“അവരെ പിടികൂടൂ….അവര്‍ നിങ്ങളെ അപായപ്പെടുത്തും,” ഇവയായിരുന്നു ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ ആനന്ദ് സിങ്ങിന്‍റെ അവസാനവാക്കുകള്‍. മൂന്നു കൊള്ളക്കാരുടെ വെടിയുണ്ടയ്ക്കിരയായി, നൂറ്റമ്പതു പേരില്‍ കവിയുന്ന ജനക്കൂട്ടം നോക്കിനില്‍ക്കെ, ചോരവാര്‍ന്ന്‍ പിടഞ്ഞു മരിക്കുന്നതിനു മുമ്പാണ് ആനന്ദ് കര്‍ത്തവ്യനിര്‍വഹണത്തിനിടയിലെ തന്‍റെ അവസാനവാക്കുകളും പറഞ്ഞ് ലോകത്തോട് വിടപറഞ്ഞത്. നഗരത്തിനു വെളിയില്‍ ഷാബാദ് ഡയറിയില്‍ വച്ച് ഒരു വനിതയെ കൊള്ളയടിക്കാന്‍ ശ്രമിച്ച മൂന്നു കൊള്ളക്കാരോട് ഒറ്റയ്ക്ക് ഏറ്റുമുട്ടിയാണ് ആനന്ദ് സിങ്ങ് ജീവന്‍ വെടിഞ്ഞത്.
വെടിയേറ്റതിനു ശേഷവും ഒരു കൈകൊണ്ട് വെടിയുണ്ട തുളഞ്ഞുകയറിയ ഭാഗം അമര്‍ത്തിപ്പിടിച്ച്, സിങ്ങ് ബൈക്കില്‍ രക്ഷപ്പെട്ട കൊള്ളക്കാരെ കുറെദൂരം പിന്തുടര്‍ന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നൂറ്റമ്പതു പേരില്‍ കവിയുന്ന ജനക്കൂട്ടം കാഴ്ചക്കാരായി നിന്നതല്ലാതെ സിങ്ങിനെ ഒരുതരത്തിലും സഹായിക്കാന്‍ തയാറായില്ല.
20-മിനിറ്റോളം റോഡില്‍ രക്തംവാര്‍ന്ന്‍ കിടന്ന സിങ്ങിനെ ഒടുവില്‍ പോലീസ് തന്നെ എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സിങ്ങ് മരണത്തിനു കീഴടങ്ങിയിരുന്നു.
1988-മുതല്‍ ആനന്ദ് സിങ്ങ് ഡല്‍ഹി പോലീസില്‍ സേവനമനുഷ്ടിക്കുന്നു. സിങ്ങിന്‍റെ കുടുംബത്തിന് ഡല്‍ഹി ഗവണ്മെന്‍റ് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Post Your Comments