India

യോഗ പഠിക്കാന്‍ പോയ പെണ്മക്കളെ സന്യാസിനികളാക്കിയെന്ന് പരാതി

കോയമ്പത്തൂര്‍● യോഗ പഠിക്കാന്‍ പോയ പെണ്മക്കളെ സന്യാസിനികളാക്കിയെന്ന പരാതിയുമായി മതാപിതാക്കള്‍. കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജഗ്ഗി വാസുദേവിന്റെ ഇഷാ യോഗ സെന്ററില്‍ യോഗ പഠനത്തിന് പോയ പെണ്‍കുട്ടികളെ തടങ്കലിലാക്കിയിരിക്കുകയാണെന്നും മാതാപിതാക്കള്‍ പരാതിപ്പെടുന്നു.

കോയമ്പത്തൂരിലെ റിട്ടയേര്‍ഡ് പ്രൊഫസര്‍ കാമരാജും ഭാര്യയുമാണ്‌ പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ മക്കളായ ഗീത കാമരാജ് (33), ലത കാമരാജ് (31) എന്നിവരെ ഇവിടെ നിന്നും മോചിപ്പിക്കാന്‍ സഹായം ആവശ്യപ്പെട്ട്‌ ഇവര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് യോഗ പഠനത്തിന് പോയ പെണ്‍കുട്ടികളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി അവിടെ താങ്ങാന്‍ പ്രേരിപ്പിച്ചിരിക്കുകയാണെന്ന് കാമരാജ് നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്മക്കളെ തലമുണ്ഡനം ചെയ്തു കാവിവസ്ത്രങ്ങള്‍ ധരിപ്പിച്ചിരിക്കുകയാണെന്നും പരാതിയിലുണ്ട്. അവിടെ നിന്നും മക്കളെ മോചിപ്പിച്ച് വിവാഹം കഴിപ്പിച്ച് അയക്കുകയാണ് തന്റെ ആഗ്രഹമെന്നും കാമരാജ്‌ പറഞ്ഞു.

പുറത്തുനിന്നുള്ളവരുമായി ഇടപഴകാന്‍ യോഗസെന്റര്‍ അവരെ അനുവദിക്കില്ല. ബിടെക്, എം.ടെക് ബിരുദധാരികളായി നല്ല തസ്തികയില്‍ ജോലി ചെയ്യുകയായിരുന്ന തന്റെ മക്കളെ കാണാനോ സംസാരിക്കാനോ പോലും യോഗ സെന്റര്‍ അധികാരികള്‍ അനുവദിക്കുന്നില്ലെന്നും കാമരാജ് പറയുന്നു. ഭാര്യയോടൊപ്പമാണ് കളക്ടറുടെ ഓഫീസില്‍ അദ്ദേഹം പരാതി നല്‍കാനെത്തിയത്.

പെണ്മക്കളുടെ സുരക്ഷയെക്കരുതി കളക്ടര്‍ ഇടപെട്ട് അവരെ മോചിപ്പിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

സംഭവത്തെക്കുറിച്ച് യോഗ സെന്റര്‍ അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button