റിയാദ് : ജോലി നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ ഇന്ത്യക്കാരില്‍ മടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് എക്‌സിറ്റ് വിസ നല്‍കാമെന്നും ശമ്പള കുടിശിക പ്രശ്‌നം പരിഗണിക്കാമെന്നും സൗദി അറേബ്യ ഉറപ്പ് നല്‍കി. ലേബര്‍ ക്യാംപുകളില്‍ ഭക്ഷണം ലഭ്യമാക്കിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. ക്യാംപുകളില്‍ എഴുനൂറോളം മലയാളികളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കുടിശിക വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും അതതു കമ്പനികളില്‍നിന്ന് അവ ലഭ്യമാക്കാന്‍ കരാറുണ്ടാക്കണമെന്നും സൗദി തൊഴില്‍ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചതായി സുഷമ പറഞ്ഞു. മടങ്ങുന്നവര്‍ക്കു സാമ്പത്തിക പാക്കേജ്, പുനരധിവാസം തുടങ്ങിയ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ കൂടിയാലോചന നടത്തിയേക്കുമെന്നും സൂചനയുണ്ട്.
ദുരിതത്തിലായ തൊഴിലാളികളുടെ വിവരശേഖരണം ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും ആരംഭിച്ചു. ഇഖാമ (താമസാനുമതി), പാസ്‌പോര്‍ട്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, ശമ്പള കുടിശികയുടെ വിശദാംശങ്ങള്‍ എന്നിവയാണു ശേഖരിക്കുന്നത്. ഒട്ടേറെപ്പേരുടെ ഇഖാമ കാലാവധി അവസാനിച്ചു കഴിഞ്ഞു. പലരുടെയും പാസ്‌പോര്‍ട്ട് കമ്പനിയുടെ കൈവശമാണ്. പാസ്‌പോര്‍ട്ട് കൈവശമുള്ളവരെയാകും ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക.
ഏകദേശം 10,000 ഇന്ത്യക്കാര്‍ക്കു ജോലി നഷ്ടപ്പെട്ടെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. റിയാദില്‍ 3172 പേര്‍ക്കു മാസങ്ങളായി ശമ്പളമില്ല. സൗദി ഓജര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന 2450 പേരാണു ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ അഞ്ചു ക്യാംപുകളിലുള്ളത്. ഇവര്‍ക്കു കമ്പനി കഴിഞ്ഞ 25 മുതല്‍ ഭക്ഷണം നല്‍കിയിട്ടില്ല. 10 ദിവസത്തേക്കാവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ഇന്ത്യന്‍ സമൂഹവുമായി സഹകരിച്ച് ജിദ്ദയിലെ കോണ്‍സലേറ്റ് എത്തിച്ചിട്ടുണ്ട്.
ആരും പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാവില്ലെന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും സുഷമ പറഞ്ഞു. കമ്പനികള്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ എക്‌സിറ്റ് വീസ നല്‍കൂ എന്നാണു സൗദിയിലെ വ്യവസ്ഥ. എന്നാല്‍, കമ്പനികള്‍ പൂട്ടി ഉടമകള്‍ രാജ്യം വിട്ടതിനാല്‍ ഇതു ലഭിക്കാന്‍ തടസ്സമുണ്ടായി. എക്‌സിറ്റ് വീസ നല്‍കാമെന്നും ശമ്പള കുടിശിക പ്രശ്‌നം പരിഗണിക്കാമെന്നും സൗദിയുടെ ഉറപ്പ് ലഭിച്ചെന്ന് വിദേകാര്യ സഹമന്ത്രി എം.ജെ.അക്ബറാണു പിന്നീടു വെളിപ്പെടുത്തിയത്.
Post Your Comments