KeralaNews

കൊച്ചിയില്‍ ഡി ജെ പാര്‍ട്ടിയില്‍ റെയ്ഡ്: മയക്കുമരുന്ന് കൈവശം വെച്ചതിന് ഡി.ജെ അറസ്റ്റില്‍

കൊച്ചിയിലെ മുളവുകാട് ദ്വീപില്‍ നടന്ന നിശാപാര്‍ട്ടിക്കിടെ പൊലീസ് റെയ്ഡ് നടത്തി. ലഹരിമരുന്നുമായെത്തിയ ഡി.ജെയെ പോലീസ് അറസ്റ്റ് ചെയ്തു. നിശാപാര്‍‍ട്ടി സംഘടിപ്പിച്ചവരെക്കുറിച്ച് അന്വേഷണം തുടങ്ങി.

ഹാളിനോട് ചേര്‍ന്നുള്ള കിടപ്പുമുറികള്‍ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. നിശാപാര്‍‍ടിയുടെ ഡി.ജെ ആയ തിരുവനന്തപുരം സ്വദേശി ഇവാനെ പൊലീസ് അറസ്റ്റുചെയ്തു. മണ്‍സൂണ്‍ നൈറ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയായിരുന്നു ടിക്കറ്റ് വില്‍പ്പന. ബീച്ച് ബിക്കിനിയിലുളള ഫാഷന്‍ ഷോ ഉണ്ടെന്നും ഇടപാടുകാരോട് പറഞ്ഞിരുന്നു. ഇതുകേട്ടാണ് നിരവധിപ്പേര്‍ എത്തിയത്. പൊലീസ് പരിശോധനയെത്തുടര്‍ന്ന് നിശാപാര്‍ട്ടി ഉപേക്ഷിച്ചു.

ഒന്‍പതു മണിയോടെ ദ്വീപിലെത്തിയ പൊലീസ് പാര്‍ട്ടി നടക്കാനിരുന്ന സ്ഥലത്തേക്ക് ഇരച്ചുകയറി. നിശാപാ‍ര്‍ട്ടി തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു പരിശോധന. അര്‍ദ്ധനഗ്ന നൃത്തത്തിനായി ഒരുങ്ങിനിന്നിരുന്ന നിരവധിപ്പേരാണ് അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നത്‍. ബാഗുകളും മറ്റും പൊലീസ് പരിശോധിച്ചു. 150ഓളം പേര്‍ നിശാ പാര്‍ട്ടിക്കായി എത്തിയിരുന്നു.

shortlink

Post Your Comments


Back to top button