Oru Nimisham Onnu Shradhikkoo

എമിറേറ്റ്സ് അപകടം നല്‍കുന്ന പാഠം: വിമാനയാത്ര ശുഭകരമാക്കാന്‍ ഒരുപിടി വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍

ദേവി പിള്ള എഴുതുന്നു

മൂന്നു സംഭവങ്ങൾ

ഒന്ന്: കഴിഞ്ഞ ജൂണിൽ ഒരു ദിവസം എയർ അറേബിയയുടെ ഷാർജ കൊച്ചി വിമാനം കൊച്ചിയിൽ ഇരുപത് മിനിറ്റ് മുൻപേ എത്തുന്നു. റൺവേ തൊട്ടയുടൻ തന്നെ സകലരും എഴുന്നേറ്റ് ഓവർ ഹെഡ് റാക് തുറക്കാൻ തുടങ്ങുന്നു. ചിലർ പെട്ടിയൊക്കെ വലിച്ചു ഇരിക്കുന്നവരുടെ തലയിൽ ഇടുമോ എന്ന വിധത്തിൽ പരാക്രമം. മൊബൈൽ ഫോണുകൾ ഓണാവുന്നു, എസ്എംഎസ്, വാട്സാപ്പ് മെസ്സേജുകൾ വന്നുവീഴുന്ന ശബ്ദകോലാഹലം. പെട്ടന്ന് അനൗൺസ്‌മെന്റ് വന്നു, വിമാനം നേരത്തെ എത്തിയതുകൊണ്ട് പാർക്കിങ് ബേ കിട്ടിയിട്ടില്ല. അതുവരെ എല്ലാവരും ഇരിക്കണം. ബാഗുകൾ ഒന്നും എടുക്കരുത് എന്ന്. ആര് കേൾക്കാനാണ്. പിന്നെ ക്രൂ എത്തി. എഴുന്നേറ്റവരെ എല്ലാം നിർബന്ധിച്ച് ഇരുത്തി. ലോക്കറുകൾ അടച്ചു. ഇരുത്തിയവർ ത്രിശങ്കുവിൽ ഇരിക്കുന്നതുപോലെ അരച്ചന്തിയിൽ ഇരുന്നു ഇരുന്നില്ല എന്ന മട്ടിൽ ശ്വാസം മുട്ടുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ബേ കിട്ടി. വീണ്ടും പരാക്രമം. അപൂർവം ചിലർ ഇതൊന്നുമറിയാതെ നല്ല ഉറക്കമാണ്. (പിന്നിലെ സീറ്റ് ആയതുകൊണ്ട് വിമാനത്തിനുള്ളിൽ നടക്കുന്നത് എല്ലാം കാണാം.) വാതിൽ തുറന്നതും ഒരുമാതിരി കല്യാണ സദ്യക്ക് കയറുന്നതുപോലെ തിക്കിത്തിരക്കി പുറത്തിറങ്ങാനുള്ള ഓട്ടം. കാബിൻ ക്രൂ ചുണ്ടിൽ ചിരിവരുത്തി എല്ലാം നോക്കി നിൽക്കുന്നു. ഓട്ടം കണ്ടാൽ തോന്നും നേരെ ചെന്ന് പുറത്തു വെയിറ്റ് ചെയ്യുന്ന കാറിൽ കയറുമെന്ന്. പക്ഷെ എമിഗ്രെഷനും പിന്നെ ലഗ്ഗേജ് വരുന്നതും കാത്തുള്ള നീണ്ട നിൽപ്പും കഴിഞ്ഞേ നമുക്ക് വെളിയിലിറങ്ങാൻ പറ്റൂ എന്ന ചിന്ത ആ സമയം അൽപ്പം പോലുമില്ല.

രണ്ട്: കലൂർ ജംഗ്‌ഷനാണ് ഇനി പറയുന്ന തമാശ കാണാൻ ഏറ്റവും സൗകര്യപ്രദമായ ഇടം. പച്ചവെളിച്ചം കത്തിയാലുടൻ മുന്നോട്ടെടുക്കുന്ന വാഹനങ്ങളെ കൈകൊണ്ട് തടഞ്ഞു നിർത്തി റോഡ് കുറുകെ കടക്കുന്നവരുടെ ഉത്സവമാണിവിടെ. നിർത്താത്ത വാഹനങ്ങളെ അതി രൂക്ഷമായി നോക്കിക്കൊണ്ടാണ് ഇവർ കടന്നുപോകുന്നത്. പതിനഞ്ചു സെക്കൻഡ് പച്ചവെളിച്ചം കത്തുന്നതിൽ ആറേഴു സെക്കന്റ് ഇവർക്കായി നഷ്ടപ്പെടും. ഈ കലാപരിപാടി കാണുന്ന പോലീസുകാരും ഒരക്ഷരം മിണ്ടുകയോ, ക്രോസ് ചെയ്യുന്നവരെ തടയുകയോ ചെയ്യാറില്ല.

മൂന്ന്: ഒരു നാട്ടിൻ പുറം. വാഹനമോടിച്ച്‌ ഒരു വളവു തിരിഞ്ഞു ചെന്നതും, ദാ നാലഞ്ചു പേര് ഒരു പെട്ടിക്കടയുടെ മുന്നിൽ റോഡിൽ നിരന്നിരിക്കുന്നു. നിരന്നിരിക്കുക മാത്രമല്ല കൈകൾ പിന്നിലേക്ക് ചായ്ച്ചു – അതായത് റോഡിലേക്ക് ചായ്ച്ച്- അതിവിശാലമായാണ് ഇരിക്കുന്നത്. പെട്ടന്ന് ബ്രെക്കിട്ടത് കൊണ്ട് അപകടമുണ്ടാക്കാതെ കഴിഞ്ഞു. എന്നാൽ വണ്ടി ബ്രെയ്ക്ക് ഇട്ടിട്ടും ഈ ഇരുന്നവരിൽ ഒരാള് പോലും അവിടെനിന്നും മാറിയില്ല എന്നതാണ് തമാശ. ഒരാൾ ചെറുതായൊന്ന് തോള്‌പൊക്കി ഒഴിഞ്ഞുതരുന്നതുപോലെ കാട്ടി. മറ്റുള്ളവർ ഞാനെന്തോ കടുത്ത അപരാധം ചെയ്തതുപോലെ രൂക്ഷമായി നോക്കി. ഉള്ള സ്ഥലത്തുകൂടി കഷ്ടിച്ച് കടന്നുകൂടി കഴിച്ചലാക്കി.

Emir02

ഗതാഗത നിയമങ്ങളോടുള്ള മലയാളിയുടെ പൊതുവായ പെരുമാറ്റത്തെക്കുറിച്ചു കാട്ടാനാണ് മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ എഴുതിയത്. നിയമങ്ങൾ അറിഞ്ഞുവയ്ക്കുന്നതിലും, പിന്നീട് അവ അനുസരിക്കുന്നതിലും കാണിക്കുന്ന അലസതയാണ് നമ്മുടെ നാട്ടിൽ നടക്കുന്ന അപകടങ്ങളിൽ മിക്കതിനും കാരണം. ഇന്നലെ ദുബായിൽ നടന്ന എമിറേറ്റ്സ് വിമാനാപകടത്തിലും ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചില സ്വകാര്യ വീഡിയോകളിൽ നിന്നും മലയാളി യാത്രക്കാർ അടിയന്തിരമായി വിമാനത്തിൽ നിന്നും പുറത്തുകടക്കുന്നതിനു പകരം സാധനങ്ങൾ തിരയുന്ന കാഴ്ചകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകളായിരിക്കുന്നു. യാത്രക്കാർക്ക് പക്ഷം പിടിച്ചും, എതിരെയും അനേക വാദപ്രതിവാദങ്ങൾ നടക്കുന്നു.

വികാരപരമായ കാര്യങ്ങൾക്കപ്പുറത്ത് നിയമവും, അതിന്റെ പാലനവും എത്രമാത്രം ഗൗരവതരമാണ് എന്നാണ് ഇതിലൂടെ നോക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ ഒന്നുരണ്ട് വാദങ്ങൾ വിമാനയാത്രകൾ ചെയ്യുന്ന ആളെന്ന നിലയിലും, നിയമങ്ങൾ പാലിക്കപ്പെടേണ്ടതാണ് എന്ന് വിശ്വസിക്കുന്ന ആളെന്ന നിലയിലും പരിശോധിക്കുന്നു.

അവസാന നിമിഷം വരെ യാത്രക്കാർ അറിഞ്ഞില്ല. ഇതാണ് ഇന്നലെത്തെ സംഭവത്തിൽ പറയപ്പെടുന്ന ഒരു പ്രധാന കാര്യം. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ജെറ്റ് എയർവേയ്‌സ് വിമാനം ഇന്ധനം തീർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയ വിവരം നാമെല്ലാം ഓർക്കുന്നുണ്ടാവും. അതിലെ യാത്രക്കാർ ഒരാളുപോലും അറിഞ്ഞില്ല തങ്ങളുടെ വിമാനം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്നും, ഏറ്റവും ഗുരുതരമായ അവസ്ഥകളിൽ മാത്രം നൽകുന്ന മെയ് ഡേയ് അലേര്‍ട്ട് കാപ്റ്റൻ വിമാനത്താവളത്തിന് നൽകിയിരുന്നുവെന്നും. അതായത് വിമാനം തകരാൻ വരെ സാഹചര്യമുണ്ടായിരുന്നു അന്ന്. പക്ഷെ യാത്രക്കാരെല്ലാം പുറത്തു വന്നുകഴിഞ്ഞാണ് തങ്ങൾ അതിഭാഗ്യം കൊണ്ടുമാത്രമാണ് നിലം തൊട്ടത് എന്ന കാര്യമറിഞ്ഞത്.

വിമാനത്തിന്റെ സാങ്കേതിക തകരാറോ, മറ്റെന്തെങ്കിലും തകരാറുകളോ ഒരിക്കലും യാത്രക്കാരെ അറിയിക്കില്ല. കാരണം രണ്ടാണ്. ഒന്നാമത് എത്ര ധൈര്യമുള്ളവരും വിമാനത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നറിഞ്ഞാൽ ആശങ്കയിലാകും. രണ്ടാമത്, കാപ്റ്റന്റെ പ്രധാന ജോലി, വിമാനം അടിയന്തിരമായി നിലത്തിറക്കുക എന്നതാണ്. അതിനിടയിൽ യാതൊരുകാരണവശാലും അദ്ദേഹം യാത്രക്കാരുമായി സംവദിക്കില്ല. എന്റെ അറിവ് ശരിയാണെങ്കിൽ, ഓരോ അടിയന്തിരാവസ്ഥയ്ക്കും പ്രത്യേകം മെസ്സേജുകൾ റെക്കോഡ് ചെയ്ത വച്ചിട്ടുണ്ട്. അവസ്ഥയനുസരിച്ച് കാപ്റ്റൻ അത് പ്ളേ ചെയ്യുക മാത്രമേ ചെയ്യൂ. അതും ഏറ്റവും അവസാനം. കാരണം യാത്രക്കാർ അസ്വസ്ഥരായാൽ ചിലപ്പോൾ വിമാനത്തിന്റെ നിലത്തന്നെ മാറിയേക്കും.

അബദ്ധത്തിൽ ക്രാഷ് മെസ്സേജ് പ്ളേ ചെയ്ത ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിന്റെ കഥ ഇവിടെ വായിക്കുക. യാത്രക്കാരിൽ ചിലർക്ക് ആ മെസ്സേജ് ഹൃദയാഘാതം വരെയുണ്ടാക്കി.
http://goo.gl/cikNW

വിമാനജോലിക്കാരെല്ലാവരും തന്നെ ആപൽ ഘട്ടങ്ങൾ തരണം ചെയ്യാനുള്ള പരിശീലനങ്ങൾ ഓരോ ആറുമാസം കൂടുമ്പോഴും പുതുക്കും. കാപ്റ്റൻ വിമാനം നിയന്ത്രിച്ച് ഇറക്കുമ്പോൾ മനസ്സ് നിയന്ത്രണത്തിലാക്കി യാത്രക്കാരെ രക്ഷിക്കാൻ തയ്യാറാക്കി നിൽക്കുന്ന വിമാന ജോലിക്കാരെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അവരുടേതും ജീവനാണ്. അവർക്കും സ്വപ്നങ്ങളും, സമ്പാദ്യങ്ങളും എല്ലാമുണ്ട്. പക്ഷെ ഏല്പിച്ചിരിക്കുന്ന ജോലി അത് മരിച്ചാലും കൃത്യമായി ചെയ്യുക എന്നതാണ് പ്രാഥമിക ധർമ്മം. അതവർ ചെയ്യുന്നു.
ഇവിടെ നീരജാ ഭാനോട്ടിനെ ഓർക്കാം.
https://en.wikipedia.org/wiki/Neerja_Bhanot

ഇനി യാത്രക്കാർ എന്ന നിലയിൽ നാമെന്താണ് ചെയ്യേണ്ടത്? യാത്രക്കാരായ നമ്മുടെ പ്രാഥമിക ധർമ്മം, നിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ്. കാബിൻ ക്രൂ പറയുന്നത് കേട്ടേ പറ്റൂ. അതിനു യാതൊരു ഒഴിവുകഴിവുകളുമില്ല. കാരണം അവർ രക്ഷിക്കാൻ നോക്കുന്നത് നമ്മുടെ ജീവനാണ്. മറ്റെന്തും പുനർനിർമ്മിയ്ക്കാവുന്നതേ ഉള്ളൂ.

ആധുനിക കാലത്ത് ഏറ്റവും പ്രമുഖമായ യാത്രാ മാധ്യമമാണ് വിമാനങ്ങൾ. ഒരു ചെറിയ പിഴവ് പോലും വലിയ ദുരന്തത്തിൽ കലാശിച്ചേക്കാം എന്നതിനാൽ ഏറ്റവും മികച്ച സാങ്കേതികത യാണ് വിമാനങ്ങൾക്കുള്ളത്. പണ്ടുകാലത്ത് വിമാനം തകരാൻ പര്യാപ്തമായിരുന്നു ഒട്ടനവധി പിഴവുകൾ ഇപ്പോൾ വിമാനത്തിലിരുന്നുതന്നെ പൈലറ്റിന് നിയന്ത്രിക്കാനാവും. അതുകൊണ്ടുതന്നെ ഏറ്റവും സുരക്ഷിതമായ യാത്ര വിമാനയാത്ര തന്നെയാണ്. എങ്കിലും മറ്റു മാദ്ധ്യമങ്ങളിൽ യാത്രചെയ്യുന്നവരേക്കാൾ വിമാനയാത്രികർക്ക് ഉത്തരവാദിത്തങ്ങൾ കൂടുതലാണ്. ഉദാഹരണത്തിന് വിമാനത്തിൽ എമർജൻസി എക്സിറ്റിനു അടുത്തുള്ള സീറ്റുകൾ നൽകുന്നതിനുള്ള പ്രത്യേക ഏവിയേഷൻ നിയമ നിഷ്കർഷ നോക്കുക, യാത്രക്കാരന്റെ ചുമതലകളും.

4.3.1 The person allotted the exit seat should not be
invalid.

4.3.2 The person should not be less than 15 years of age and
should have the capacity to perform the applicable
functions listed in paragraph 4.6 of this CAR without
the assistance of another person.

4.3.3 The person should be able to reach and understand
instructions related to emergency evacuation provided
by the operator in printed, handwritten or graphic form
or the ability to understand oral crew commands.

4.4 Each passenger shall comply with instructions given by a
crew member or other authorized of the operator implementing
exit seating restrictions established in accordance with
this section.

അതുപോലെയാണ് വിമാനം പുറപ്പെടുന്നതിനു മുൻപുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവം കേൾക്കുക എന്നത്. ഇരിക്കുമ്പോൾ തന്നെ എമർജൻസി എക്സിറ്റ് നോക്കി വയ്ക്കുക. ലൈഫ് ജാക്കറ്റ് എവിടെയാണ് എന്ന് ക്രൂ കാണിച്ചുതരുന്നത് നോക്കുക. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും ക്രൂ പറയുന്നതനുസരിച്ചു മാത്രം ഉപയോഗിക്കുക. എല്ലാം നമുക്കുവേണ്ടിയാണ്. പാസ്പോര്ട് തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ ‘ഗ്രാബ് ബാഗ്’ എന്ന ഒരു ചെറിയ ബാഗിലാക്കി സ്വന്തം സീറ്റിനടിയിൽ വയ്ക്കാം. ഗ്രാബ് ബാഗ് ഒരു ചെറിയ പഴ്സ് പോലെയായതുകൊണ്ട് പെട്ടെന്നിറങ്ങുമ്പോൾ കയ്യിൽ പിടിച്ചു ഇറങ്ങാം. (ഗ്രാബ് ബാഗ് ന്റെ കാര്യം ശ്രീ മുരളി തുമ്മാരുകുടി യുടെ ലേഖനത്തിൽ നിന്നുമാണ്.)

യാത്രക്കാരുടെ ആരുടെയോ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടും, എയർപോർട് സുരക്ഷാവീഴ്ച കൊണ്ടും ഉണ്ടായത് സമാനതകളില്ലാത്ത ഒരു വിമാനദുരന്തം താഴെ വായിക്കാം.

http://goo.gl/KivH6n

നമുക്കെന്തിനാണ് ഇത്രയും ധൃതി?

എമിരേറ്സ് വിമാനത്തിന്റെ അപകട വാർത്തയിലും, സാധാരണഗതിയിൽ വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞാലുള്ള സാഹചര്യത്തിലുമുള്ള ഒരു വൈരുധ്യം പറയാതെ വയ്യ. സാധാരണഗതിയിൽ നാം വിമാനം ലാൻഡ് ചെയ്തുകഴിഞ്ഞാലുടൻ പെട്ടിയുമെടുത്തു ഓട്ടമാണ്. ക്രൂ ഇരിക്കാൻ പറഞ്ഞാലും ഇരിക്കില്ല. തിക്കിത്തിരക്കി, അടുത്തുള്ള ആളിന്റെ തലവഴി പെട്ടി വലിച്ചു പിടിച്ചു ഓട്ടം. എന്നാലോ എമർജൻസി ലാൻഡിങ് നടത്തിയ വിമാനത്തിൽ നിന്നും ഇറങ്ങാൻ ഒരു തിരക്കുമില്ല. ലാപ്ടോപ് എവിടെ, ബാഗ് എടുക്ക് എന്നീ വർത്തമാനങ്ങൾ. ഓ നമുക്കൊന്നും സംഭവിക്കില്ല എന്ന അമിതമായ ആത്മവിശാസമാണോ ഇത്? പണ്ട് പട്ടിയുള്ള വീട്ടിൽ ചെന്നപ്പോൾ പട്ടി കടിക്കില്ല കയറിപ്പോരൂ എന്ന വീട്ടുടമസ്ഥന്റെ വിളിക്ക് വിരുന്നുകാരൻ കൊടുത്ത മറുപടി ‘അത് പട്ടിക്ക് അറിയില്ലല്ലോ’ എന്നാണ്. അതുപോലെയാണ് ഇപ്പോൾ പറയാൻ തോന്നുന്നത്.

പറഞ്ഞുവരുന്നത് ഏവിയേഷൻ ഫ്യുവൽ അഥവാ വിമാന ഇന്ധനത്തിന്റെ കാര്യമാണ്. അതീവ ജ്വലനശേഷിയുള്ള ഇന്ധനമാണ് ഏവിയേഷൻ ഫ്യുവൽ. ഇതിന്റെ കണികകൾ ഉള്ള വായു വരെ കത്തും. അതുകൊണ്ട് ഒരിക്കൽ ഒരു വിമാനം അടിയന്തിരമായി നിലത്തിറക്കിയാൽ എത്രയും വേഗം, അതായത് ഒന്നര മിനിട്ടിന് അകത്തുള്ള സമയത്ത് യാത്രക്കാരെ എല്ലാം ഒഴിപ്പിച്ചിരിക്കണം. നമ്മൾ വസ്തുവകകൾ തിരയുകയാണ് എന്ന് ഏവിയേഷൻ ഫ്യുവലിന് അറിയില്ല. അത് കത്താനുള്ളപ്പോൾ കത്തും.

1980 ൽ സൗദി വിമാനം അപകടത്തിൽ പെട്ടതിനു ശേഷമാണ് വിമാന സുരക്ഷാകാര്യങ്ങളിലും, ആളുകളെ ഒഴിപ്പിക്കുന്ന കാര്യത്തിലും കാതലായ മാറ്റങ്ങൾ കൊണ്ടുവരപ്പെട്ടത്.
സൗദി വിമാനദുരന്തം ഇവിടെ വായിക്കുക.
https://en.wikipedia.org/wiki/Saudia_Flight_163

ഇന്നലെ അപകടത്തിൽ പെട്ട എമിറേറ്റ്സ് വിമാനത്തിലെ ഒരു യാത്രക്കാരനെപ്പോലും വ്യക്തിപരമായി തേജോവധം ചെയ്യാനുള്ളതല്ല ഈ എഴുത്ത്. പ്രത്യുത, ഓരോ ജീവനും വിലപ്പെട്ടതാണ്. നാം ബാഗുതിരഞ്ഞു പോകുന്ന ഒരു നിമിഷാർത്ഥം മതിയാവും വിമാനത്തിൽ തീ പടരാൻ. നമുക്കെല്ലാം സമ്പാദ്യങ്ങൾ വലുതാണ്. പക്ഷെ അതൊന്നും ജീവനേക്കാൾ വലുതല്ല. ഒരു വിമാനാപകടത്തിൽ പെട്ടാൽ ചില്ലറ കാലതാമസമുണ്ടാവുമെങ്കിലും നിയമാനുസരണമുള്ള ഇളവുകൾ പല കാര്യങ്ങളിലും ലഭിക്കും. ഇതെഴുതുന്നയാളും വിമാനയാത്ര ചെയ്യുന്നതുകൊണ്ട്, ഇതൊരു ചാരുകസേര നിരൂപണവുമല്ല.

‘അന്നേരത്തെ മാനസികാവസ്ഥ’ യിൽ ആരും ചെയ്തുപോകും എന്നതാണ് ബാഗുതിരഞ്ഞു പോകുന്നതിനുള്ള ഒരു കാരണമായി പറയുന്നത്. ഇവിടെയാണ് വിമാനയാത്രികർക്കുള്ള സ്വയം ബോധവൽക്കരണത്തിന്റെ ആവശ്യകത. നിയമങ്ങൾ അറിയാനും അവ പാലിക്കാനുമുള്ള ഒരു മാനസികാവസ്ഥ ആദ്യം രൂപപ്പെടുത്തിഎടുക്കുക. ഇക്കാര്യത്തിൽ നമ്മുടെയിടയിൽ കണ്ടുവരുന്നത് കടുത്ത ഈഗോ ക്ലാഷ് ആണ്. കാബിൻ ക്രൂ പറയുന്നത് അനുസരിച്ചാൽ, വിമാനം എഞ്ചിൻ നിർത്തുന്നത് വരെ സീറ്റിൽ ഇരുന്നാൽ, ബാഗുകൾ എടുക്കുമ്പോൾ മറ്റുള്ളവരെ അസ്വസ്ഥരാക്കാതിരുന്നാൽ, വാതിൽക്കലേക്ക് തള്ളിക്കയറാതിരുന്നാൽ, എല്ലാം എന്തോ വലിയ കുഴപ്പമുള്ളതുപോലെയാണ് നമ്മുടെ പ്രവർത്തികൾ. എന്താണിങ്ങനെ സംഭവിക്കുന്നത്? ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ച കാര്യങ്ങളും കൂടി നോക്കുക. വിമാനയാത്രയിൽ മാത്രമല്ല, എല്ലാവിധ ഗതാഗത നിയമങ്ങളുടെ കാര്യത്തിലും നമ്മുടെ മനോഭാവം ഇങ്ങനെത്തന്നെയാണ്. ഈഗോ മാറ്റിവയ്ക്കുക. നമുക്ക് നഷ്ടപ്പെടുന്നത് ജീവിതമാണ്. അത് തിരിച്ചുകിട്ടില്ല. ബാഗുകളും ഫോണുകളും എല്ലാം തിരിച്ചുകിട്ടും.

കുടുംബത്തോടെ യാത്രചെയ്യുന്ന ഒരാൾ, പ്രത്യേകിച്ചും കുട്ടികൾ കൂടെയുള്ളപ്പോൾ വളരെ ഗൗരവത്തോടെ വിമാനസുരക്ഷയെക്കുറിച്ച് അറിഞ്ഞുവച്ചിരിക്കണം. അല്ലാത്തപക്ഷം, എത്ര വിദ്യാഭ്യാസമുള്ളതായാലും, എത്ര ഉന്നത സ്ഥാനം വഹിക്കുന്നവരായാലും ഒരു പ്രയോജനവുമില്ല. വിമാനനിയമങ്ങൾ അനുസരിച്ച് ചെരുപ്പ് ധരിക്കാതെ ഹാൻഡ് ബാഗ് പോലുമെടുക്കാതെ പുറത്തിറങ്ങാൻ ശ്രമിക്കുന്ന ഒരാൾക്ക് കുറുകെ നിന്ന് സ്വന്തം വസ്തുക്കൾ കരസ്ഥമാക്കാൻ ശ്രമിക്കുന്നതുപോലെ അപഹാസ്യമായൊരു ചിത്രം മറ്റെവിടെയുമുണ്ടാവില്ല. കുട്ടികളെയും കൃത്യമായി വിമാനയാത്രയെ കുറിച്ച് പഠിപ്പിക്കണം. ചെറിയ വലിയ കാര്യങ്ങൾ നമ്മളെ മാത്രമല്ല സഹയാത്രികരെയും രക്ഷപ്പെടുത്തും.

പിൻ കുറിപ്പ്:

നമ്മളിൽ എത്രപേർ വിമാനജോലിക്കാരെ അഭിവാദ്യം ചെയ്യാറുണ്ട്? അവരുടെ മുഖത്തേക്ക് നോക്കാറുണ്ട്? സ്വയം ഒന്നാലോചിച്ചു നോക്കുക. അവർ നമ്മുടെ സുരക്ഷയ്ക്കും, സൗകര്യങ്ങൾക്കുമായി നിലകൊള്ളുന്നവരാണ്. ഒരു വിമാനം നിലം തൊട്ടുകഴിഞ്ഞാൽ പെട്ടിയുമെടുത്ത് ഓടുമ്പോൾ വാതിൽക്കൽ നിറപുഞ്ചിരിയോടെ നിൽക്കുന്നവരെ ഒന്ന് നോക്കുക.

നന്ദി പറയുക.നൈസ് ഫ്‌ളൈറ്റ്, ഗുഡ് ഫുഡ്, സീ യു എഗൈൻ എന്നൊക്കെ ഒന്ന് പറഞ്ഞിട്ട് വിമാനത്തിൽ നിന്നും ഇറങ്ങു. അവർക്കും നമുക്കും ഒരുപോലൊരു സുഖം തോന്നും. അടുത്ത ഇരുപതോ മുപ്പതോ മിനിറ്റിൽ അവർ വീണ്ടും ആകാശയാത്ര നടത്തേണ്ടവരാണ്. എത്തിച്ചേരുമോ ഇല്ലയോ എന്നറിയാതെ, അടുത്ത ഒരുകൂട്ടം യാത്രക്കാരുടെ സുഖ സൗകര്യങ്ങൾ അന്വേഷിച്ചു വിശ്രമമില്ലാതെ അവർ നമുക്ക് ചുറ്റും ചിരിച്ചുകൊണ്ട് നടപ്പുണ്ടാവും. ഒരു കരുതൽ അവർക്കു കൂടി നൽകുക. ചില കാര്യങ്ങൾ നമുക്ക് ചിട്ടപ്പെടുത്തിയെടുക്കാം. വിമാനജോലിക്കാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നവരാണ് എന്നുള്ള ചീപ് കമന്റുകൾ ദയവായി പറയാതിരിക്കുക. അതിലും ഒരു മാന്യത നമുക്ക് നില നിർത്താം. അപ്പോൾ അടുത്ത എല്ലാ വിമാനയാത്രകളും ശുഭയാത്രകൾ തന്നെയായിത്തീരട്ടെ.
എമിരേറ്സ് വിമാനാപകടത്തിൽ ജീവൻ ബലിനൽകിയ ജാസിം ഇസാ മുഹമ്മദ് ഹസ്സന് ആദരാഞ്ജലികളും, അതീവ മനസ്സാന്നിധ്യത്തോടെ വീൽ ജാമായ വിമാനം നിലത്തിറക്കിയ കാപ്ടനും ക്രൂവിനും അഭിനന്ദനങ്ങളോടും കൂടി……………..

shortlink

Related Articles

Post Your Comments

Related Articles


Back to top button