തിരുവനന്തപുരം● ‘സ്‌ട്രോക്കിനെതിരെ ജാഗ്രത പാലിക്കൂ, സ്‌ട്രോക്ക് വന്ന രോഗിയെ ഉടനടി ആശുപത്രിയിലെത്തിക്കൂ’ എന്ന സന്ദേശവുമായി മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കായി ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മൂന്നാമത്തെ കൊലയാളി രോഗമായ സ്‌ട്രോക്കില്‍ നിന്നും രക്ഷനേടാനായി ജനങ്ങളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
തലച്ചോറിന്റെ അറ്റാക്കായ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്‌സാ സൗകര്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗത്തിലെ സ്‌ട്രോക്ക് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. സ്‌ട്രോക്ക് വന്നതായി സംശയമുണ്ടെങ്കില്‍ ഒട്ടും സമയം വൈകാതെ സ്‌ട്രോക്ക് സെന്ററിന്റെ ഹൈല്‍പ് ലൈനായ 99 463 32 963 എന്ന നമ്പരിലേക്ക് വിളിക്കുക. വേണ്ട ചികിത്സാ സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
തലച്ചോറിലെ രക്തക്കുഴലിന്റെ തകരാറുകൊണ്ട് പെട്ടന്നുണ്ടാകുന്ന പ്രശ്‌നമാണ് സ്‌ട്രോക്ക്. മുഖത്തിന് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും സംഭവിക്കും. സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്.
അതിനാല്‍ സി.ടി. സ്‌കാന്‍, ന്യൂറോളജി വിഭാഗം, ന്യൂറോ സര്‍ജറി വിഭാഗം, ന്യൂറോ ഐ.സി.യു. എന്നീ സൗകര്യങ്ങളുള്ള സ്‌ട്രോക്ക് സെന്ററുകളില്‍ മാത്രം പോകുക. ഇത്തരത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുസജ്ജമായ ഒരു മെഡിക്കല്‍ സംഘമാണ് മെഡിക്കല്‍ കോളേജിലെ സ്‌ട്രോക്ക് സെന്ററിലുള്ളത്.
Post Your Comments