് പച്ചക്കറിയും പഴവും എത്തിക്കാന്‍ കഴിയുമായിരുന്നുള്ളു. ഇത്തവണയും ഓണവിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറികള്‍ പ്രത്യേകമായി പരിശോധിക്കണമെന്ന നിര്‍ദ്ദേശവും ഭക്ഷ്യസുരക്ഷ വിഭാഗം തമിഴ്നാടിന് നല്‍കിയിട്ടുണ്ട്. പച്ചക്കറികള്‍ക്ക് പുറമെ പഴം, പാല്‍, ഭക്ഷ്യ എണ്ണ എന്നിവയിലും ശരീരത്തിന് ദോഷകരമായ രീതിയില്‍ മായം കലരുന്നതായും ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വെളിച്ചെണ്ണയില്‍ കാന്‍സറിന് കാരണമാകുന്ന രീതിയിലുള്ള രാസവസ്തുക്കള്‍ കലര്‍ത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ വില്‍പ്പന സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇവയും ഓണക്കാലത്ത് അതിര്‍ത്തി കടക്കുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. പാലിലാവട്ടെ അമോണിയം സള്‍ഫേറ്റ്, യൂറിയ, സ്റ്റാര്‍ച്ച് എന്നിവ കലര്‍ത്തി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നതായി നേരത്തെ നടത്തിയ ചില പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലുമായി എത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച് സാമ്പിള്‍ ശേഖരിച്ച് പുനൈയിലെ നാഷണല്‍ കെമിക്കല്‍ ലാബില്‍ പരിശോധന നടത്താനാണ് തീരുമാനം.
അതേസമയം നിലവില്‍ ശേഖരിക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കും എന്നതാണ് ഭക്ഷ്യസുരക്ഷ വിഭാഗം നേരിടുന്ന പ്രധാന വെല്ലുവിളി. പരിശോധന ഫലം വൈകുന്നതോടെ അനുവദനീയമായ അളവില്‍ കൂടുതല്‍ കീടനാശിനികള്‍ ഉപയോഗിച്ചിട്ടുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിപണനം തടയാനും കഴിയില്ല. എന്നാല്‍ ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത്.
Post Your Comments