സുകന്യ കൃഷ്ണ
“ഞാൻ ഒരു ട്രാൻസ്ജെന്റർ ആണ്.” എന്ന് പറയുമ്പോൾ പലപ്പോഴും കേൾക്കുന്ന ഒരു മറു ചോദ്യമുണ്ട്… “ഓഹ്! ഹിജഡ ആയിരുന്നോ?”
സമൂഹത്തിൽ വലിയ ഒരു പക്ഷം ജനങ്ങൾക്കും ഇവ തമ്മിലുള്ള വ്യത്യാസം അറിയില്ല. അത് അവരുടെ തെറ്റല്ല… ലിംഗവൈവിധ്യങ്ങളെക്കുറിച്ച് പരിമിതമായ അറിവേ അവർക്കുള്ളൂ. നമ്മുടെ രാജ്യത്ത് ‘സെക്സ് ‘ എന്ന വാക്കുപോലും വൃത്തികെട്ട ഒരു പദമാണ്. ‘സെക്ഷ്വൽ എഡ്യൂക്കേഷൻ’ എന്ന് കേൾക്കുമ്പോഴേ പലരും നെറ്റി ചുളിക്കും. അങ്ങനെ ഒരു രാജ്യത്ത് ട്രാൻസ്ജെന്റർ എന്നാൽ എന്തെന്നും ഹിജഡ എന്നാൽ എന്തെന്നുമുള്ള അറിവ് ഒരു സാധാരണക്കാരനുണ്ടായാലേ അത്ഭുതപ്പെടാനുള്ളൂ…
ഭാരതത്തിൽ പ്രധാനമായും രണ്ടുതരം ട്രാൻസ്ജെന്റർ സമൂഹങ്ങളാണുള്ളത്.
1. മതപരമല്ലാത്ത ട്രാൻസ്ജെന്റർ സമൂഹം
ഈ സമൂഹത്തിൽപ്പെടുന്നവർ പൊതുവേ മതപരമായ ആചാരങ്ങളെ അന്ധമായി വിശ്വസിക്കുന്നില്ല. പ്രായോഗികലോകത്ത് ജീവിക്കുന്നവർ എന്നിവരെ വിളിക്കാം. ഇത്തരക്കാരിൽ അധികവും ജന്മനാവിശ്വസിക്കുന്ന മതത്തിൽ തന്നെ തുടർന്നും വിശ്വസിക്കുന്നു, അല്ലെങ്കിൽ മതത്തിന് വലിയ പ്രാധാന്യമൊന്നും കൊടുക്കാതെ ജീവിക്കുന്നു. തികച്ചും സാധാരണക്കാരെ പോലെ ജോലി ചെയ്തും ചിലപ്പോൾ വിവാഹജീവിതം നയിച്ചും സമൂഹത്തോട് ഇഴുകിച്ചേരുന്നു ഇക്കൂട്ടർ. ട്രാൻസ്സെക്ഷ്വൽസ്, ഇന്റർസെക്ഷ്വൽസ്, ലിംഗം നിർണയിക്കപ്പെട്ടിട്ടില്ലാത്തവർ, ദ്വന്ദ്വ ലൈംഗിക വ്യക്തിത്വങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ ഈ സമൂഹത്തിൽപ്പെടുന്നു. സ്വന്തം കുടുംബത്തിൽ അംഗീകരിക്കപ്പെടുന്നവരാണ് ഈ സമൂഹത്തിൽ വലിയൊരു പങ്കും.
2.മതപരമായ ട്രാൻസ്ജെന്റർ സമൂഹം
ഹൈന്ദവാചാരപ്രകാരമുള്ള ചില വിശ്വാസങ്ങളിൽ അധിഷ്ടിതമായ ഈ സമൂഹം, ബഹുചരമാതയുടെയും അറവാണന്റെയും ഐതീഹ്യങ്ങളിൽ അധിഷ്ഠിതമാണ്. അറവാണ ഐതീഹ്യത്തിൽ വിശ്വസിക്കുന്ന വിഭാഗം പൊതുവേ കുറവാണ്, അറവാണികൾ എന്നറിയപ്പെടുന്ന ഈ സമൂഹത്തെ ബഹുചരമാതയിൽ വിശ്വസിക്കുന്ന ഹിജഡ സമൂഹവുമായി കൂട്ടിച്ചേർത്ത് വായിക്കപ്പെടാറുണ്ടെങ്കിലും ആചാരങ്ങളിലും പ്രാർത്ഥനയിലും വിശ്വാസങ്ങളിലും വിഭിന്നമാണ് ഈ വിഭാഗങ്ങൾ. പക്ഷേ, വർത്തമാനകാലത്ത് ഈ വിഭാഗങ്ങളുടെ അകലം കുറഞ്ഞ് വിശ്വാസങ്ങൾ പങ്കുവെക്കുന്ന രീതിയിലേക്കെത്തുകയും ഇവതമ്മിലുള്ള വ്യത്യാസം വളരെ നേർത്തതാകുകയും ചെയ്യുന്നു. കിന്നർ വിഭാഗവും ഈ സമൂഹത്തിൽപ്പെടുന്നു. സ്വന്തം കുടുംബത്തിൽ നിന്നകന്നോ അല്ലെങ്കിൽ അവരാൽ അംഗീകരിക്കപ്പെടാത്തവരോ ആണ് ഈ സമൂഹത്തിൽ ഏറെയും. യാചനയോ ലൈംഗികവൃത്തിയോ തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്ന ഇക്കൂട്ടർ വിവാഹബന്ധങ്ങളിലോ കുടുംബജീവിതത്തിലോ പൊതുവേ വിശ്വസിക്കുന്നില്ല. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകന്ന് ജീവിക്കാനാണ് ഇക്കൂട്ടർക്കിഷ്ടം.
ട്രാൻസ്ജെന്റർ എന്ന പദത്തെ ഒരു കുടയോട് ഉപമിക്കാം. ഈ കുടക്കീഴിൽ വരുന്ന ധാരാളം വിഭാഗങ്ങളുണ്ട്. ട്രാൻസ്സെക്ഷ്വൽസ്, ഇന്റർസെക്ഷ്വൽസ്, ഹിജഡ, പിന്നെയുള്ളത് എതിർലിംഗ വസ്ത്രധാരികൾ അഥവാ ക്രോസ്സ്ഡ്രെസ്സർ.
ട്രാൻസ്സെക്ഷ്വൽസ്
ഹോർമോൺ ചികിത്സയിലൂടെയും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയും എതിർലിംഗത്തിലേക്ക് ചേക്കേറുന്നവർ. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവർ ഇന്ന് അനവധിയാണ്. എതിർലിംഗ ശരീരത്തിൽ തളച്ചിടപ്പെട്ടവർ നേടിയെടുക്കുന്ന സ്വാതന്ത്ര്യമായി വേണം ലിംഗമാറ്റ ശസ്ത്രക്രിയയെ കാണാൻ. കാരണം, ഒരിക്കലും തിരിച്ചു പോകാൻ കഴിയാത്ത ഒരവസ്ഥയാണ് ലിംഗമാറ്റം. ഇഷ്ടപ്പെടുന്ന ലിംഗത്തിൽ ജീവിതകാലം മുഴുവൻ ആത്മസംപ്ത്രിപ്തിയോടെ ജീവിക്കാനുള്ള ശ്രമം. തങ്ങളെ അംഗീകരിക്കാൻ തയാറാകാത്ത ഒരു സമൂഹത്തിന് മുന്നിൽ സ്വത്വബോധത്തോടെ വെല്ലുവിളികളെ അതിജീവിച്ച് ജീവിക്കാനുള്ള ആർജവം.
ഇന്റർസെക്ഷ്വൽസ്
ജന്മനാ എതിർലിംഗ സാഹചര്യങ്ങളോടെ പിറന്നുവീഴുന്നവർ. ആന്ഡ്രജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം, ജെന്റർ ഐഡന്റിറ്റി ഡിസോർഡർ തുടങ്ങി അനവധി സാഹചര്യങ്ങൾ അതിന് കാരണമാവാം. ഇത്തരക്കാരിൽ കൃത്യമായൊരു ലിംഗനിർണയം നടത്തുക, പലപ്പോഴും അതികഠിനമാണ്. പലപ്പോഴും ഇന്റർസെക്ഷ്വൽ ആയ ഒരു കുട്ടിയെ വളർത്തിക്കൊണ്ട് വരുന്ന ലിംഗമായിരിക്കില്ല പിന്നീടുള്ള ജീവിതത്തിൽ ആ കുട്ടിയുടെ ലൈംഗിക വ്യക്തിത്വം, ഭാരതത്തിൽ ഇത്തരം അവസ്ഥ അനുഭവിക്കുന്നവർ അധികവും ഈ അവസ്ഥ മറച്ചുവെച്ച് ജീവിക്കാൻ തയാറാകുന്നു. വളരു കുറച്ചു പേര് മാത്രമാണ് ധൈര്യത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നത്.
ഹിജഡ
തികച്ചും മതപരമായിരുന്ന ഒരു സമൂഹം. നിർവാണം എന്ന ആചാരമാണ് ഈ സമൂഹത്തിനടിസ്ഥാനം. നിർവാണ ശസ്ത്രക്രിയ എന്ന നിലയിലേക്ക് പരിണമിച്ച ഈ പ്രാകൃതാചാരം ഇന്നും അതിന്റെ തനതായ രീതിയിൽ ചിലയിടങ്ങളിലെങ്കിലും നിലനിൽക്കുന്നു. തനതായ രീതിയിലുള്ള നിർവാണമെന്നാൽ പച്ചജീവനിൽ നിന്നും പുരുഷലിംഗം ഛേദിച്ചു മാറ്റുന്ന അതിപ്രാകൃതമായ ഒരു പ്രവർത്തിയാണ്. പലപ്പോഴും ജീവഹാനി വരെ സംഭവിക്കാവുന്ന ഒന്ന്. നിർവാണ ശസ്ത്രക്രിയ എന്ന പരിണാമത്തിലും കാര്യമായ മാറ്റമൊന്നും ഈ ദുരാചാരത്തിന് സംഭവിക്കുന്നില്ലെങ്കിലും ആശുപത്രിയിൽ താരതമ്യേന വേദന കുറഞ്ഞ രീതിയിൽ അല്പം ശാസ്ത്രീയമായി ചെയ്യുന്നു. എന്നാൽ യഥാർത്ഥ ലിംഗമാറ്റ ശസ്ത്രക്രിയ ഇതിൽ നിന്നും വളരെ വ്യത്യസ്തവും വൈദ്യപരമായ മാനദണ്ഡങ്ങൾ പാലിച്ചും നിർവഹിക്കപ്പെടുന്ന ഒന്നാണ്.
നിർവാണ വിധേയയായ ഒരു ഹിജഡക്ക് മാത്രമാണ് ഹിജഡ സമൂഹത്തിൽ മാന്യമായ ഒരു സ്ഥാനം ലഭിക്കുക. അല്ലാത്തവരെ വെറും മൂന്നാംതരക്കാരായി മാത്രമാണ് ഹിജഡ സമൂഹത്തിലെ മേലാളന്മാർ അല്ലെങ്കിൽ ഹിജഡ ജന്മികൾ വകവെയ്ക്കുക. എപ്പോഴും ഇത്തരം ജന്മിമാരുടെ അടിമകളായി നിർവാണ വിധേയരാകാത്ത ഹിജഡകൾ ജീവിതം ഹോമിക്കുന്നു. ഹിജഡ സമൂഹത്തിലെ അനാചാരങ്ങളെ കുറിച്ചും പുറംലോകം അറിയാതെ ആ സമൂഹത്തിൽ നിലനിൽക്കുന്ന ഭയാനകവും അതിപ്രാകൃതവുമായ ജീവിതരീതിയെപ്പറ്റിയാണ് എന്റെ അടുത്ത ലേഖനം.
എതിർലിംഗവസ്ത്രധാരികൾ അഥവാ ക്രോസ്സ്ഡ്രെസ്സർ
ക്രോസ്സ്ഡ്രെസ്സർ എന്നാൽ ലൈംഗികഉത്തേജനം കൊണ്ടോ മാനസികസംതൃപ്തിക്ക് വേണ്ടിയോ വിനോദത്തിനായോ ഒക്കെ എതിർലിംഗവസ്ത്രങ്ങൾ ധരിക്കുന്നവരാണ്. ഉദാഹരണത്തിനായി, സാരിയുടുക്കാനും സ്ത്രീകളെ പോലെ അണിഞ്ഞൊരുങ്ങാനും ആഗ്രഹിക്കുന്ന പുരുഷന്മാർ നിരവധിയുണ്ട്, എന്നാൽ അധികം സാഹചര്യങ്ങളിലും ഇവർ സ്വവർഗാനുരാഗികൾ അല്ലെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യതയിൽ മാത്രം എതിർലിംഗവസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്ന ഇവർ രഹസ്യമായി മാത്രം അവ ധരിക്കുന്നു. അപ്പോൾ മാത്രം അവർ എതിർലിംഗ ചേഷ്ടകൾ പ്രകടിപ്പിക്കുന്നു. വസ്ത്രം മാറുന്നതോടെ തിരികെ സ്വലിംഗത്തിലേക്ക് എത്തുന്നു. ഇന്ന് ഹിജഡ സമൂഹത്തിൽ അധികവും നിർവാണത്തിന് വിധേയരാക്കാൻ മടിക്കുന്ന ഇത്തരക്കാരാണ്.
ഹിജഡകളല്ലാത്ത ഒരു ട്രാൻസ്ജെന്റർ സമൂഹം ഇവിടെ നിലനിൽക്കുന്നു എന്ന് ഇനിയെങ്കിലും നമ്മുടെ സമൂഹം മനസ്സിലാക്കണം.
Post Your Comments