ചെന്നൈ● സേലം-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് ട്രെയിനിന്റെ ഗുഡ്സ് ബോഗി തുരന്ന് കോടികള്‍ കവര്‍ന്ന മോഷ്ടാക്കള്‍ക്ക് അക്കിടി പറ്റിയോ? കഴിഞ്ഞദിവസമാണ് ട്രെയിനിന്റെ ചരക്കുബോഗിയുടെ മേല്‍ക്കൂര ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുരന്ന് 5.78 കോടി രൂപ കവര്‍ന്നത്. എന്നാല്‍ ഈ പണംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നാണ് ബാങ്കിംഗ് മേഖലയിലെ വിദഗ്ദര്‍ പറയുന്നത്.
വിവിധ ബാങ്കുകളില്‍ നിന്നും ശേഖരിച്ച കാലാവധി കഴിഞ്ഞതും കാലപ്പഴക്കം ചെന്നതും മുഷിഞ്ഞതുമായ 342 കോടിയുടെ നോട്ടുകളാണ് ബോഗിയില്‍ ഉണ്ടായിരുന്നത്. ഇത് റിസര്‍വ് ബാങ്കില്‍ നല്‍കി പുതിയ നോട്ടുകള്‍ വാങ്ങുന്നതിനാണ് കൊണ്ടുപോയത്. നോട്ടുകള്‍ക്ക് റിസര്‍വ് ബാങ്ക് അധികൃതര്‍ മൂല്യം നിശ്ചയിച്ച ശേഷം മാറ്റി നല്‍കുകയാണ് ചെയ്യുന്നത്. ഈ നോട്ടുകള്‍ അത്രവേഗം വിപണിയില്‍ ഇറക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
തിങ്കളാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. രാത്രി 9 മണിയോടെ സേലം വിട്ട ട്രെയിന്‍ ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെയാണ് ചെന്നൈ എഗ്മൂറില്‍ എത്തിച്ചേര്‍ന്നത്. 223 പെട്ടികളിലാണ് 342 കോടി രൂപ സൂക്ഷിച്ചിരുന്നത്. ട്രെയിന്‍ ചെന്നൈയില്‍ എത്തിയ ശേഷം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.
നോട്ടുകള്‍ സൂക്ഷിച്ചിരുന്ന ബോഗിയുടെ മേല്‍ ഭാഗം ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് ഒരാള്‍ക്ക് ഇറങ്ങാനാകും വിധം രണ്ടടി വീതിയിലും നീളത്തിലുംഅറുത്തു മാറ്റിയാണ് നോട്ടുകള്‍ പുറത്തെത്തിച്ചത്. സംഭവത്തില്‍ ആര്‍.പി.എഫ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments