Sports

ഒളിമ്പിക്സിലെ ഇന്ത്യന്‍ സാധ്യതകള്‍ ( ഭാഗം 2 )

സുജിത്ത് ചാഴൂര്‍

ടെന്നീസ്

ഇരുപത് വര്‍ഷം മുമ്പ് , കൃത്യമായി പറഞ്ഞാല്‍ 1996 അറ്റ്‌ലാന്റ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ എല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്ന സമയം. പെട്ടെന്ന് ടെന്നീസ് കോര്‍ട്ടില്‍ നിന്നും ഒരു വാര്‍ത്ത. സത്യമായിരിക്കുമോ എന്ന് സംശയിച്ച നിമിഷം. വാര്‍ത്ത സത്യമായിരിക്കണേ എന്ന് ഇന്ത്യക്കാര്‍ മുഴുവന്‍ പ്രാര്‍ഥിച്ച നിമിഷം. ടെന്നീസില്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്സ് സെമി ഫൈനലില്‍ കടന്നിരിക്കുന്നു ! ഇറ്റലിയുടെ ലെന്‍സോ ഫര്‍ലാനെ തോല്‍പ്പിച്ച് ഇന്ത്യയുടെ ഇരുപത്തി മൂന്നുകാരന്‍ സെമിയില്‍ എത്തിയിരിക്കുന്നു !

ഒരേസമയം സന്തോഷവും ടെന്‍ഷനും സമ്മാനിക്കുന്ന വാര്‍ത്ത. ഇന്ത്യയുടെ എല്ലാ മെഡല്‍ പ്രതീക്ഷകളും ടെന്നീസിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. അന്ന് താരതമ്യേന ദുര്‍ബലനായിരുന്നു ലിയാണ്ടര്‍. സിംഗിള്‍സില്‍ വലിയ വിജയങ്ങളൊന്നും അവകാശപ്പെടാനില്ലായിരുന്നു. റാങ്കിങ്ങിലും ഏറെ പുറകില്‍. അതുകൊണ്ട് തന്നെ സെമിയില്‍ എത്തിയെങ്കിലും അതൊരു ടെന്‍ഷന്‍ ആയിരുന്നു. കാരണം സെമിയില്‍ ഇതിനേക്കാള്‍ കരുത്തനായ എതിരാളിയെ നേരിടേണ്ടി വരും. ഏറെ താമസിയാതെ ആ വാര്‍ത്തയും എത്തി. സെമിയില്‍ എതിരാളി സാക്ഷാല്‍ ആന്ദ്രെ അഗാസ്സി ! അതോടെ ആ പ്രതീക്ഷയും നമുക്ക് നഷ്ടമായി. ഫലവും മറിച്ചായിരുന്നില്ല. അഗാസി ജയിച്ചു. ലിയാണ്ടര്‍ ആദ്യ സെറ്റില്‍ പൊരുതിയെങ്കിലും പിടിച്ചു നില്‍ക്കാനായില്ല.

എന്നിട്ടും നേരിയ ഒരു പ്രതീക്ഷ നമുക്കുണ്ടായിരുന്നു. വെങ്കലമെഡല്‍ പ്രതീക്ഷ. സെമിയില്‍ തോറ്റ രണ്ടു പേര്‍ തമ്മിലുള്ള കളിയില്‍ ജയിച്ചാല്‍ നമുക്ക് ഒരു മെഡല്‍ കിട്ടും എന്ന അവസാന ആശ. എതിരാളി ബ്രസീലിന്റെ ഫെര്‍ണാണ്ടോ മെലിഗേനി. ആദ്യ സെറ്റില്‍ ലിയാണ്ടര്‍ തോറ്റപ്പോള്‍ ആ പ്രതീക്ഷയും തീര്‍ന്നു. പക്ഷെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രാര്‍ത്ഥനയായിരിക്കണം ലിയാണ്ടര്‍ തിരിച്ചുവന്നു. തുടര്‍ച്ചയായ രണ്ടു സെറ്റുകള്‍ നേടി മുകളിലേക്കുയര്‍ത്തി. അതിനു സ്വര്‍ണ്ണത്തിനേക്കാള്‍ വിലയുണ്ടായിരുന്നു. ആ ഒളിമ്പിക്സിലെ ആദ്യത്തെയും അവസാനത്തെയും മെഡല്‍.

അതൊരു തുടക്കമായിരുന്നു. ഒരുപാട് പേര്‍ ടെന്നീസിലേക്ക് ആകര്‍ഷിക്കപ്പെട്ടു. നമുക്ക് കൂടുതല്‍ താരങ്ങള്‍ ഉണ്ടായി. ഒരുകാലത്ത് ലോക റാങ്കിങ്ങില്‍ ഒന്നാമതായിരുന്നു ലിയാണ്ടര്‍ പെയ്സും മഹേഷ്‌ ഭൂപതിയും. എങ്കിലും ഒരു ഡബിള്‍‍സ്‌ മെഡല്‍ നമുക്ക് കൊണ്ട് വരാന്‍ സാധിച്ചിട്ടില്ല. ടെന്നീസില്‍ മറ്റൊരു മെഡലും നമുക്ക് കിട്ടിയിട്ടില്ല.

ഇത്തവണ വലിയ പ്രതീക്ഷയില്‍ തന്നെയാണ് ഇന്ത്യ. സിംഗിള്‍സില്‍ ആരും യോഗ്യത നേടിയിട്ടില്ല. ഡബിള്‍‍സിലും മിക്സഡ്‌ ഡബിള്‍‍സിലും ആണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. അനിശ്ചിതത്വങ്ങളും വാക്പ്പോരും ഒഴിവാക്കി രോഹന്‍ ബൊപ്പണ്ണയും ലിയാണ്ടര്‍ പെയ്സും ഒരുമിച്ചു കളിക്കാന്‍ തീരുമാനിച്ചു. രണ്ടു പേരുടെയും മത്സരശൈലി വ്യത്യാസമുള്ളതായിരുന്നു എന്നതാണ് ഇതുവരെ രോഹന്‍ പറഞ്ഞ കാരണം. എങ്കിലും ഇന്ത്യക്ക് വേണ്ടി അവര്‍ എല്ലാം തല്‍ക്കാലം മറന്നിരിക്കുന്നു. ഇക്കഴിഞ്ഞ ഡേവിസ് കപ്പില്‍ കൊറിയയെ ഇവര്‍ തോല്‍പ്പിച്ചിരുന്നു. അത് ടീം എന്ന നിലക്ക് ഇവര്‍ക്ക് ഗുണം ചെയ്തിട്ടുണ്ട് എന്നാണ് വിദഗ്ദമതം. പെയ്സും രോഹനും കഠിനപ്രയത്നത്തിലാണ്. ഇരുപതു വര്‍ഷം മുമ്പ് താന്‍ കൊണ്ട് വന്ന പോലൊരു മെഡല്‍ തന്റെ അവസാന ഒളിമ്പ്ക്സില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് പെയ്സ്. ബ്രയന്‍ ആന്‍ഡ്‌ ബ്രയന്‍ സഹോദരന്മാര്‍ പിന്മാറിയ സാഹചര്യത്തില്‍ ഇന്ത്യന്‍ സാധ്യതകള്‍ കൂടുതലാണ്.

മറ്റൊരു സാധ്യത രോഹന്‍ ബൊപ്പണ്ണയും സാനിയ മിര്‍സയും ചേര്‍ന്നുള്ള മിക്സഡ്‌ ഡബിള്‍‍സ്‌ ആണ്. ഈ വിഭാഗങ്ങളില്‍ ഇവരുടെ മത്സര പരിചയം ഗുണം ചെയ്യും. വനിതാ ഡബിള്‍‍സ്‌ അത്രയേറെ സാധ്യത കല്‍പ്പിക്കുന്നില്ല. സാനിയയുടെ പങ്കാളി പ്രാര്‍ത്ഥന തോംബര്‍ ആണ്. നിലവില്‍ സാനിയ, ഹിന്ജിസിനൊപ്പം ലോക റാങ്കിങ്ങില്‍ മുകളിലാണ്. പക്ഷെ സാനിയ – പ്രാര്‍ത്ഥന സഖ്യത്തിന്റെ പരസ്പര ധാരണയും കേളീശൈലിയും ഇണങ്ങാന്‍ അവസരം അധികം കിട്ടിയിട്ടില്ലാത്തതിനാലും പ്രാര്‍ത്ഥനക്ക് അന്താരാഷ്‌ട്ര വേദികളില്‍ കൂടുതല്‍ മത്സര പരിചയം ഇല്ലാത്തതും സാധ്യതകളെ കുറക്കുന്നു. കുറെ മാസങ്ങളായി ഗ്രാന്‍ഡ്‌ സ്ലാമുകളിലും എ ടി പി ടൂറിലും മികച്ച നേട്ടങ്ങള്‍ കൊയ്യുന്ന പെയ്സ്, സാനിയ രോഹന്‍ എന്നിവരടങ്ങിയ ടീമില്‍ ഒരു മെഡല്‍ എങ്കിലും നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button