പമ്പ: സര്‍ക്കാരിനു താല്‍പര്യമില്ലെങ്കില്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. നിലവിലെ ഭരണസമിതിയെ ഒഴിവാക്കി മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവരെ നിയമിക്കാം. തന്റെ ഭരണകാലത്തു വിവാദ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ശബരിമല അവലോകന യോഗത്തിനിടെ മുഖ്യമന്ത്രിയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിലപാടറിയിച്ചത്.
മന്ത്രി ജി.സുധാകരന്‍ തനിക്കെതിരെ അഭിപ്രായം പറഞ്ഞത് ഒഴിവാക്കുന്നതിന്റെ ഭാഗമാണോയെന്നു സംശയിക്കുന്നു. എത്രകാലം പദവിയിലിരുന്നു എന്നതിനപ്പുറം ഇരിക്കുന്ന സമയത്തെ പ്രവര്‍ത്തിയാണ് പ്രധാനം.
ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങളില്‍ കൈകടത്താന്‍ ശ്രമമുണ്ട്. മുഖ്യമന്ത്രിയുടെ പല നിര്‍ദ്ദേശങ്ങളും ഭക്തസമൂഹം അംഗീകരിക്കില്ല. ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണു വഴിപാട് നിരക്ക് കൂട്ടിയത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതു പിന്‍വലിക്കാന്‍ ഒരുക്കമാണെന്നും പ്രയാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പമ്പയില്‍ മുഖ്യമന്ത്രിയുെട നേതൃത്വത്തില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയും ഗോപാലകൃഷ്ണനും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു. ശബരിമലയില്‍ വി.ഐ.പി ക്യൂ സമ്പ്രദായം നിര്‍ത്തലാക്കാനും ഇതിന് പ്രത്യേകം പണം ഈടാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുരണ്ടും സാധ്യമല്ലെന്നായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍ മറുപടി നല്‍കിയത്.
Post Your Comments