KeralaNews

വെറും മൂന്ന് മാസം തലസ്ഥാനം അനക്കോണ്ടകളുടെ നഗരമാകും

തിരുവനന്തപുരം മൃഗശാലയില്‍ ഏഴ് അനക്കോണ്ടകളെയാണു രണ്ടു വർഷം മുൻപു ശ്രീലങ്കയിൽ നിന്ന് എത്തിച്ചത്. ഇതിൽ അഞ്ചര വയസ്സുള്ള ഏയ്ഞ്ചലയാണു ഗർഭിണി. കഴിഞ്ഞ മേ‌യിലാണ് ഏയ്ഞ്ചല ഇണചേർന്നത്. ആറു മാസമാണ് അനക്കോണ്ടകളുടെ ഗർഭ കാലയളവ്. ഒക്ടോബറിലോ നവംബറിലോ പ്രസവമുണ്ടാകുമെന്നു മൃഗശാല അധികൃതർ പറഞ്ഞു.

തെക്കേ അമേരിക്കയിലെ ആമസോൺ കാടുകളിലാണ് അനക്കോണ്ടകളുള്ളത്. രണ്ടു വർഷം മുൻപു ശ്രീലങ്കൻ മൃഗശാലയിൽ നിന്നാണ് ഏഴ് അനക്കോണ്ടകളെ ഇവിടെ എത്തിച്ചത്. ഏയ്ഞ്ചലയെ കൂടാതെ അരുന്ധതി, രമണി, ഗംഗ, രൂത്, രേണുക, ദിൽ എന്നിവരാണു മറ്റുള്ളവർ. 900 ഗ്രാം മുതൽ ആറു കിലോഗ്രാം വരെയായിരുന്നു ഇവിടെ എത്തിക്കുമ്പോഴുണ്ടായിരുന്ന ഭാരം.

ഇപ്പോൾ 20 കിലോ മുതൽ 60 കിലോ വരെയാണ് ഒരോന്നിന്റെയും തൂക്കം. കോഴി, മുയൽ, എലി എന്നിവയാണ് ഇഷ്ടഭക്ഷണം. വിശന്നാൽ പരസ്പരം ഭക്ഷിക്കാൻ സാധ്യതയുള്ളതിനാൽ മൈക്രോ ചിപ്പ് ഘടിപ്പിച്ചു കൃത്യമായ ഇടവേളകളിൽ ഭക്ഷണം നൽകുന്നുണ്ട്.

സാധാരണ, ഒറ്റ പ്രസവത്തിൽ 30 കുഞ്ഞുങ്ങൾ വരെ ലഭിക്കാറുണ്ട്. ദിവസം ചെല്ലുന്തോറും ശരീര ഭാരം കൂടിവരുന്നതാണ് ഏയ്ഞ്ചല ഗർഭിണിയാണെന്നു സംശയിക്കാൻ കാരണം. സ്കാൻ ചെയ്തോ എക്സ്റേ എടുത്തോ ഗർഭം സ്ഥിരീകരിക്കാമെങ്കിലും അധികൃതർ തയാറല്ല. മരുന്നുകളോട് ഏയ്ഞ്ചല എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതിനാലാണിത്. പാർ‌പ്പിച്ചിരിക്കുന്ന കൂടുകളിൽ സ്വാഭാവിക പരിസ്ഥിതി സാഹചര്യം ഒരുക്കിയിട്ടുള്ളതിനാൽ സുഖപ്രസവം നടക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതിനു വേണ്ടിയുള്ള പ്രാർഥനയിലാണവർ.

shortlink

Post Your Comments


Back to top button