ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാക്കിസ്ഥാനെതിരെ ശക്തമായ വിമര്‍ശനവുമായി ഇന്ത്യ. ഇസ്ലാമാബാദില്‍ നടന്ന സാര്‍ക് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് ഇന്ത്യ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നതിന് പിന്തുണ നല്‍കുന്ന പാക്കിസ്ഥാന്‍റെ നിലപാടിനെ അപലപിച്ച് വിദേശകാര്യ സെക്രറ്ററി എസ്.ജയശങ്കറാണ് പാക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്.ജമ്മുകശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷ സേനയുടെ പിടിയിലായ ലഷ്കര്‍ ഇ തൊയ്ബ അംഗം ബഹദൂര്‍ അലി പാക്കിസ്ഥാനിലെ ലാഹോര്‍ സ്വദേശിയാണെന്ന് വ്യക്തമായതോടെയാണ് ശക്തമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ക്ക് പാക് ഭരണകൂടം പിന്തുണ നല്‍കുന്നുണ്ടെന്ന ഇന്ത്യയുടെ ആരോപണം ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. ലഷ്കര്‍ ഇ തൊയ്ബയുടെ പരിശീലനം ലഭിച്ചതിന് ശേഷം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുകയായിരുന്നെന്ന് ബഹദൂര്‍ അലി വെളിപ്പെടുത്തിയിരുന്നു.
Post Your Comments