കെ.വി.എസ് ഹരിദാസ്
ശബരിമല തീർത്ഥാടനം സംബന്ധിച്ച അവലോകനയോഗത്തിൽ മുഖ്യമന്ത്രി സമർപ്പിച്ച നിർദ്ദേശം എന്തുകൊണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് നിരാകരിച്ചു എന്നത് ഇനിയും മനസിലായില്ല. വിവിഐപികൾ എന്നപേരിൽ പലരെയും ക്യൂവിലൊന്നും നിർത്താതെ ദർശനം നടത്താൻ അനുവദിക്കുന്ന രീതി ഉപേക്ഷിക്കണമെന്നും അങ്ങിനെ ക്യൂ നില്ക്കാൻ കഴിയാത്തവർക്ക് പണം നൽകി ടിക്കറ്റെടുത്തു ദർശനം നടത്താമെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. അതൊരു നിർദ്ദേശമായിരുന്നു. അത് പരിഗണിക്കാനേ കഴിയില്ലെന്ന നിലപാട് ദേവസ്വം ബോർഡ് പ്രസിഡന്റ് എന്തിനെടുത്തുവെന്നത് സംശയകരം തന്നെ.
ദേവസ്വം ബോർഡുകൾ സ്വതന്ത്രവും സ്വയംഭരണാധികാരങ്ങൾ ഉള്ളവയുമാണ് എന്നതിൽ തർക്കമില്ല. അതാണ് നിയമവ്യവസ്ഥ. അതുകൊണ്ടു സർക്കാരിന് പരിമിതികളുണ്ട് എന്നതും ശരിതന്നെ. എന്നാൽ രാഷ്ട്രീയക്കാർ അവിടെ ഭരണാധികാരി ആയിക്കൂടാ എന്നതും പ്രധാനമാണ്. ഇവിടെ ഇപ്പോഴുള്ളവരെല്ലാം രാഷ്ട്രീയക്കാരല്ലേ?.പിന്നെ സർക്കാരിന്റെ സഹായവും സഹകരണവുമില്ലാതെ തീർത്ഥാടനക്കാലം പൂർത്തിയാക്കാൻ കഴിയുമോ?. ഇന്നാട്ടിലെ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ അഭിപ്രായം കൂടി ആരായുന്നതും നല്ലതുതന്നെ. അതുകൊണ്ടു സർക്കാരിന് ഗുണമേയുണ്ടാവൂ.
ശബരിമലയിൽ മാത്രമല്ല തിരക്കുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇത്തരത്തിൽ പിന്നാമ്പുറങ്ങളിലൂടെ ദർശന സൗഭാഗ്യം നമ്മുടെ ക്ഷേത്രങ്ങളിലുണ്ട്. ഗുരുവായൂരിലും മറ്റും അത് സാധാരണ കാണാറുണ്ട്. അവിടത്തെ ചില ഹോട്ടലുകളിലും ലോഡ്ജുകളിലുമൊക്കെ ഇതിനുള്ള ദല്ലാളന്മാർ വരാറുള്ളതും പരസ്യമാണ്. ആരെയൊക്കെ സ്വാധീനിച്ചാണ് ക്യൂവില്ലാതെ തൊഴുന്നത് എന്നത് പരിശോധിക്കപ്പെടേണ്ടതുതന്നെ. ഞാൻ ഒരു പത്രത്തിന്റെ പത്രാധിപരായിരിക്കെ ഇക്കാര്യം ഒരു പരമ്പര പോലെ പ്രസിദ്ധീകരിച്ചിരുന്നു. അവിടെ നടക്കുന്ന പലതും അങ്ങിനെ പുറത്തുകൊണ്ടുവന്നു. ജസ്റ്റിസ് പരിപൂർണ്ണൻ ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ്. അദ്ദേഹം പത്രം കണ്ടിട്ട് വിശദാംശങ്ങൾ ആരായുകയും ചെയ്തു. ദേവസ്വം ബെഞ്ചിൽ അന്നുണ്ടായിരുന്നത് ജസ്റ്റിസ് പരിപൂർണനാണ് .
മറ്റൊന്ന്, എല്ലാ കാലത്തും ക്ഷേത്രം തുറക്കാൻ കഴിയുമോ എന്നതാണ്. ഗൗരവത്തിൽ എന്നെ ചിന്തിക്കേണ്ട വിഷയമാണിത്. ഞാൻ ഊഹിക്കുന്നത് , ശബരിമലയിൽ വര്ഷക്കാലത്തും മറ്റും എത്താൻ കഴിയാത്തതുകൊണ്ടാവണം ഇങ്ങനെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മാസത്തിൽ എല്ലാമാസവും ഒന്നോ രണ്ടോ ദിവസമാണ് ആദ്യമൊക്കെ പൂജക്കായി നട തുറന്നിരുന്നത് . ഇന്നത് അതിനേക്കാൾ അധികമാണ്. ഇന്നിപ്പോൾ മോശം കാലാവസ്ഥയും വനവുമൊക്കെയാണെങ്കിലും ഭക്തർ വരാൻ തയ്യാറാണ്. അത് കണക്കിലെടുത്ത് നട തുറക്കുന്ന ദിവസങ്ങൾ വർധിപ്പിക്കാൻ ആലോചിക്കുന്നതിൽ തെറ്റില്ല എന്നുമാത്രമല്ല, അത് അനിവാര്യവുമാണ്. അതിലൊന്നും അയ്യപ്പന് എതിർപ്പുണ്ടാവാൻ ഒരു കാരണവും കാണുന്നില്ല. തന്ത്രിമാരും ദേവസ്വം ബോർഡും മറ്റും ഒന്നിച്ചിരുന്നു ഇക്കാര്യം പരിശോധിക്കാവുന്നതാണ്.
മറ്റൊന്ന്, കേരളത്തിന് പുറത്തുനിന്നുമെത്തുന്ന തീർഥാടകരുടെ കാര്യമാണ്. അവരോട് മണ്ഡലം – മകരവിളക്ക് സീസണിൽ മാത്രം വരാൻ നോക്കാതെ ഇടക്കുവന്നു തൊഴുതു പോകാൻ അഭ്യർഥിക്കാം. മണ്ഡലം മകരവിളക്ക് സീസണിൽ തന്നെ ചില സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ മകരവിളക്കിന് മാത്രമേ എത്തൂ. നേരത്തെ നട തുറക്കുന്നത് അവരെ ധരിപ്പിച്ചും നേരത്തെ വന്നു തൊഴുതു പോകാൻ അഭ്യർഥിച്ചും കുറെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ഇക്കാര്യത്തിൽ നമ്മുടെ അയൽ സംസ്ഥാനങ്ങളുടെ സഹായവും സഹകരണവും തേടാവുന്നതുമാണ്. ഇത് സംബന്ധിച്ച് അയൽ സംസ്ഥാനങ്ങളിലെ പത്രങ്ങളിലും ചാനലുകളിലുമൊക്കെ പരസ്യം നൽകാവുന്നതുമാണ് . മുൻപൊരിക്കൽ അങ്ങിനെ ചെയ്തിരുന്നുവെന്നാണ് മനസിലാക്കുന്നത്.
അവിടെ ഒരുപാട് താല്പര്യങ്ങളുണ്ട്. അത് മുകളിൽ മുതൽ താഴെ വരെയുണ്ട്, എല്ലാ തട്ടിലുമുള്ളവർക്കുണ്ട്. അതാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്, തർക്കങ്ങൾ ഉടലെടുക്കുന്നത്. അവിടെ കുറെ കീഴ്വഴക്കങ്ങളുമുണ്ട് . ഉദാഹരണമായി, ക്ഷേത്രം നട തുറന്നാൽ അവിടെ തന്ത്രി മുതലുള്ളവർ എത്തുന്നു; നടയടക്കുന്നതുവരെ അവരവിടെയുണ്ട്. അതൊക്കെ മറ്റു ക്ഷേത്രങ്ങളിൽ കാണുന്ന ശൈലിയാണോ. അല്ലതന്നെ. മറ്റു ക്ഷേത്രങ്ങളിൽ വിശേഷാൽ ദിവസങ്ങളിൽ വിശേഷാൽ ചടങ്ങുകൾക്ക് മാത്രമേ തന്ത്രിമാർ എത്താറുള്ളൂ.
അവിടെ അത്യാവശ്യം വേണ്ടത്, തീർത്ഥാടകർക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കലാണ്. കുളിക്കാൻ, പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ, ആവശ്യം വേണ്ടുന്ന നല്ല, കൊള്ളാവുന്ന ഭക്ഷണം കഴിക്കാൻ…..അതിൽ സർക്കാരിന് വലിയ ഉത്തരവാദിത്തമുണ്ട്. ഇത് ഒരു സീസണാണ്. ലക്ഷങ്ങൾ കേരളത്തിലെത്തുന്ന നാളുകൾ. എത്രയോ കോടികൾ അക്കാലത്തു കേരളത്തിലെത്തും. അതിൽ ചെറിയൊരു അംശം ഭക്തർക്കായി മാറ്റിവെക്കാൻ ദൗർഭാഗ്യവശാൽ ദേവസ്വം ബോർഡ് തയ്യാറാവാറില്ല. ഇനിയെങ്കിലും മാറ്റമുണ്ടായാൽ , അതിനെ അയ്യപ്പ ഭക്തർ തീർച്ചയായും ഭാവാൽമകമായി കാണും.
Post Your Comments