Kerala

പ്ലാസ്റ്റിക് വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം

കണ്ണൂര്‍ ● പ്ലാസ്റ്റിക് വോട്ടര്‍കാര്‍ഡുകള്‍ക്കുള്ള പുതിയ അപേക്ഷകള്‍ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടര്‍പട്ടികയും ആധാര്‍ കാര്‍ഡുകളും പരസ്പരം ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശപ്രകാരം നേരത്തേ വീടുകളില്‍ നിന്ന് ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ആധാറുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ വിവരങ്ങളടങ്ങിയ ഫോറം ഉപയോഗിച്ച് പ്ലാസ്റ്റിക് കാര്‍ഡ് തയ്യാറാക്കി നല്‍കുന്നതിന് നിയമതടസ്സം നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.

പുതിയ പ്ലാസ്റ്റിക് കാര്‍ഡ് ആവശ്യമുള്ളവര്‍ വെബ്‌സൈറ്റ് വഴി തിരുത്തലിന് അപേക്ഷിച്ചാല്‍ കാര്‍ഡുകള്‍ ബി.എല്‍.ഒ മാര്‍ വഴി വീടുകളിലെത്തിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ആഗസ്ത് 24 മുതല്‍ സപ്തംബര്‍ 24 വരെ നടക്കുന്ന ദേശീയ വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായി ബി.എല്‍.ഒമാര്‍ വീടുകളിലെത്തി താമസം മാറിയവര്‍, മരണപ്പെട്ടര്‍, ഇരട്ട വോട്ടുകളുള്ളവര്‍ തുടങ്ങിയവരുടെ വിവരങ്ങളെടുക്കും. ഇതോടൊപ്പം 2017 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നവരുടെ വിവരങ്ങളും ശേഖരിക്കും. ഇക്കാര്യത്തില്‍ ബി.എല്‍.ഒമാരുമായി സഹകരിക്കണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും താമസം മാറിയവര്‍ക്ക് വോട്ട് മാറ്റുന്നതിനും പട്ടികയിലുള്ള തെറ്റുകള്‍ തിരുത്തി പുതിയ പ്ലാസ്റ്റിക് കാര്‍ഡ് നേടുന്നതിനും www.ceo.kerala.gov.in വഴി അപേക്ഷിക്കാം.

shortlink

Post Your Comments


Back to top button