വൈപ്പിന്‍: ദൈവസഭ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാലയത്തില്‍ സംഭവിച്ച വൃദ്ധയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരും യഹോവസാക്ഷികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ചെറായി ജനത സ്റ്റോപ്പിന് പടിഞ്ഞാറ് ഭാഗത്തുള്ള യഹോവസാക്ഷി പ്രാര്‍ത്ഥനാലയത്തിലാണ് സംഭവം. മുനമ്പം തേരോത്ത് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ശോഭ സെബാസ്റ്റ്യന്‍ ആണ് തിങ്കളാഴ്ച പ്രാര്‍ത്ഥനാലയത്തില്‍ മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരനും സഹോദരിയും നാട്ടുകാരും ആരോപിച്ചു. ക്യാന്‍സര്‍ രോഗബാധിതയായ ഇവര്‍ക്ക് കാര്യമായ ചികിത്സകള്‍ നല്‍കിയിരുന്നില്ലത്രേ. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുനമ്പം പോലീസ് സ്ഥലത്തെത്തി. ഇതിനകം മൃതദേഹം സംസ്‌കരിക്കുന്നതിന് യഹോവസാക്ഷികളുടെ പള്ളുരുത്തിയിലുള്ള മാക്‌പേല സെമിത്തേരിയിലേക്ക് കൊണ്ടുപോയിരുന്നു. പോലീസ് ഇടപെട്ട് മൃതദേഹം തിരികെ പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കുമാറ്റി. പോസ്റ്റുമോര്‍ട്ടം ഇന്നു നടക്കും
രോഗബാധിതയായ ശോഭയെ ചികിത്സിക്കുന്നതിന് ബന്ധുക്കള്‍ ഒരാഴ്ചമുമ്പ് പ്രാര്‍ത്ഥനാലയത്തില്‍ എത്തിയിരുന്നുവെങ്കിലും അതിന്റെ നടത്തിപ്പുകാര്‍ സമ്മതിച്ചില്ല. ധനികയായിരുന്ന ശോഭ സെബാസ്റ്റ്യന്റെ സ്വത്തുകള്‍ ഈ പ്രാര്‍ത്ഥനാലയത്തിന് നല്‍കിയിരുന്നു. ഇവരുടെ രണ്ടു മക്കളും ഇവര്‍ക്കൊപ്പം യഹോവസാക്ഷികളാണ്. വിദേശത്തുള്ള മകള്‍ക്ക് മരണത്തില്‍ പരാതിയുണ്ടെന്ന് അറിയുന്നു.
പ്രാര്‍ത്ഥനാലയം ഇവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുവര്‍ഷമായി. പകലും രാത്രിയിലും പുലര്‍ച്ചെയും കൈകൊട്ടി ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുപാടിയും മറ്റും പ്രാര്‍ത്ഥിക്കുന്നതില്‍ നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ട്. പോലീസിലും മറ്റും പരാതിയും നല്‍കിയിരുന്നു. ചികിത്സ കിട്ടാത്തതിനാല്‍ ഇതിനുമുമ്പും ഇവിടെ മരണം നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. പ്രാര്‍ത്ഥനാലയത്തിന് മുന്‍വശം ഭൂമിക്കടിയില്‍ നിലവറ നിര്‍മ്മിച്ചിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. പ്രാര്‍ത്ഥനാലയത്തിന്റെ മുഖ്യ ചുമതലക്കാരന്‍ ജോണ്‍സനെ പോലീസ് ചോദ്യം ചെയ്തു. ഇപ്പോള്‍ നടന്ന മരണത്തെക്കുറിച്ചും ഇതിനുമുമ്പ് നടന്ന എട്ടോളം മരണങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Post Your Comments