കെവിഎസ് ഹരിദാസ്
വെറുമൊരു നാടൻ പലചരക്കുകടക്കാരന് പത്തുവർഷം കൊണ്ട് പതിനായിരം കോടിയുടെ ഉടമയാവാൻ കഴിഞ്ഞതിന്റെ ചിത്രവും അവിടെ തുറന്നുകാട്ടപ്പെടുന്നുണ്ട്. ഇത്തരമൊരു കുംഭകോണം നടന്നത് മറ്റെവിടെയുമല്ല, ഇന്ത്യയിലാണ് ; നമ്മുടെ യുപിയിൽ. പിന്നാക്കക്കാരുടെ അരുമയായ മായാവതിയുടെ കക്ഷിയുടെ നേതാവുകൂടിയാണ് ഈ കോടീശ്വരൻ, മുഹമ്മദ് ഇക്‌ബാൽ. വെറും എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള അയാളിന്ന് ഉത്തര്‍പ്രദേശിലെ പലരുടെയും കണ്ണിലുണ്ണിയാണ്. പക്ഷെ, നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയതോടെ പരാതികൾ അന്വേഷിക്കാൻ തുടങ്ങി. ഇന്നിപ്പോൾ പ്രശ്നം സുപ്രീം കോടതിയിലാണ്. ഒരാൾക്കും ചിന്തിക്കാനാവാത്ത വിധം പണമുണ്ടാക്കിയത് രാഷ്ട്രീയ സ്വാധീനം കൊണ്ടുമാത്രമാണോ അതോ മറ്റെന്തെങ്കിലും ഹവാല പോലുള്ള ഇടപാടുകൾ കൂടിയുണ്ടോ, അതോ അഴിമതി പണമാണോ എന്നതെല്ലാം ഇന്നിപ്പോൾ അന്വേഷണത്തിന്റെ പരിധിയിലാണ്. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി സംബന്ധിച്ച ഒരു കുംഭകോണത്തിന്റെ അന്വേഷണത്തിനിടെയാണ് ഇയാളുടെ റോൾ ശ്രദ്ധയിൽ പെട്ടതെന്നു എൻഫോഴ്‌സ്‌മെന്റ് അധികൃതർ സൂചന നൽകുന്നുണ്ട്.
മായാവതി അടുത്തിടെ പാർലമെന്റിലും പുറത്തുമൊക്കെ ബിജെപിക്കെതിരെ ആഞ്ഞടിക്കുന്നത് നാമൊക്കെ കണ്ടുവല്ലോ. അതിനു കാരണം യുപി തിരഞ്ഞെടുപ്പാണ് എന്നാണ് പലരും കരുതിയത്. എന്നാലതല്ല, കേന്ദ്ര ഏജൻസികൾ തന്റെ വിശ്വസ്തനിലേക്ക് കടന്നുചെല്ലുന്നതാണ് പ്രശ്നമെന്ന് തലസ്ഥാനത്തുള്ളവർ കരുതുന്നു. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ടുനടന്ന വൻ അഴിമതിയുടെ ചരിത്രം പുറത്തുവരുമെന്ന ഭയം കൊണ്ടാണ് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. പതിനായിരം കോടി രൂപയുടെ തട്ടിപ്പാണ് അതെന്നാണ് ആദ്യമേ ലഭിക്കുന്ന സൂചനകൾ. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയുടെ ചുരുൾ അഴിയുകയാണ് എന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ ഏജൻസി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലം കാണിക്കുന്നത്. ഒരു പക്ഷെ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു മറ്റുചില ഏജൻസികളും അന്വേഷണത്തിലിടപെടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കോടികളുടെ തട്ടിപ്പെന്ന് സുബ്രമണ്യൻ സ്വാമി ആക്ഷേപിച്ച നാഷണൽ ഹെറാൾഡ് കേസ് ഉയർന്നുവന്നപ്പോൾ സോണിയയും കോൺഗ്രസും നരേന്ദ്ര മോഡി സർക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നതുപോലെ തന്നെയാണ് മായാവതിയും രോഷം കൊള്ളുന്നത് എന്നര്‍ത്ഥം.
യുപിയിലെ മിർസാപ്പൂർ ഗ്രാമത്തിലാണ് മുഹമ്മദ് ഇഖ്ബാൽ ജനിച്ചത്. അവിടെത്തന്നെ വിദ്യാഭ്യാസം, എട്ടാം ക്‌ളാസ് വരെ. പിന്നെ അവിടെയൊരു പലചരക്കുകട. ഇതാണ് ആ ഗ്രാമത്തിലുള്ളവർക്ക് അയാളെക്കുറിച്ചു അറിയാവുന്നത് . എന്നാൽ ഏറ്റവുമൊടുവിൽ ജനപ്രതിനിധി.കോം നൽകുന്ന വിവരമനുസരിച്ചു അയാൾക്ക് 80,84,090 രൂപയുടെ കാർഷിക ഭൂമി സ്വന്തമായുണ്ട്. കാർഷികേതര ഭൂമി 90,14,760 കോടിയുടെയും, കെട്ടിടങ്ങളും ഷോപ്പിംഗ് കോംപ്ലെക്സും ഏതാണ്ട് 65,64, 000 രൂപയുടെയുമുണ്ട് . ബാങ്ക് നിക്ഷേപം 1,43,30,030 രൂപയും എൽഐസി തുടങ്ങിയ വകയിലെ നിക്ഷേപങ്ങൾ 33,58,198 രൂപയും, ബോണ്ട് തുടങ്ങിയവ 50,03,010, മറ്റു ആസ്തികൾ 1, 34,00,000 രൂപയും ഒക്കെയാണ്. ഇതൊക്കെ കണക്കിൽ പെടുന്ന കാര്യങ്ങളാണ്. അതിനപ്പുറമാണ് എല്ലാം. എന്നാലിതൊന്നുമല്ല മായാവതിയുടെ വിശ്വസ്തനായ മുഹമ്മദ് ഇഖ്ബാലിന്റെ പ്രശ്നം. തട്ടിപ്പിന്റെ തട്ടിപ്പാണത്. അതാണിപ്പോൾ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. ഒരു പലചരക്കുകട നടത്തിയിരുന്നയാൾക്ക് എങ്ങിനെയിത്ര വേഗം ഈ നിലയിലേക്ക് എത്താനായി എന്നത് ആശ്ചര്യകരം തന്നെ. ഈ വളർച്ചക്കിടെയാണ് മായാവതി അയാളെ എം എൽ സിയാക്കിയത്. ബിനാമി ഇടപാടിന് കിട്ടിയ പ്രതിഫലമാണ് അതെന്നു അന്നുതന്നെ ബിഎസ്‌പിയിൽ ആക്ഷേപമുയർന്നിരുന്നു. അതുമാത്രമല്ല ഷഹരൺപൂരിൽ അനധികൃത ഖനനം നടത്തിയതിനു നടപടി തുടങ്ങിയെങ്കിലും അതും തടയപ്പട്ടു. മായാവതി ആണ് അന്നതിൽ താല്പര്യമെടുത്തത്.
യുപിയിലെ അൽസമ്പുർ ബർത്ത ഗ്രാമത്തിലെ ഗ്രാമ തലവൻ രൺവീർ സിങ്ങാണ് പ്രശ്നം ഒരു പൊതുതാൽപര്യ ഹർജിയിലൂടെ സുപ്രീം കോടതിയിലെത്തിച്ചത്. സംഭവങ്ങൾ ആരാഞ്ഞ സുപ്രീംകോടതി ഉന്നയിച്ച ആക്ഷേപങ്ങളെക്കുറിച്ചു അന്വേഷിക്കാൻ ഏജൻസികൾക്കു നിർദ്ദേശവും നൽകി. മുൻപ് മായാവതി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന ബാബു സിങ് കുഷാവയുടെ സ്വന്തമാളായിരുന്നു മുഹമ്മദ് ഇഖ്‌ബാൽ . കുഷാവാ ആവട്ടെ മായാവതിയുടെ അടുത്തയാളും. അക്കാലത്താണ് രാജ്യത്തെ ഞെട്ടിച്ച ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ ( എൻ എച് ആർഎം ) തട്ടിപ്പ് അരങ്ങേറിയത്. അന്വേഷണം തുടങ്ങിയെങ്കിലും മുൻ മന്ത്രിയും മുഹമ്മദ് ഇക്‌ബാലും ഓരോരോ കാരണം പറഞ് ഏജൻസികളിൽനിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഓ) ആണ് ഇക്കാര്യത്തിൽ ഒരു അന്വേഷണം നടത്തിയത്. അവരുടെ പ്രാഥമിക റിപ്പോർട്ട് ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് മുൻപാകെ ഫയൽ ചെയ്തിട്ടുണ്ട്. ഏതാണ്ട് 111 കമ്പനികളാണ് മുഹമ്മദ് ഇഖ്ബാൽ രൂപീകരിച്ചതെന്നും അതിലൂടെയാണ് വലിയ തട്ടിപ്പു നടന്നതെന്നുമാണ് അവർ നൽകുന്ന സൂചന. 111 കമ്പനികളിൽ 85 എണ്ണത്തിനും ഒരു ലക്ഷം രൂപ വീതം മാത്രമാണ് ഷെയർ കാപ്പിറ്റൽ. കാര്യമായ ഒരു ബിസിനസ്സും നടത്താത്ത ഈ കമ്പനികൾക്ക് ഏതാണ്ട് 118.73 കോടി രൂപ ഷെയർ അപ്ലിക്കേഷൻ വകയിൽ ലഭിച്ചിരിക്കുന്നു. അതൊക്കെ അസാധാരണമാണ് എന്നത് എസ് എഫ് ഐ ഓ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട് . 111 കമ്പനികളിൽ നിന്ന് പുറത്തേക്കുപോയ പണം ഏതാണ്ട് 889.24 കോടി രൂപ വരും. അതിൽ 526.71 കോടി വസ്തുക്കളിലും മറ്റുമായി നിക്ഷേപിച്ചിരിക്കുന്നു. 160.15 കോടി വായ്പയായി നൽകിയപ്പോൾ 137.15 കോടി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപിച്ചു. കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു നീക്കമായിട്ടേ ഇതിനെ അന്വേഷണ സംഘം കാണുന്നുള്ളൂ. അതാവട്ടെ അഴിമതി നടത്തിക്കിട്ടിയ പണമാണ് എന്ന സംശയം നിലനിർത്തുന്നുമുണ്ട്. ഈ കേസിൽ പ്രതികളെന്ന് കരുത്തപ്പെടുന്നവരുടെ കുറെ സ്വത്തുക്കൾ നേരത്തെ അന്വേഷണ ഏജൻസി മുൻകൈയെടുത്തു മരവിപ്പിച്ചിരുന്നു.
“On the basis of financial statements submitted to the Registrar of Companies, it is revealed that 21 companies have been identified in which major transactions of around Rs 800 crore have been made,” ( കമ്പനി രജിസ്‌ട്രാർക്കു സമർപ്പിച്ച സാമ്പത്തിക കണക്ക് പ്രകാരം 21 കമ്പനികൾ ഏതാണ്ട് 800 കോടിയുടെ ഇടപാട് നടത്തിയതായി കാണുന്നു) എന്ന് സുപ്രീം കോടതിയിൽ എസ് എഫ് ഐ ഓ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നുണ്ട്. എൻ എച് ആർ എം തട്ടിപ്പുമായി ബന്ധപ്പെട്ട പണം ഇതിലേക്ക് മാറ്റിയതായി സൂചനകൾ ലഭിച്ചതായും അതിൽ സൂചനയുണ്ട്. ഒരേ ഓഡിറ്റർ ആണ് കമ്പനികളുടെയെല്ലാം കണക്ക് ഓഡിറ്റ് ചെയ്തതെന്നും അതിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ കമ്പനികളുടെ ഡയറക്ടർമാരെല്ലാം മുഹമ്മദ് ഇഖ്ബാലിന്റെ അടുത്ത ബന്ധുക്കളാണ്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ നിർദ്ദേശിച്ചുവെങ്കിലും അവരെത്തിയില്ല. റംസാൻ മാസമായതുകൊണ്ടു വരാൻ കഴിയില്ലെന്ന നിലപാടാണ് അവരെല്ലാം സ്വീകരിച്ചത്.
ഇവിടെയിപ്പോൾ പ്രധാനം യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പുവരുന്നു എന്നതാണ്. സ്വാഭാവികമായും അവിടെയിത് സജീവ ചർച്ചാവിഷയമാവുന്നുണ്ട്. അത് വേണ്ടതിലധികം ചർച്ചചെയ്യപ്പെടണം എന്നതിൽ യുപി ഭരിക്കുന്ന മുലായം സിങ് യാദവിന്റെ കക്ഷിക്കും പ്രത്യേക താൽപര്യമുണ്ട് . അതുകൊണ്ടുതന്നെയാവണം അന്വേഷണം ഇപ്പോൾ ദ്രുതഗതിയിൽ നീങ്ങുന്നത് എന്ന് കരുതുന്നവരില്ലാതില്ല. സുപ്രീം കോടതി ഇക്കാര്യത്തിൽ വേണ്ടുന്ന താല്പര്യം കാണിക്കുന്നു എന്നതാണ് വസ്തുത. എന്നാൽ അതിനുപിന്നിൽ കേന്ദ്ര സർക്കാരാണ് എന്ന് വരുത്തിത്തീർക്കാനാണ് മായാവതി ശ്രമിക്കുന്നത്. യഥാർഥത്തിൽ ഇതുവരെ ഇതിലൊന്നും മായാവതി കക്ഷിയല്ല ; ചോദ്യം ചെയ്യലിന് വിധേയമായിട്ടുമില്ല. എന്നാൽ പ്രതിക്കൂട്ടിലായവരെല്ലാം അവരുടെ വിശ്വസ്തരും സന്തത സഹചാരികളുമാണ്. അതുകൊണ്ടുതന്നെയാണ് അവരുടെ ആശങ്ക വര്‍ദ്ധിക്കുന്നതെന്ന്‍ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സമാനമായ ഒരു സംഭവം ഹിമാചൽ പ്രദേശിലും കണ്ടതാണ്. അവിടെ ആ തട്ടിപ്പിന് കൂട്ടുനിന്നത് കോൺഗ്രസ് മുഖ്യമന്ത്രിയാണ്. എൽ ഐ സി വകയിലും ആപ്പിൾ കച്ചവടം വഴിയും മറ്റും പണം വകയിരുത്താൻ നടത്തിയ ശ്രമങ്ങളാണ് ആ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയത്.
Post Your Comments