NewsInternational

കള്ളടാക്സികള്‍ക്ക് കുരുക്ക് വീഴും ദുബായില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ത്വരിത നടപടി

ദുബായ് : ദുബായിലെത്തുന്ന വിദേശയാത്രക്കാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് കള്ളടാക്സികള്‍ക്കെതിരെയുള്ള നടപടികളും ബോധവല്‍ക്കരണവും ആര്‍ടിഎ ഊര്‍ജിതമാക്കി. നിയമാനുസൃതമല്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നു എന്നതിലുപരി സുരക്ഷാപരമായ കാരണങ്ങള്‍കൂടി കണക്കിലെടുത്താണു നടപടി.

യാത്രക്കാര്‍ക്ക് പരിചയമില്ലാത്ത സ്ഥലത്ത് ഇറക്കല്‍, അധിക കൂലി വര്‍ദ്ധനവ് ഈടാക്കല്‍ തുടങ്ങി നിരവധി പരാതികളാണ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദുബായ് പൊലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ ഇത്തരം 7126 കേസുകളാണു റജിസ്റ്റര്‍ ചെയ്തത്. ഈ സാഹചര്യത്തിലാണ് ഒട്ടേറെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സാഹിര്‍ എന്ന പേരില്‍ എട്ടാമത് ഊര്‍ജിത ബോധവല്‍ക്കരണ പരിപാടിക്കു തുടക്കം കുറിച്ചത്.

ഫോണ്‍, ഓണ്‍ലൈന്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി ഇത്തരം സര്‍വീസ് നടത്തുന്നതും കണ്ടെത്തിക്കഴിഞ്ഞു. ആര്‍ടിഎ അംഗീകാരമില്ലാത്ത സര്‍വീസുകള്‍ അനുവദനീയമല്ല. ടാക്സി ആണെങ്കില്‍കൂടി മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തുന്നതു കുറ്റകരമാണ്.
നിരീക്ഷണം കര്‍ശനമാക്കി നിയമലംഘകരെ പിടികൂടുകയും ഇതിന്റെ ഭവിഷ്യത്തുകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തകയും ചെയ്യും. ഇതര ഡിപ്പാര്‍ട്മെന്റുകളുടെകൂടി സഹകരണത്തോടെ പ്രത്യേക ടീമിനെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ദുബായ് എക്സ്പോ മുന്‍നിര്‍ത്തിയുള്ള ഒരുക്കങ്ങളുടെ ഭാഗമായി ആര്‍ടിഎ പഞ്ചവല്‍ത്സര പദ്ധതിക്കു തുടക്കമിട്ടിട്ടുണ്ട്. 2021 ആകുമ്പോഴേക്കും ടാക്സികളുടെ എണ്ണം 7000 ആയി വര്‍ധിപ്പിക്കും. 2015ലെ 5000 ടാക്സികളില്‍നിന്നാണ് ഈ കുതിപ്പ്. ലിമോസിനുകളുടെ എണ്ണം 113ല്‍ നിന്ന് 500 ആയി ഉയരും.

2021 ആകുമ്പോഴേക്കും ടാക്സികളില്‍ പകുതിയും ഹൈബ്രിഡ് ആക്കാനും ഉദ്ദേശിക്കുന്നു. ബുക്കിങ്ങിനും ഇതരസേവനങ്ങള്‍ക്കുമുള്ള സ്മാര്‍ട് ആപ്പുകള്‍ നവീകരിക്കുകയും കൂടുതല്‍ ആപ്പുകള്‍ തുടങ്ങുകയും ചെയ്യും. അഞ്ചുവര്‍ഷത്തിനകം മൊത്തം സര്‍ക്കാര്‍ വാഹനങ്ങളുടെ പത്തുശതമാനമെങ്കിലും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കാനും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button