India

സ്വാതന്ത്ര്യദിനത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതികളുമായി ലഷ്‌കര്‍ ഇ ത്വയ്ബ

ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ക്ക് പാകിസ്താന്‍ സൈന്യം പരിശീലനം നല്‍കുന്നുണ്ടെന്ന് പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ ബഹദൂര്‍ അലി. പാക് സൈന്യം സ്ഥിരമായി ലഷ്‌കര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കാറുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ജൂലൈ 25നാണ് ബഹദൂര്‍ അലി പിടിയിലായത്. ഇത്തരത്തില്‍ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുണ്ടെന്നും ഇയാള്‍ എന്‍ഐഎയോട് വെളിപ്പെടുത്തിയതായാണ് പ്രാഥമിക വിവരങ്ങള്‍.

ബഹദൂര്‍ അലിയെ ചോദ്യം ചെയ്തതിനു ശേഷം എന്‍ഐഎ ഉദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒരു ട്രെയിനിംഗ് ക്യാമ്പില്‍ 30 മുതല്‍ 50 വരെ അംഗങ്ങള്‍ ഉണ്ടാവാറുണ്ട്. ഇത്തരം നിരവധി ക്യാമ്പുകള്‍ പാകിസ്താനിലും അഫ്ഗാനിലുമായുണ്ടെന്നും ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ഇവര്‍ക്ക് അത്യാധൂനിക സംവിധാനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചാണ് പരിശീലനം നല്‍കുന്നതെന്നന്നും അലിയില്‍ നിന്ന് മനസിലാക്കാനായെന്ന് എന്‍ഐഎ വെളിപ്പെടുത്തി. അലി പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്ന് എകെ-47 തോക്ക്, റേഡിയോ സെറ്റ്, ഗ്രനേഡ്, അത്യാധുനിക ആശയവിനിമയ സംവിധാനങ്ങള്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ പിടിച്ചെടുത്തിരുന്നു.

കശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ മുതലെടുത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി സ്വാതന്ത്ര്യദിനത്തില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതികളും തങ്ങള്‍ക്കുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തി.

shortlink

Post Your Comments


Back to top button