IndiaNews

കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ റെയ്ഡിന് പിന്നിലും വിദേശ കള്ളപ്പണ ഇടപാടുകള്‍ : എന്‍.ഡി.ടി.വിയുടെ തട്ടിപ്പ് : അന്വേഷണം കോണ്‍ഗ്രസുകാരിലേക്കും എത്തിയേക്കും

എന്‍.ഡി.ടി.വിക്കെതിരേയുള്ള അന്വേഷണം കോണ്‍ഗ്രസ് നേതാക്കളെയും പ്രതിക്കൂട്ടിലാക്കുമെന്ന് സൂചനകള്‍. കോടിക്കണക്കിനുരൂപ വിദേശത്തുനിന്നു ഇന്ത്യയിലെത്തിക്കാന്‍ ടിവിചാനല്‍ സ്വീകരിച്ച നീക്കങ്ങള്‍ സംശയാസ്പദമാണ്. അതിനു എവിടെനിന്നു പണം വന്നു എന്നതും വ്യക്തമല്ല. എന്നാല്‍ എയര്‍സെല്‍ -മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട ഏതാണ്ട് 50 മില്യണ്‍ യു.എസ് ഡോളര്‍ അവര്‍ക്കുകിട്ടിയതായി വ്യക്തമായിട്ടുണ്ട്. അതാണ് ടെലികോം അഴിമതിയുടെ വിഹിതവും അവരിലൂടെ ഇന്ത്യയിലെത്തിയോ എന്നത് അന്വേഷണ വിധേയമാക്കുന്നത്. മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരത്തിനും മകന്‍ കാര്‍ത്തിക് ചിദംബരത്തിനും മറ്റും എയര്‍സെല്‍ മാക്‌സിസ് തട്ടിപ്പിലുള്ള പങ്ക് സംബന്ധിച്ച് ഇതിനകം തന്നെ ചില സൂചനകള്‍ പുറത്തുവന്നതാണല്ലോ. അതിന്റെ കണ്ണികള്‍ കോണ്‍ഗ്രസിലേക്കും നീങ്ങാനിടയുണ്ടെന്ന് കരുതുന്നവര്‍ അനവധിയാണ്. കോണ്‍ഗ്രസ് നേതൃത്വവുമായി എന്‍.ഡി.ടി.വിക്കുള്ള ബന്ധമാണ് അതിനുകാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. അതുമെല്ലാം അന്വേഷണവിധേയമാവുമെന്നാണ് സൂചനകള്‍.

വിദേശത്തു സഹ ( സബ്‌സിഡിയറി ) കമ്പനിയുണ്ടാക്കുകയും പിന്നീട് അതിനു ലഭിക്കുന്ന പണം ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യുക എന്നത് കഴിഞ്ഞ കുറച്ചുകാലമായി പലരും നടത്തിവരുന്നുണ്ട്. അതിനായി ഇന്ത്യയുമായി സാമ്പത്തിക ക്രിമിനല്‍ കുറ്റവാളികളെ കൈമാറാനും വിവരങ്ങള്‍ നല്‍കാനുമൊക്കെ ധാരണയുണ്ടാക്കിയിട്ടില്ലാത്ത രാജ്യങ്ങളിലാണ് പലരും കമ്പനികള്‍ തുടങ്ങിയത്. മൗറീഷ്യസ് അതിനൊരു ഉദാഹരണം. മറ്റൊന്നാണ് കേയ്മാന്‍ ദ്വീപുകള്‍. എന്‍.ഡി.ടി.വി ആശ്രയിച്ചത് കേയ്മാന്‍ ദ്വീപുകളെയാണ് . പിന്നെ ലണ്ടനിലും അവര്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു. അവിടെത്തന്നെ രാഹുല്‍ ഗാന്ധിയും ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തതായി ആക്ഷേപമുയര്‍ന്നത് ഓര്‍ക്കുക. അതിനുതാന്‍ ബ്രിട്ടീഷ് പൗരനാണ് എന്നുള്ള രേഖകള്‍ കാണിച്ചുവെന്നതും മറ്റും നാം കേട്ടതാണ്. ആ പ്രശ്‌നമിപ്പോള്‍ പാര്‍ലമെന്റിന്റെ എത്തിക്ക്‌സ് കമ്മിറ്റിയുടെ മുന്നിലുണ്ട് എന്നാണ് സൂചന. പറഞ്ഞുവന്നത് വിദേശത്തുനിന്നു കള്ളപ്പണം ഇന്ത്യയിലെത്തിച്ചതിനുപിന്നിലെ വസ്തുതകള്‍ അന്വേഷിക്കേണ്ടതുണ്ട്.

കേരളത്തിലെ ചില എന്‍.ബി.എഫ്.സികള്‍ ( ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ) ഇത്തരം കള്ളത്തരങ്ങള്‍ക്കു കൂട്ടുനിന്നുവെന്ന ആക്ഷേപവും ഈ വേളയില്‍ സ്മരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ചില പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ ആദായ നികുതി എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നടത്തുന്ന പരിശോധന അതിന്റെ ഭാഗമാണ്. അത്തരം അനവധി സ്ഥാപനങ്ങളില്‍ നടന്നുവരുന്ന റെയ്ഡ് , പരിശോധനകള്‍ എന്നിവ കള്ളപ്പണത്തിന്റെ ഒരു വലിയ ശൃംഖല തന്നെ പുറത്തുകൊണ്ടുവന്നിട്ടുണ്ട് എന്നാണ് അനൗദ്യോഗികമായി അധികൃതര്‍ പറയുന്നത്. ചില ഭീകര പ്രസ്ഥാനങ്ങള്‍ ഇന്ത്യയിലേക്ക് പണമെത്തിച്ചതിന്റെ പേരിലും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് ഏറെ ആശങ്കകള്‍ ഉണ്ടാക്കുന്നത്. രാഷ്ട്രീയക്കാരുടെ കള്ളപ്പണം സൂക്ഷിക്കുന്നതും അത് ബിനാമി പേരുകളില്‍ ഡെപ്പോസിറ്റ് ചെയ്യുന്നതും സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചത് ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുമാണ്. യു.എ.ഇ , സൗദി അറേബ്യ പോലുള്ള ചില രാജ്യങ്ങള്‍ അടുത്തിടെ നല്‍കിയ വിവരങ്ങളും അന്വേഷണത്തിന് സഹായകരമായി എന്നറിയുന്നു. ഭീകര വിരുദ്ധ നീക്കത്തിന്റെ ഭാഗമായാണ് ആ രാജ്യങ്ങള്‍ ചില സുപ്രധാനവിവരങ്ങള്‍ ഇന്ത്യക്കു നല്‍കിയത്.

എന്‍.ഡി.ടി.വി നടത്തിയ തട്ടിപ്പിനെ വിദേശനാണ്യ ചട്ട ലംഘനമെന്ന നിലക്കുകണ്ട് പ്രശ്‌നം കുറെ തുക പിഴ ചുമത്തി അവസാനിപ്പിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിച്ചത്. യഥാര്‍ത്ഥത്തില്‍ അതൊരു ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ്. എവിടെനിന്നു പണം ലഭിച്ചു, ആരാണ് അതിനു ഇടനിലക്കാര്‍, അതില്‍ ആര്‍ക്കെല്ലാം എന്തെല്ലാം താല്പര്യങ്ങളുണ്ട് എന്നതെല്ലാം സമഗ്രമായ അന്വേഷണ വിധേയമാവേണ്ടതുണ്ട്. അതാണിപ്പോള്‍ ഡോ. സുബ്രമണ്യന്‍ സ്വാമി ഉന്നയിച്ചിരിക്കുന്നത്. സ്വാമി ലക്ഷ്യമിടുന്നത് എന്‍.ഡി.ടി.വിയെ മാത്രമല്ല എന്ന് വ്യക്തം. അതിനുപിന്നില്‍ രാജ്യത്തെ വലിയ അഴിമതിയുടെ ഒരു കണ്ണിയുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ നിലപാട് എന്നുവേണം കരുതാന്‍.

അനധികൃത വിദേശ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ എന്‍.ഡി.ടി.വിയുടെ ഭാവിയെത്തന്നെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളമായി കോണ്‍ഗ്രസിനുവേണ്ടി ‘പടപൊരുതുന്ന’ ചാനലിന് വിദേശത്തുനിന്നുമാത്രമല്ല എയര്‍സെല്‍ മാക്‌സിസ് ഇടപാടിന്റെ ഭാഗമായും കോടികള്‍ ലഭിച്ചുവെന്നാണ് ഡോ. സ്വാമി ചൂണ്ടിക്കാട്ടിയത്. അത് അഴിമതിപ്പണമാണ് എന്നും കള്ളപ്പണമാണ് എന്നും ആ ഇടപാടിന്റെ പേരില്‍ ചാനലിനും അതിന്റെ തലപ്പത്തുള്ളവര്‍ക്കുമെതിരെ സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ( ഇ ഡി ) അന്വേഷണത്തിന് ഉത്തരവിടണമെന്നും സ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 2,670 കോടിയുടെ തട്ടിപ്പാണ് എന്‍.ഡി.ടി.വി നടത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. നേരത്തെ 640 കോടിയുടെ ഒരു തട്ടിപ്പിന്റെ പേരില്‍ ആദായ നികുതി വകുപ്പ് ഇതേ ചാനലിന് 525 കോടിരൂപ ഫൈന്‍ ചുമത്തിയിരുന്നു. പ്രണോയ് റോയ് ആണ് എന്‍.ഡി.ടി.വിയുടെ അധിപന്‍. അദ്ദേഹത്തിന്റെ ഭാര്യ രാധിക റോയ് സി.പി.എം നേതാവ് പ്രകാശ് കാരാട്ടിന്റെ ഭാര്യയും പോളിറ്റ് ബ്യൂറോ അംഗവുമായ വൃന്ദ കാരാട്ടിന്റെ സഹോദരിയാണ്.

ഡോ. സ്വാമിയുടെ രംഗപ്രവേശത്തോടെയാണ് എന്‍.ഡി.ടി.വി വിഷയത്തിലെ മുഴുവന്‍ കഥകളും വെളിച്ചത്താവുന്നത് . വിദേശത്തു കമ്പനി രൂപീകരിച്ചും മറ്റും പണം വെട്ടിപ്പും നികുതി വെട്ടിപ്പുമൊക്കെ നടത്തുകയാണ് അവര്‍ ചെയ്തതെന്ന് അദ്ദേഹം പ്രധാനമന്ത്രിക്കുനല്‍കിയ കത്തില്‍ പറയുന്നു. ( കത്തിന്റെ പൂര്‍ണരൂപം ഇതൊന്നിച്ചുണ്ട് .). എയര്‍സെല്‍ മാക്‌സിസ് ഇടപാട് നടന്ന സമയത്തുതന്നെ അവരുടെ സഹ സ്ഥാപനമായ ആസ്‌ട്രോ ആള്‍ ഏഷ്യ നെറ്റ് വര്‍ക്‌സില്‍ നിന്ന് എന്‍.ഡി.ടി.വിക്ക് 50 മില്യണ്‍ യു.എസ് ഡോളര്‍ കിട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ബ്രിട്ടനിലെ കോടതിയെ അറിയിച്ചിട്ടുമുണ്ട്.എന്നാല്‍ എയര്‍സെല്‍ മാക്‌സിസ് കേസില്‍ എന്‍.ഡി.ടി.വിയെ പെടുത്താന്‍ സി.ബ.ിഐ ഇനിയും തയ്യാറായിട്ടില്ല. പണം തട്ടിപ്പും അഴിമതിയും സംബന്ധിച്ച് അവരെയും കേസില്‍ പ്രതിചേര്‍ക്കേണ്ടതായിരുന്നു, അദ്ദേഹം കത്തില്‍ പറയുന്നു. എയര്‍സെല്‍ മാക്‌സിസ് ഇടപാട് അനധികൃതമാണ് എന്നും അതിനു പിന്നിലുണ്ടായിരുന്നത് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരമാണ് എന്നും വ്യക്തമാണ്. എങ്കില്‍ പിന്നെ ആരാണ് ഇത്രയും പണം എന്‍.ഡി.ടി.വിക്ക് നല്കാന്‍ നിര്‍ദ്ദേശിച്ചത് എന്നത് അന്വേഷിക്കേണ്ടതായിരുന്നു. അത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ എന്‍.ഡി.ടി.വിയുടെ തലപ്പത്തുള്ളവരെ ചോദ്യം ചെയ്യണം. ദൗര്‍ഭാഗ്യവശാല്‍ അതിനുള്ള നീക്കങ്ങള്‍ സി.ബി.ഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ ഇനിയും നടത്തിയിട്ടില്ലെന്നും സ്വാമി പരാതിയില്‍ പറയുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനകം തന്നെ ഫെമ ലംഘനത്തിന് എന്‍.ഡി.ടി.വിക്കെതിരേ കേസെടുത്തിരുന്നു. 2,030 കോടിയാണ് അതിലുള്‍പ്പെട്ടത് . അത്രയും തുക ഫൈന്‍ അടക്കാനാണ് നിര്‍ദ്ദേശം. അതിപ്പോള്‍ ആര്‍ബിട്രേഷനിലാണ്. ആര്‍.ബി.ഐ തലവനാണ് അതിലിടപെട്ടിരിക്കുന്നത് . എന്നാലത് ഫെമയില്‍ പെടുത്താവുന്ന കേസല്ലെന്നും മറിച്ചു സാമ്പത്തിക ക്രമക്കേടായി കാണേണ്ടതുണ്ടെന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നു. ലണ്ടനില്‍ ഒരു കമ്പനി രൂപീകരിച്ചു കള്ളപ്പണം ഇന്ത്യയിലേക്ക് വഴിവിട്ടുകൊണ്ടുവരുകയാണ് ചെയ്തത്. എന്‍.ഡി.ടി.വി നെറ്റ് വര്‍ക്‌സ് പി.എല്‍.സി എന്നതാണ് ആ ലണ്ടന്‍ കമ്പനിയുടെ പേര്. അതിന്റെയും എന്‍.ഡി.ടി.വിയുടെയും ഡയറക്ടര്‍മാര്‍ ഒന്നുതന്നെയാണ്. അവര്‍ പ്രണോയ് റോയ്, രാധിക റോയ്, ബര്‍ഖാ ദത്ത് , വിക്രം ചന്ദ്ര, സോണിയ സിങ്, സുപര്‍ണ സിങ് എന്നിവര്‍ സ്വാമി പറയുന്നു.

ഇവിടെ നാം മറന്നുപോകാന്‍ പാടില്ലാത്ത മറ്റൊരു കാര്യം നീര റാഡിയ ടേപ്പുകള്‍ സംബന്ധിച്ച വിവരങ്ങളാണ്. അതിലുള്‍പ്പെട്ടയാളാണ് എന്‍.ഡി.ടി.വിയുടെ ഒരു ഡയറക്ടര്‍. അവരുടെ ശബ്ദരേഖ അന്ന് വെളിച്ചം കണ്ടതുമാണ്. അക്കാലത്ത് ടിവി സ്‌ക്രീനില്‍ നിന്നും ഒഴിഞ്ഞുനിന്ന അവരിപ്പോള്‍ പലപ്പോഴും ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്ന ഒരു ആക്ഷേപത്തിന് വിധേയയാവുന്നുണ്ട്. ഈ മാധ്യമത്തിലെ ചിലര്‍ക്ക് പാക്കിസ്ഥാനിലെ അധികൃതരുമായുള്ള ബന്ധവും സംശയാസ്പദമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അതെല്ലാം ഇന്നിപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കെ.വി.എസ്.ഹരിദാസ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button