India

ഒരു വരി മതവിരുദ്ധം: സ്കൂളില്‍ ദേശിയ ഗാനത്തിന് നിരോധനം

അലഹബാദ്‌● ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഒരു സ്കൂളില്‍ ദേശിയ ഗാനം ആലപിക്കുന്നതിന് നിരോധനം. ദേശീയഗാനത്തിലെ ’ഭാരത ഭാഗ്യവിധാതാ’ എന്ന വരി ഇസ്ലാമിക വിരുദ്ധമാണെന്ന് ആരോപിച്ചാണ് സ്കൂള്‍ മാനേജര്‍ ദേശിയ ഗാനത്തിന് വിലക്കേര്‍പ്പെടുത്തിയത്. സ്കൂള്‍ വളപ്പിനുള്ളില്‍ ദേശീയഗാനം ആലപിക്കരുതെന്നാണ് മാനേജര്‍ സിയാ-ഉള്‍-ഹഖ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ബഘറയിലെ എം.എ കോണ്‍വെന്റ് സ്കൂളാണ് ദേശിയ ഗാനത്തിന് വിലക്കേര്‍പ്പെടുത്തിയത്. സ്കൂള്‍ മാനേജരുടെ നടപടിയില്‍ പ്രതിഷേധിച്ച് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പടെ എട്ട് അധ്യാപകര്‍ രാജിവച്ചിട്ടുണ്ട്.

രാജിവച്ച അധ്യാപകര്‍ അടുത്തിടെ സ്കൂളില്‍ ചേര്‍ന്നവരാണ്. കഴിഞ്ഞ 12 വര്‍ഷമായി സ്കൂളില്‍ ദേശിയഗാനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് അധ്യാപകര്‍ നല്‍കുന്ന വിവരം. സ്കൂളില്‍ ദേശിയ ഗാനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന വിവരം തങ്ങളെ ഞെട്ടിച്ചുവെന്നും അധ്യാപകര്‍ പറയുന്നു. രണ്ട് ദിവസം ഈ അധ്യാപകര്‍ രാജിവച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

സ്കൂള്‍ മാനേജ്മെന്റിന്റെ നടപടിയെ ബി.ജെ.പി നേതാവ് ശ്രീകാന്ത് ശര്‍മ വിമര്‍ശിച്ചു. ദേശീയഗാനം നിരോധിച്ചതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

300 ഓളം വിദ്യാര്‍ഥികളാണ് എം.എ. കോണ്‍വെന്റ് സ്കൂളില്‍ പഠിക്കുന്നത്. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button