NewsInternational

വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തി നാല്‍പ്പത്തിമൂന്ന് വര്‍ഷമായി ഉറങ്ങാത്ത വിചിത്രമനുഷ്യന്‍

വിയറ്റനാം : ഭക്ഷണം കഴിച്ചില്ലേലും സാരമില്ല ഒന്നുറങ്ങിയാല്‍ മതി എന്ന് പറയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും.എത്ര കഠിനമായ ജോലി കഴിഞ്ഞാലും ഒന്ന് നന്നായി ഉറങ്ങിയെണീട്ടാല്‍ അതിന്റെ ക്ഷീണമെല്ലാം പന്പ കടക്കും.എന്നാല്‍ ഈ മനുഷ്യന്റെ ജീവിതം നേരെ മറിച്ചാണ്.എഴുപത്തിനാല് വയസ്സുള്ള ഇയാള്‍ ഉറങ്ങിയിട്ട് നാല്‍പ്പത്തിമൂന്നു വര്‍ഷമാകുന്നു.

തായ് ന്‌ഗോക് (Thai Ngok ) എന്ന ഉറക്കമില്ലാത്ത വിചിത്രമനുഷ്യന്‍ ജീവിയ്ക്കുന്നത് വിയെറ്റ്‌നാമിലെ ക്യൂ ട്രനഗ് എന്ന ഗ്രാമത്തിലെ മലനിരകളുടെ താഴ്‌വരയിലാണ്.കര്‍ഷകനാണ് തായ്.1973 ല്‍ മുപ്പത്തൊന്നാം വയസ്സില്‍ വന്ന ഒരു കടുത്ത പനിയാണ് തായുടെ ജീവിതം ഉറക്കമില്ലാതാക്കിയത്.പനി ചികിത്സയ്ക്കായി തായ് ആശ്രയിച്ചത് വിയറ്റ്‌നാമിന്റെ പാരമ്പര്യ ചികിത്സാ രീതിയെയാണ്.പനിച്ചൂട് വിട്ട് തായ് ഉണര്‍ന്നെണീറ്റു.പക്ഷെ പിന്നീട് ഒരിയ്ക്കലും ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഉറക്കമില്ലെങ്കിലും പൂര്‍ണ്ണ ആരോഗ്യവാനാണ് തായ്.പറയത്തക്ക യാതൊരുവിധ ശാരീരികമാനസിക അസുഖങ്ങളും തായിയെ അലട്ടുന്നില്ല. ദിവസവും 50 കിലോ വീതം ഭാരമുള്ള രണ്ടു ചാക്ക് നിറയെ തന്റെ ഫാമിലെ പന്നിക്കും കോഴിക്കുമുള്ള തീറ്റയും ചുമന്ന് നാലു കിലോമീറ്ററോളം തായ് നടക്കാറുണ്ട്.
വീര്യമുള്ള മദ്യം വയറുനിറയെ അകത്താക്കിയിട്ടും ക്രമാതീതമായി ഉറക്കഗുളികകള്‍ കഴിച്ചിട്ടും അന്ന് പനിയോടൊപ്പം കൂടെ പോയ തന്റെ ഉറക്കത്തെ തിരിച്ച് കൊണ്ട് വരാന്‍ ഇന്ന് ഈ നിമിഷം വരെ തായിക്ക് കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഇത് ഒരു രോഗാവസ്ഥയാണെന്നോ ചികിത്സ വേണമെന്നോ തായ്ക്ക് ഇതുവരെ തോന്നിയിട്ടുമില്ല.അതുകൊണ്ട് തന്നെയാണ് ചികിത്സയ്ക്ക് വേണ്ടിയുള്ള പല സംഘടനകളുടെയും ക്ഷണം തായ് നിരസ്സിച്ചത്. വന്‍ തുകയുടെ വാഗ്ദാനവുമായി തന്റെ ജിവിതം ഷൂട്ട് ചെയ്യാന്‍ വരുന്ന ചാനലുകാരേയും തായ് നിരാശരായി മടക്കി അയയ്ക്കുകയാണ് ചെയ്യുന്നത്.
വിയറ്റ്‌നാം ഇന്‍വെസ്റ്റ്‌മെന്റ് എന്ന ചാനലിനു 2006ല്‍ തായ് ഒരു ഇന്റര്‍വ്യൂ അനുവദിച്ചു.അന്ന് അദ്ദേഹം പറഞ്ഞത് ‘ഉറക്കമില്ലാത്തത് കൊണ്ടാണോ എന്നെനിക്കറിയില്ല, പക്ഷെ ഈയിടയായി വെള്ളം നനയ്ക്കാത്ത ചെടിയെപോലെ എനിക്ക് എന്നെ തന്നെ അനുഭവപ്പെടുന്നു’ എന്നാണ്.എന്തായാലും വൈദ്യ ശാസ്ത്രത്തിന്റെ മുന്നില്‍ അത്ഭുതമാവുകയാണ് ഉണര്‍ന്നിരിയ്ക്കുന്ന ഈ മനുഷ്യന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button