Kerala

ബി.പി.എല്‍ കാര്‍ഡ് അനര്‍ഹമായി ഉപയോഗിക്കുന്നവരെ കണ്ടെത്തിയാല്‍ പിഴയും തടവും

മലപ്പുറം ● ബി.പി.എല്‍ കാര്‍ഡ് അനര്‍ഹമായി ഉപയോഗിച്ച് വന്നിരുന്ന 765 കുടുംബങ്ങള്‍ ജൂലൈ മാസം കാര്‍ഡ് തിരിച്ചേല്‍പ്പിച്ച് സ്വമേധയാ എ.പി.എല്‍. കാര്‍ഡിലേയ്ക്ക് മാറി. 2012 മുതല്‍ 8682 ബി.പി.എല്‍. കാര്‍ഡുകള്‍ എ.പി.എല്‍ കാര്‍ഡായി മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുള്ള വീട്, നാലു ചക്ര വാഹനം, ഒരേക്കര്‍ ഭൂമി, സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജോലി ഇതിലേതെങ്കിലും സ്വന്തമായുള്ളവര്‍ ബി.പി.എല്‍ കാര്‍ഡിനര്‍ഹരല്ല. അതിനാല്‍ അനര്‍ഹമായി ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ളവര്‍ എ.പി.എല്‍ കാര്‍ഡാക്കി മാറ്റി വാങ്ങണം. അല്ലാത്തപക്ഷം 1955ലെ അവശ്യ സാധന നിയമ പ്രകാരം നിയമ നടപടിക്ക് വിധേയരായി ഇതുവരെ അനര്‍ഹമായി കൈപ്പറ്റിയ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ വില സര്‍ക്കാരിലേയ്ക്ക് കണ്ടു കെട്ടും.

സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ അവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും തടവും പിഴയും വിധിക്കാന്‍ വ്യവസ്ഥയുണ്ടന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍.പി നോര്‍ബര്ട്ട് അറിയിച്ചു. ജൂലൈയില്‍ 728 പൊതുവിപണി പരിശോധനകള്‍ നടത്തിയതില്‍ 145 ക്രമക്കേടുകള്‍ കണ്ടെത്തി. ലൈസന്‍സില്ലാതെ കച്ചവടം നടത്തുന്നവര്‍ക്കെതിരെയും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തു. അനധികൃതമായി ഉപയോഗിച്ച ഗാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. പൊതു വിതരണ കേന്ദ്രത്തില്‍ പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ 13 റേഷന്‍ മൊത്തവിതരണ ഡിപ്പോകള്‍, 15 മണ്ണെണ മൊത്ത വിതരണ ഡിപ്പൊകള്‍ 832 റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തി. ഏഴ് റേഷന്‍ മൊത്തവിതരണ ഡിപ്പൊകള്‍, 418 റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ആറ് റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍ സസ്‌പെഡ് ചെയ്തു. ക്രമക്കേടുകള്‍ കണ്ടെത്തിയവര്‍ക്കെതിരെ 1955ലെ അവശ്യ സാധന നിയമം അനുസരിച്ചും കേരള റേഷനിങ് ഓര്‍ഡര്‍ പ്രകാരവും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button