ന്യൂഡൽഹി:അരുണാചൽ പ്രദേശിൽ, ചൈനാ അതിർത്തിയിൽ നിന്നും കേവലം നൂറു കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാനമായ മേഖലയായ പസിഘട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ പുതിയ എയർ ഫീൽഡ് പൂർത്തിയായി. വ്യോമസേനയുടെ അഡ്വാൻസ്‌ഡ് ലാന്റിംഗ് ഗ്രൗണ്ട് (എ.എൽ.ജി) നിർമ്മാണം പൂർത്തിയായത് 1962 ലെ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന എയർഫീൽഡ് അത്യന്താധുനിക സൗകര്യങ്ങളോടെ നവീകരിച്ചാണ്.ചൈന അതിർത്തിയിലെ ഭാരതത്തിന്റെ പ്രതിരോധസംവിധാനങ്ങളിൽ ഏറെ ഗുണം ചെയ്യുന്നതാണ് എസ്.യു 30എം.കെ.ഐ, അമേരിക്കൻ നിർമ്മിത സി.130ജെ സൂപ്പർ ഹെർക്കുലീസ് എയർക്രാഫ്റ്റ് തുടങ്ങിയ യുദ്ധവിമാനങ്ങൾ ലാന്റ് ചെയ്യാൻ കഴിയുന്ന അത്യന്താധുനിക ലാന്റിംഗ് ഗ്രൗണ്ട്.
വൈദേശികാക്രമണമടക്കമുള്ള സന്ദർഭങ്ങളിൽ ഭാരതത്തിന്റെ പ്രതിരോധസമയത്തെ ഗണ്യമായി കുറയ്ക്കാനും, രാജ്യത്തിന്റെ കിഴക്കൻ അതിർത്തികളിലെ പ്രവർത്തനവും, പ്രതിരോധനിരയും ഏകോപിപ്പിയ്ക്കാനും, ശക്തമാക്കാനുംഇതുവഴി കഴിയും.1962ലെ ഇന്ത്യാ-ചൈന യുദ്ധകാലത്തെ താത്കാലിക ഉപയോഗത്തിനു ശേഷം ഈ വ്യോമതാവളത്തിന്റെ പ്രവർത്തനം പിന്നീട് സൈന്യം അവസാനിപ്പിച്ചിരുന്നു. എന്നാൽ, അതിർത്തിസുരക്ഷയിലും, പ്രതിരോധത്തിലും ഈ വ്യോമതാവളങ്ങളുടെ പ്രസക്തിയും, സാദ്ധ്യതയും കണക്കിലെടുത്താണ് ഇവ ഇപ്പോൾ നവീകരിച്ചത്.
ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽപ്രദേശിലെ 1080 കിലോമീറ്റർ വരുന്ന പ്രദേശങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഏഴ് എയർഫീൽഡുകളുടെ നവീകരണത്തിന് കേന്ദ്രസർക്കാർ ആയിരം കോടി കൊടുത്തിരുന്നു.
Post Your Comments