പട്ന● ബിഹാര്‍ മുഖ്യമന്ത്രി നിതിഷ്കുമാര്‍ 2016-ലെ ബിഹാര്‍ എക്സൈസ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് മദ്യനിരോധന നയം നടപ്പിലാക്കാന്‍ നിയമം പാസ്സാക്കിയത്. ഈ നിയമം നടപ്പിലാകുകയാണെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന ഒരാള്‍ മദ്യപിക്കുകയോ വാറ്റുകയോ വില്ക്കുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തെ ഒന്നാകെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു സാധിക്കും. മദ്യനിരോധനം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ഒരു ഗ്രാമമോ ടൗണോ ഒന്നടങ്കം കൂട്ടപ്പിഴ ഒടുക്കേണ്ടിയും വരും. എന്നാല്‍ ഇത് ആധുനിക നിയമശാസ്ത്രത്തില്‍ ന്യായീകരണമില്ലാത്ത ഒന്നാണ് എന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മദ്യപരായ ഭര്ത്താക്കന്മാര് തങ്ങളെ അടിക്കുകയാണെന്നും അവര്‍ സാമ്പത്തിക തകര്‍ച്ചയിലേക്കു നയിക്കുകയും ചെയ്യുന്നുവെന്ന സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതീഷ് മദ്യനിരോധനം കൊണ്ടുവന്നത്. എന്നാല്‍ കുടുംബത്തിലെ ഒരു പുരുഷന് മദ്യക്കുപ്പിയുമായി പിടിയിലായാല്‍ വീട്ടിലെ സ്ത്രീയും ജയിലിലാകും എന്നതാണ് പുതിയ നിയമത്തിലെ പ്രശ്നം.
ഈ മദ്യനിരോധന നിയമം ശക്തിപ്പെടുത്താനുള്ള നിതീഷിന്റെ ശ്രമത്തിലും ഇരട്ടത്താപ്പുണ്ട്. നാടന്‍ വാറ്റും കള്ളും ഈ നിരോധനത്തില്‍ ഉള്‍പ്പെടുന്നില്ല. ദരിദ്രരായ കുടിയന്മാരെ ഇല്ലാതാക്കാന്‍ താന്‍ സന്നദ്ധനല്ലെന്ന് നിതീഷിന് പറയാനാവില്ല. സ്ഥിരമായി കുടിച്ചാല്‍ മറ്റു മദ്യങ്ങളെ പോലെ തന്നെ ശരീരത്തിനു ഹാനികരമായ ഒന്നാണ് കള്ളും.
2006ല്‍ ബീവറേജ് കോര്പ്പറേഷന് സ്ഥാപിച്ചു കൊണ്ട് അതിനു കീഴില്‍ നിരവധി മദ്യഷാപ്പുകള്‍ തുറന്ന് മദ്യ വ്യവസായത്തെ പ്രോത്സാഹിപ്പിച്ചതും ഇപ്പോഴത്തെ മുഖ്യന് ആയ ഇതേ നിതീഷ്കുമാര്‍ തന്നെയായിരുന്നു. നിരോധനം ശക്തമാക്കി തന്റെ ജനപിന്തുണ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാകാം നിതീഷിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ അദ്ദേഹത്തിന്റെ ശ്രമത്തില്‍ വ്യക്തി സ്വാതന്ത്യത്തിനുമേലുള്ള അസ്വീകാര്യമായ കടന്നുകയറ്റം എന്നതിലുപരി ഒരു മെച്ചവും വോട്ടര്‍മാര്‍ കണ്ടെത്താനിടയില്ല.
Post Your Comments