മെകിസ്ക്കോ സിറ്റിയിലെ ബ്ലാക്ക് ജാഗ്വര്‍-വൈറ്റ് ടൈഗര്‍ സൂവിലെ സൂകീപ്പറാണ് എഡ്വാര്‍ഡോ സെറിയോ. 2015 ഒക്ടോബറില്‍ സെറിയോയ്ക്ക് ഉണ്ടായ ഒരനുഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആകാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മാസങ്ങളായി.
സൂവിലെ വെള്ളസിംഹങ്ങളെ താലോലിച്ചു കൊണ്ടിരിക്കുന്ന സെറിയോ ഇടയ്ക്കിടെ എഴുന്നേറ്റ് മറ്റ് ഇരപിടുത്തക്കാര്‍ ശാന്തരായിത്തന്നെ ഇരിക്കുന്നുണ്ടോ എന്ന് നോക്കി ഉറപ്പുവരുത്തിന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. സെറിയോയുടെ കുറച്ചകലെയായി അസ്ലാന് എന്ന കടുവ വിശ്രമിക്കുന്നുണ്ട്. അപകടമൊന്നും ഇല്ല എന്ന ഉറപ്പോടെ സെറിയോ ശ്വേതസിംഹങ്ങളോടൊപ്പമുള്ള തന്റെ കളി തുടരുന്നു.
പക്ഷേ, സെറിയോയുടെ ദൃഷ്ടിയില്‍പ്പെടാത്ത ഒരപകടം അല്‍പ്പം ദൂരെ പതിയിരിപ്പുണ്ടായിരുന്നു. ധര്‍മ്മ എന്ന് പേരുള്ള ചീറ്റപ്പുലി ഒരു മരത്തിന് മറഞ്ഞു കിടക്കുന്നത് സെറിയോ കണ്ടിരുന്നില്ല. സെറിയോ പൂര്‍ണമായും ശ്വേതസിംഹങ്ങളില് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് മനസ്സിലാക്കുന്ന ധര്‍മ്മ, എന്നാല്‍ സെറിയോയ്ക്കിട്ട് ഒരു പണി കൊടുത്തു കളയാം എന്ന തീരുമാനത്തോടെ ചീറിയടുക്കുന്നു. ഇതറിയാതെ സെറിയോ ശ്വേതസിംഹങ്ങളോടൊപ്പമുള്ള കളി തുടരുകയാണ്.
പക്ഷേ ധര്‍മ്മയുടെ ഓരോ നീക്കവും മറ്റൊരാളുടെ സൂക്ഷ്മനിരീക്ഷണത്തിലായിരുന്നു, അസ്ലാന്റെ. ധര്‍മ്മ ഓട്ടം ആരംഭിക്കുമ്പോള്‍ തന്നെ അസ്ലാന് ഒന്നു പതിഞ്ഞ് ഇരിക്കുന്നു. 1-2 സെക്കണ്ടുകള്‍ക്ക് ശേഷം സെറിയോയുടെ തൊട്ടുപുറകില്‍ നിന്ന് അയാളുടെ മേലേക്ക് പതിക്കാനായി കുതിച്ചുയരാന്‍ ആരംഭിച്ചതായിരുന്നു ധര്‍മ്മ. പക്ഷേ, ധര്‍മ്മയുടെ നീക്കം വിജയിച്ചില്ല. എന്താണ് തന്റെ പിന്നില്‍ നടക്കുന്നതെന്ന് സെറിയോയ്ക്ക് ഒരു സൂചന പോലും കിട്ടുന്നതിനു മുമ്പ് തന്നെ അസ്ലാന് വായുവില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്ന ധര്‍മ്മയെ ചാടിയുയര്‍ന്ന് വായുവില്‍ വച്ച് തന്നെ തടഞ്ഞ് ഒരു വശത്തേക്ക് വീഴ്ത്തിക്കളഞ്ഞു. അങ്ങനെ ധര്‍മ്മയുടെ സെറിയോയെ ലക്ഷ്യം വച്ചുള്ള ചാട്ടം അസ്ലാന് ഇടപെട്ട് വഴിമാറ്റി വിട്ടു.
ചാട്ടം അസ്ലാന് തടഞ്ഞെങ്കിലും, കുതറിയോടുന്ന ധര്‍മ്മ സെറിയോയുടെ നേരേ കുതിച്ചടുക്കുന്നുണ്ട്. പക്ഷേ, തൊട്ടു പുറകേ ധര്‍മ്മയ്ക്ക് ആക്രമിക്കാന്‍ ഒരു പഴുതനുവദിക്കാതെ അസ്ലാനും ഓടിയടുക്കുന്നു. അപ്പോഴേക്കും തന്റെ പിന്നില്‍ നടന്ന സംഭവങ്ങളുടെ ഒരേകദേശരൂപം പിടികിട്ടിയ സെറിയോ എന്ന മൃഗപരിശീലകന്‍ ദ്രുതചലനങ്ങളോടെ എഴുന്നേറ്റ് ധര്‍മ്മയെ ശാസിക്കുകയും, അസ്ലാന്റെ സഹായത്തോടെ സ്നേഹപൂര്‍വ്വമുള്ള ഒരു അടിയിലൂടെ ഇവിടെ താനാണ് “തലൈവന്” എന്ന് ധര്‍മ്മയെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് അസ്ലാന് നന്ദി പറയുന്നുമുണ്ട് സെറിയോ.
Post Your Comments