പത്തനംതിട്ട● ശബരിമലയില്‍ തിരുപ്പതി മോഡലില്‍ നിത്യവും ദര്‍ശനത്തിന് സൗകര്യമേര്‍പ്പെടുത്തണമെന്നത് ചര്‍ച്ച ചെയ്യാന്‍ വേണ്ടി നിര്‍ദേശിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കൂടിയ യോഗത്തില്‍ തീരുമാനങ്ങള്‍ വിശദീകരിക്കെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് മറുപടിയായി മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ദേവസ്വം ബോര്‍ഡും ബന്ധപ്പെട്ടവരും കൂടിയാലോചിച്ച ശേഷം സാധ്യമെങ്കില്‍ നടപ്പാക്കാനാണ് നിര്‍ദേശിച്ചതെന്നും ശബരിമലയിലെ തിരക്ക് കുറയ്‌ക്കാനാണ് തിരുപ്പതി മോഡലില്‍ ഫീസ് ഈടാക്കി പാസ് ഏര്‍പ്പെടുത്തുന്നതുള്‍പ്പടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ സുരക്ഷ സംബന്ധിച്ച് ഭക്തരെ നിരീക്ഷിക്കുന്നത് ഒഴിവാക്കാനാവില്ലെന്നും മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ സഹകരണം തേടിവേണം ഭക്തരെ നിരീക്ഷിക്കേണ്ടതെന്നും അഥവാ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വേണം നടപടി സ്വീകരിക്കാനെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് യോഗത്തില്‍ ആവശ്യമുന്നയിച്ചിരുന്നു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസിന് ചുമതല നിര്‍വഹിക്കേണ്ടിവരുമെന്നും ഇത് ആരുടേയും മേല്‍ ഭരിക്കാനല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ചില കാര്യങ്ങള്‍ പോലീസിന് രഹസ്യമായി സൂക്ഷിക്കേണ്ടിവരുമെന്നും ഇതിനെ ചോദ്യം ചെയ്യുന്നതും അറിയണമെന്ന് പറയുന്നതും ശരിയല്ലെന്നും അറിയിച്ചു. മറിച്ച് ദേവസ്വം ബോര്‍ഡ് സുരക്ഷാ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments