ന്യൂഡല്‍ഹി : ഐഎസിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് വളരെ കുറച്ച് യുവാക്കള്‍ മാത്രമേ ആകര്‍ഷിക്കപ്പെട്ടിട്ടുള്ളൂ എന്ന് കേന്ദ്രസര്‍ക്കാര്‍. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് ഇസ്ലാമിക് സ്‌റ്റേറ്റ്, ഐഎസ് ഇറാഖ് ആന്‍ഡ് ലെവന്റ്, ഐഎസ്ഇറാഖ് ആന്‍ഡ് സിറിയ തുടങ്ങിയ വിഭാഗങ്ങള്‍ പലതരത്തിലുള്ള മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍നിന്ന് വളരെ കുറച്ച് യുവാക്കളെ ആകര്‍ഷിക്കുന്നതിനു മാത്രമേ ഐഎസിന് സാധിച്ചിട്ടുള്ളൂവെന്ന് ലോക്‌സഭയില്‍ മന്ത്രി ഹന്‍സ് രാജ് ആഹിര്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
കേരളത്തിലെ ചില പ്രദേശങ്ങളില്‍ നിന്ന് കാണാതായ യുവാക്കള്‍ക്ക് ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേരള പോലീസ് ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പോലീസും ദേശീയ അന്വേഷണ ഏജന്‍സിയും 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യുവാക്കളെ ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. രഹസ്യാന്വേഷണസുരക്ഷാ വിഭാഗങ്ങള്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് രാജ്യത്തു നിന്ന് സാമ്പത്തിക സഹായം നല്‍കുന്നതും കള്ളപ്പണത്തിന്റെ വിനിയോഗവും തടയുന്നതിന് നിലവിലുള്ള നിയമ സംവിധാനങ്ങള്‍ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ക്ക് വധശിക്ഷ നല്‍കുന്നതിനും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദികളെ വധിക്കുന്നതിനും എതിരായി പ്രതിഷേധവും സമരങ്ങളും ചില സംസ്ഥാനങ്ങളില്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി ഹന്‍സ് രാജ് ലോക്‌സഭയില്‍ വ്യക്തമാക്കി.
Post Your Comments