Kerala

വസ്ത്ര വ്യാപാരശാലകളിലും ഹോം അപ്ലയന്‍സസ് വ്യാപാര സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന

തിരുവനന്തപുരം ● ലീഗല്‍ മെട്രോളജി വകുപ്പ് തിരുവനന്തപുരം ജില്ലയിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും, ഹോം അപ്ലയന്‍സസ് വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഉല്പന്ന പാക്കറ്റുകളില്‍ നിയമാനുസരണം വേണ്ട പ്രഖ്യാപനങ്ങള്‍ ഇല്ലാതിരിക്കുക, പ്രഖ്യാപിത എം.ആര്‍.പിയില്‍ കൂടുതല്‍ വില ഈടാക്കുക, എം.ആര്‍.പി തിരുത്തുക, മറയ്ക്കുക തുടങ്ങിയ ചട്ട ലംഘനങ്ങളും അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കാതെ ഉപയോഗിക്കുക, അവ മുദ്ര പതിപ്പിച്ചതിന്റെ രേഖകള്‍ ഹാജരാക്കാതിരിക്കുക, അളവില്‍ കുറച്ച് വില്പന നടത്തുക തുടങ്ങിയ നിയമ ലംഘനങ്ങളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

നിയമലംഘനങ്ങള്‍ കണ്ടെത്തിയ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഓണക്കാലത്ത് ഉപഭോക്തൃ ചൂഷണം വ്യാപകമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് അസിസ്റ്റന്റ് കണ്‍ട്രോളര്‍മാര്‍ അറിയിച്ചു.

സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാലിന്റെ നിര്‍ദേശാനുസരണം ദക്ഷിണ മേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ റീനാ ഗോപാലാണ് ദക്ഷിണ മേഖലയിലെ പരിശോധനകള്‍ ഏകോപിപ്പിച്ചത്. ജില്ലയില്‍ തിരുവനന്തപുരം അസിസ്റ്റന്റ് കണ്‍ട്രോളര്‍ എസ് ശിവകുമാരന്‍ നായര്‍, ഫ്‌ളൈയിംഗ് സ്‌ക്വാഡ് അസിസ്റ്റന്റ് കണ്‍ട്രോളര്‍മാര്‍ ബി.എസ്. അജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പരിശോധനയില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ് ജയ, ഇന്‍സ്‌പെക്ടര്‍മാരായ എസ്. ശ്രീകുമാര്‍, വി.എല്‍. അനില്‍ കുമാര്‍, എ.രതീഷ്, പി.റ്റി. ശ്രീകാന്ത്, ബി. പ്രീയ, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റുമാരായ ജി.എസ്. പ്രേമചന്ദ്രന്‍, സി.ഇ. ജോസ്, എന്‍.എസ്. പ്രകാശന്‍, സി. വേണുഗോപാലന്‍, ബി. ദിജി, സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ 0471249622, 2494752 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button