NewsIndia

ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ്

ബെംഗളൂരു: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു.ശനിയാഴ്ച്ച ബെംഗളൂരുവിൽ ആംനസ്റ്റി നടത്തിയ സെമിനാറിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും സൈന്യത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളും മുഴക്കിയെന്നാരോപിച്ചാണ് ആംനസ്റ്റി ഇന്ത്യക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. രാജ്യദ്രോഹത്തിന് പുറമെ കലാപത്തിന് ആഹ്വാനം, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പരിപാടിയുടെ സംഘാടകർക്കെതിരെയാണ് കേസെടുത്തതെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു.

ആനംസ്റ്റി നടത്തിയ സെമിനാറിലേക്ക് കടന്നു കയറിയ കുറച്ച് കശ്മീരി വിദ്യാര്‍ഥികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നപരാതിയെ തുടർന്നാണ് കേസെടുത്തത്.കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചായിരുന്നു സെമിനാര്‍.എന്നാൽ പരിപാടി നടത്താന്‍ പോലീസിന്റെ അനുമതി തേടിയിരുന്നുവെന്നും പോലീസ് സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നും ആംനസ്റ്റി ഇന്ത്യ അറിയിച്ചു. ഒരു പരാതിയെത്തുടര്‍ന്ന് ദേശദ്രോഹത്തിന് കേസെടുത്തത് ഈ രാജ്യത്തെ മൗലികാവകാശങ്ങളെ കുറിച്ചും സ്വാതന്ത്ര്യത്തിലും വിശ്വാസമില്ലാത്തിനാലാണെന്ന് ആംനസ്റ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആക്കര്‍ പട്ടേല്‍ പറഞ്ഞു.രാജ്യദ്രോഹക്കുറ്റത്തിന്റെ ദുരുപയോഗത്തിനെതിരെ വ്യാപകമായ ചര്‍ച്ച നടക്കുന്നതിനിടെയാണ് പുതിയ സംഭവം. രാജ്യദ്രോഹക്കുറ്റം ചുമത്തി ജെഎന്‍യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാറടക്കമുള്ള വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തതും വിവാദമായിരുന്നു.
ഇത് കാലഹരണപ്പെട്ടനിയമമാണെന്നും പിന്‍വലിക്കണമെന്നും പ്രതിപക്ഷം രാജ്യസഭയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സർവകക്ഷി യോഗം വിളിക്കാമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പാർലമെൻറിൽ അറിയിച്ചിരുന്നു.പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും മുദ്രാവാക്യങ്ങൾ മുഴക്കിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും ബെംഗളൂരു പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button