GulfNews Story

സൗദി പ്രശ്ന പരിഹാരത്തിനായി മന്ത്രി കെ.ടി ജലീല്‍ പോകുന്നത് വിരോധാഭാസം

വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം മന്ത്രി വി.കെ സിങ് നേരിട്ട് സൗദിയിലെത്തി കാര്യങ്ങള്‍ ചെയ്യുന്നതിനിടെ സൗദി പ്രശ്നപരിഹാരത്തിനായി കേരളത്തിന്‍റെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ അവിടേക്ക് പോകുന്നത് ന്യായമായ കാര്യമല്ല.

വിദേശ രാജ്യങ്ങളില്‍ വെച്ച് ഭാരതീയര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അതാത് രാജ്യങ്ങളുമായി ബന്ധപ്പെട്ടു പരിഹാരം കാണാനുള്ള വകുപ്പാണ് വിദേശകാര്യ വകുപ്പ്. എല്ലാ രാജ്യത്തേയും ഏതു സര്‍ക്കാരും മറ്റു രാജ്യങ്ങളുമായി ആശയ വിനിമയം നടത്താന്‍ വിദേശകാര്യ വകുപ്പുകളും അതാത് രാജ്യങ്ങളിലെ എംബസികളുമായും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. ഇന്ത്യയിലെ എല്ലാ സംസ്ഥാന മന്ത്രിമാരും സ്വന്തം നിലയില്‍ വിദേശ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കേണ്ട ആവശ്യമില്ല. ഒരു രാജ്യവും ഇത്തരം ഒരു നീക്കത്തിന് മുതിരുകയില്ല, മാത്രമല്ല ഏതു രാജ്യവുമായാണോ ഇടപെടേണ്ടത് ആ രാജ്യങ്ങള്‍ ഇത്തരം രാഷ്ട്രീയ നാടകത്തിനു നിന്ന് കൊടുക്കുകയുമില്ല. പട്ടിണി കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയിലേക്ക് മലയാളികളെ മാത്രം തിരഞ്ഞുപിടിച്ച് അവരുടെ ക്ഷേമങ്ങള്‍ക്കായി ഒരു മന്ത്രി ചെല്ലുന്നത് തികച്ചും വിരോധാഭാസമാണ്.

ശ്രീലങ്കന്‍ ജയിലുകളില്‍ കിടക്കുന്ന തമിഴ് വംശജരെ ഇറക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ശ്രീലങ്കയിലേക്കും, പാകിസ്ഥാന്‍ ജയിലില്‍ കിടക്കുന്ന ഗുജറാത്തി മുക്കുവനെ ഇറക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി പാകിസ്ഥാനിലും പോകേണ്ട ആവശ്യമുണ്ടോ? ഇന്ത്യന്‍ ഭരണഘടനയുടെ കടക്കല്‍ കത്തിവെക്കാനുള്ള അതിസൂക്ഷ്മമായ ഗൂഡാലോചനയാണ് ഈ വിവാദത്തിനു പിന്നില്‍. അതേസമയം ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‍നങ്ങള്‍ക്ക് പരിഹാരം തേടി സൗദിയിലെത്തിയ വിദേശകാര്യ സഹ മന്ത്രി വി. കെ സിംഗിന്‍റെ സന്ദര്‍ശനം തുടരുകയാണ്. തൊഴിലാളി ക്യാമ്പുകളിലെത്തിയ അദ്ദേഹം പ്രശ്നങ്ങള്‍ നേരിട്ട് വിലയിരുത്തി. തൊഴിലാളികള്‍ക്ക് ആശ്വാസകരമാകുന്ന നടപടികളാണ് കൈക്കൊള്ളുന്നതെന്നും പ്രശ്നത്തിന് ഉടന്‍ തന്നെ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

shortlink

Post Your Comments


Back to top button