ന്യൂഡല്‍ഹി ● ഡല്‍ഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത നാരദ ന്യൂസ് പോര്‍ട്ടല്‍ സി.ഇ.ഒയും പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകനുമായ മാത്യൂ സാമുവലിനെ വിട്ടയച്ചു.
തൃണമൂൽ കോൺഗ്രസ് നേതാക്കളും മന്ത്രിമാരും ഐ.പി.എസ് ഉദ്യോഗസ്ഥനും കൈക്കൂലി വാങ്ങുന്ന ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസിലാണ് നാരദാ ന്യൂസ് മേധാവിയെ കസ്റ്റഡിയിലെടുത്തത്. ഒളിക്യാമറ ദൃശ്യങ്ങള്‍ വ്യജമായി സൃഷ്ടിച്ചതാണെന്ന തൃ പരാതിയില്‍ മാത്യൂ സാമുവലിനെതിരെ കൊല്‍ക്കത്ത പോലീസ് കേസെടുക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. രണ്ട് ലുക്ക് ഔട്ട് നോട്ടീസുകളാണ് കേസിന്റെ ഭാഗമായി കൊൽക്കത്ത പൊലീസ് പുറപ്പെടുവിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയില്‍ നിന്ന് ദുബായ് വഴി ഡല്‍ഹിയിലെത്തിയ മാത്യൂ സമുവിലിനെ ഇമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ വിട്ടയക്കാന്‍ കൊല്‍ക്കത്ത പോലീസ് നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. നേരത്തെ ഉണ്ടായിരുന്ന കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് കൊല്‍ക്കത്ത പോലീസിന്റെ നടപടി. മാത്യു സാമുവലിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യുന്നില്ലെന്നും കോൽക്കത്ത പൊലീസ് ജോയിന്റ് കമ്മീഷണർ വിശാൽ ഗാർഗ് പറഞ്ഞു.
കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ ബാനര്‍ജി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വെള്ളിയാഴ്ച കേസില്‍ പോലീസ് നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ അടുത്തവാദം ആഗസ്റ്റ് 19 ന് കേള്‍ക്കും. കോടതി വിധിയെ തങ്ങള്‍ മാനിക്കുന്നതായും അത് അനുസരിക്കുകയാണെന്നും വിശാൽ ഗാർഗ് വ്യക്തമാക്കി.
കൊൽക്കത്ത കോർപ്പറേഷൻ മേയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാത്യു സാമുവലിനെതിരെ കേസെടുത്തത്. ഫയർ ആൻഡ് എമർജൻസി സർവീസ് മന്ത്രി സോവൻ ചാറ്റർജിയുടെ ഭാര്യയായ രത്ന ചാറ്റർർജിയാണ് പരാതി നൽകിയത്. സോവൻ ചാറ്റർജി കൈക്കൂലി വാങ്ങുന്നതായി നാരദ ന്യൂസിന്റെ ഒളിക്യാമറ ദൃശ്യങ്ങളിൽ വന്നിരുന്നു. വ്യാജ ദൃശ്യങ്ങൾ ഉപയോഗിച്ച് അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമിച്ചു, ക്രിമിനൽ ഗൂഢാലോചന നടത്തി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് മാത്യു സാമുവലിനെതിരായ കേസ്.
നാരദ ന്യൂസ് സി.ഇ.ഒയും ചീഫ് എഡിറ്ററുമാണ് മലയാളിയായ മാത്യുസാമുവൽ. തെഹൽകയുടെ മുൻ മാനേജിംഗ് എഡിറ്ററായിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മൺ എന്നിവരെ വെട്ടിലാക്കിയ ഓപ്പറേഷൻ വെസ്റ്റ് എൻഡിലൂടെയാണ് ശ്രദ്ധേയനായത്. ടെഹൽക്കയുടെ ആദ്യ ഒളിക്യാമറ ഓപ്പറേഷനായിരുന്നു ഇത്. ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവന്ന പ്രതിരോധ കുംഭകോണം എ.ബി.വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിനെ പിടിച്ചുലച്ചിരുന്നു.
മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ്, സംസ്ഥാനത്തെ മന്ത്രിമാർ, തൃണമൂലുമായും മുഖ്യമന്ത്രി മമത ബാനർജിയുമായും അടുത്ത ബന്ധമുള്ള ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥൻ തുടങ്ങിയവർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ശാരദ ചിട്ടി തട്ടിപ്പിന് ശേഷം തൃണമൂലിനേറ്റ് വലിയൊരു അടിയായിരുന്നു നാരദയുടെ ഒളിക്യാമറ ഓപ്പറേഷൻ. എന്നാൽ തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചില്ല.
Post Your Comments