KeralaNews

മദ്യം വാങ്ങാന്‍ ഇനി മുതല്‍ ക്യൂവില്‍ നില്‍ക്കേണ്ട… മദ്യപന്‍മാര്‍ക്ക് കണ്‍സ്യൂമര്‍ഫെഡിന്റെ ‘ഓണം മെഗാഓഫര്‍’

കോഴിക്കോട്: ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യ വില്‍പ്പന നടത്താന്‍ കണ്‍സ്യൂമര്‍ഫെഡ്. ക്യൂ നിന്നു മദ്യം വാങ്ങുന്നത് ഒഴിവാക്കാനാണ് ഓണ്‍ലൈന്‍ വില്‍പ്പന. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന രസീതുമായി കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യശാലയിലെത്തി മദ്യക്കുപ്പി വാങ്ങാം. ക്യൂ നിന്നു മദ്യം വാങ്ങുന്നത് അപമാനമായി കണക്കാക്കുന്നവര്‍ക്കാണ് പുതിയ തീരുമാനം ഗുണകരമാകുക. മുന്തിയ ഇനം മദ്യമായിരിക്കും ഓണ്‍ലൈന്‍ വഴി വില്‍ക്കുക. പ്രത്യേക ചാര്‍ജും ഇതിന് ഈടാക്കും.

പ്രത്യേകമായി ഒരുക്കുന്ന ഓണ്‍ലൈന്‍ കൗണ്ടറില്‍ ചെന്നാല്‍ മദ്യം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിനായി കണ്‍സ്യൂമര്‍ഫെഡ് മദ്യവിതരണ കേന്ദ്രങ്ങളില്‍ പ്രത്യേക കൗണ്ടര്‍ തുറക്കും. എന്നാല്‍ ഓണ്‍ലൈനില്‍ ബുക്കുചെയ്താല്‍ വീട്ടിലെത്തിച്ചു തരുന്ന വിതരണ സമ്പ്രദായമായിരിക്കില്ല ഇതെന്നാണ് കണ്‍സ്യൂമര്‍ഫെഡ് വ്യക്തമാക്കുന്നത്. ഓണത്തിന് ആരംഭിക്കുന്ന പദ്ധതി സ്ഥിരം സംവിധാനമാക്കുന്നതിനാണ് കണ്‍സ്യൂമര്‍ഫെഡ് തീരുമാനം.

അതേസമയം, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെ മദ്യ വില്‍പ്പന കൂട്ടാനും തീരുമാനമായി. 59 ഇനം മദ്യം ഔട്ട്‌ലെറ്റുകള്‍ വഴി കൂടുതലായി വില്‍ക്കുമെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് അറിയിച്ചു. നടപടിക്രമങ്ങള്‍ നടക്കുകയാണ്. മൂന്നു ദിവസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

shortlink

Post Your Comments


Back to top button