NewsIndiaEditor's Choice

വീരഗാഥ: വിസ്മരിക്കരുത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയെ

ആ ബാലന്‍ ജീവിച്ചത് വെറും പതിമൂന്നുകൊല്ലം മാത്രം..പക്ഷെ അടിമത്തത്തിന്റെ അന്ധകാരത്തില്‍ ഉഴറിയ ഭാരതത്തിന്‌ അവന്‍ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പ്രതീക്ഷയുടെ വെളിച്ചമായിരുന്നു. ഭാരതം സ്വാതന്ത്ര്യദിനം ആഘോഷിയ്ക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായ ബാജി റൌട്ട് എന്ന കൊച്ചുബാലന്‍റെ ത്യാഗം ചരിത്രത്തില്‍ ഒരിയ്ക്കലും മായാത്ത ഒരു അധ്യായമായി ഇന്നും നിലനില്‍ക്കുന്നു.

1925ല് ഒറീസ്സയിലെ നിലകന്തപൂര്‍ എന്ന കാര്‍ഷികഗ്രാമത്തിലാണ് ബാജി ജനിച്ചത്..അവന്‍ കുഞ്ഞായിരുന്നപ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു.ജന്മിയുടെ വയലില്‍ നെല്ലുകൊയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അമ്മ മകനെ വളര്‍ത്തി. ജന്മിമാരുടെ അടിച്ചമര്‍ത്തലിന്റെയും ക്രൂരതയുടെയും കാഴ്ചകളാണ് അവന്‍ ബാല്യം മുതല്‍ കണ്ടും കേട്ടും വളര്‍ന്നത്..അതുകൊണ്ട് തന്നെ ധീര ദേശാഭിമാനിയായ വീര്‍ ബൈഷ്ണവ് രാജാവിനെതിരെ പ്രക്ഷോഭമുയര്‍ത്തിയപ്പോള്‍ തന്റെ പ്രായം വക വെയ്ക്കാതെ ബാജിയും അവരോടൊപ്പം ചേര്‍ന്നു.ട്രെയിനില്‍ പെയിന്ററായി ജോലി ചെയ്തുകൊണ്ട് ബൈഷ്ണവ് മറ്റുനേതാക്കന്മാരുമായി ബന്ധങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.സ്വതന്ത്രമായി സഞ്ചരിയ്ക്കാനും ഗ്രാമത്തിലെ ദയനീയമായ അവസ്ഥയിലേയ്ക്ക് മറ്റു നേതാക്കളുടെശ്രദ്ധയാകര്ഷിയ്ക്കാനും അദ്ദേഹം മനപ്പൂര്‍വ്വം തിരഞ്ഞെടുത്തതാണ് ആ ട്രെയിന്‍ ജോലി.അതോടൊപ്പം അദേഹം പ്രജാമണ്ഡലം എന്നൊരു ജനകീയ പ്രസ്ഥാനവും തുടങ്ങി.ജന്മിമാരുടെ ക്രൂരതകള്‍ കൊണ്ട് പൊറുതിമുട്ടിയ ഗ്രാമീണര്‍ കൂട്ടത്തോടെ അതില്‍ ചേര്‍ന്നുകൊണ്ടിരുന്നു..ഭയചകിതരായ ഭരണവര്‍ഗ്ഗം ഇരുട്ടടി പോലെ പുതിയൊരു നികുതി ഏര്‍പ്പെടുത്തി.അത് നല്കാത്തവര്‍ക്ക് കഠിനമായ ശിക്ഷാനടപടികളും.ബൈഷ്ണവിനെതിരെ അന്വേഷണം ഊര്‍ജ്ജിതമായി.

അന്ന് 1938 ഒക്ടോബര്‍ 10. വീര്‍ ബൈഷ്ണവ് ബ്രാഹ്മണി നദിയ്ക്കു സമീപം ഒരു തുരുത്തിലുണ്ടെന്ന് വിവരം ലഭിച്ച് അങ്ങോട്ട് നീങ്ങിയ സൈന്യം നദി കടക്കാനാവാതെ നിന്നു.അവിടെ തന്റെ കൊച്ചുവഞ്ചിയുമായി കാവല്‍ നിന്നിരുന്ന ബാജിയോട് അക്കരയ്ക്ക് വഞ്ചി തുഴയാന്‍ അവര്‍ ആവശ്യപ്പെട്ടു..കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും അവന്‍ സമ്മതിച്ചില്ല.

കുപിതനായ ഒരു ഭടന്‍ തോക്ക് കൊണ്ട് ബാജിയുടെ തലയില്‍ ആഞ്ഞടിച്ചു…അവന്‍ രക്തത്തില്‍ കുളിച്ചു താഴെ വീണു.വീണ്ടും എഴുന്നേറ്റ് “പ്രജാമാണ്ഡലത്തിനു കീഴടങ്ങൂ ആദ്യം” എന്നവന്‍ ഉറക്കെപ്പറഞ്ഞു..അത് മറ്റു ഗ്രാമവാസികള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു.അടുത്ത ആക്രമണത്തില്‍ തോക്കിന്‍റെ ബയനട്ട് അവന്‍റെ കൊച്ചുതലയോട്ടി തുളച്ചു കയറി.. മറ്റൊരാള്‍ വെടിയുതിര്‍ത്തു.പതിമൂന്നുവയസ്സ് മാത്രമുള്ള ആ കൊച്ചുബാലന്‍ ഭാരതമാതാവിന്റെ മടിത്തട്ടിലേയ്ക്ക് മരിച്ചുവീണു.

ആ ക്രൂരത കണ്ടുനിന്ന ഒരാള്‍ ഗ്രാമവാസികളെ വിവരമറിയിച്ചു..അവര്‍ എല്ലാം മറന്നു ചാടിവീണ് ഭടന്മാരെ ആക്രമിച്ചു..രംഗം സന്ഘര്‍ഷഭരിതമായപ്പോള്‍ ബൈഷ്ണവിനെ സൈന്യം മറന്നു .ചെറുത്തുനില്‍ക്കാനാവാതെ അവര്‍ രക്ഷപ്പെട്ടു.പോകുന്നവഴിയില്‍ ആള്‍ക്കൂട്ടത്തിനു തീ വച്ചു.നാലുപേര്‍ വെന്തുമരിച്ചു.

തുടര്‍ന്ന് സംഭവിച്ചത് വികാരനിര്‍ഭരമായ രംഗങ്ങള്‍ ആയിരുന്നു.ബൈഷ്ണവ് ആ മൃതശരീരങ്ങള്‍ ട്രെയിനില്‍ കട്ടക്കിലെത്തിച്ചു..വിവരമറിഞ്ഞ് തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകളും പ്രമുഖ നേതാക്കളും റെയില്‍വേസ്റെഷനില്‍ ഒത്തുചേര്‍ന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി..തുടര്‍ന്ന്‍ ഘോഷയാത്രയായി ശ്മശാനത്തിലെയ്ക്ക് .. ഒറീസ്സയിലെ ജനങ്ങള്‍ക്ക് കാളവണ്ടികള്‍ ദൈവികമാണ്..മൃതശരീരം വഹിയ്ക്കാന്‍ അവര്‍ ആ വണ്ടികള്‍ ഉപയോഗിച്ചു എന്നതുതന്നെ ആ രക്തസാക്ഷികളോട് അവര്‍ക്കുള്ള ഗാഢമായ ബഹുമാനവും സ്നേഹവും വെളിവാക്കി..ഘോഷയാത്ര കടന്നുപോയ തെരുവുകളിലെ ഓരോ ജനങ്ങളും ദേശസ്നേഹിയായ ആ ബാലന്‍റെ കൌമാരം വിട്ടുമാറാത്ത ശരീരം കണ്ടു കണ്ണീര്‍ പൊഴിച്ചു.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയെ ഭാരതമാതാവ് നിത്യതയിലേയ്ക്കുയര്‍ത്തി.

തുടര്‍ന്നുവന്നത് പ്രക്ഷോഭത്തിന്റെ നാളുകളായിരുന്നു.സ്വാതന്ത്ര്യസമരം കൊടുംകാറ്റായി.മാറ്റങ്ങളുണ്ടായി.ഒടുവില്‍ ഇന്ത്യ സ്വതന്ത്രയുമായി..ഒരുപാട് ദേശസ്നേഹികള്‍ രാജ്യത്തെ അടിമത്തത്തില്‍ നിന്ന് മോചിപ്പിയ്ക്കാന്‍ ജീവിതം ബലി നല്‍കി..ഈ കൊച്ചുബാലന്റെ ത്യാഗം അനശ്വരമായി.

ഇത്തരം ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലും നമ്മോട് പറയാതെ പറയുന്ന ചില സത്യങ്ങളുണ്ട്.സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവുമൊന്നും ഒരു ആഘോഷം മാത്രമല്ല..ദേശീയഗാനം വെറും അധരവ്യായാമമല്ല..രക്തസാക്ഷികള്‍ പാഠപുസ്തകങ്ങളിലെ അദ്ധ്യായങ്ങള്‍ മാത്രവുമല്ല..രാജ്യത്തോട് ഓരോ പൌരനുമുള്ള കടമയുടെയും സമര്‍പ്പണത്തിന്റെയും ഏറ്റവും ഉല്‍കൃഷ്ടമായ ഉദാഹരണങ്ങളാണ്…ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ ഭേദങ്ങള്‍ക്ക് അതീതമായി ഒരേ മനസ്സോടെ അണിചേര്‍ന്നുനിന്നുകൊണ്ട് സൂര്യനസ്തമിയ്ക്കാത്ത ഒരു സാമ്രാജ്യത്തെ പരാജയപ്പെടുത്തി ഒരു രാജ്യം സ്വാതന്ത്ര്യത്തിലേയ്ക്ക് ഉയിര്‍ത്തെഴുന്നേറ്റതിനറെ പവിത്രമായ ഒരു വിജയഗാഥയും…ജയ് ഹിന്ദ്.

shortlink

Post Your Comments


Back to top button