Kerala

അധ്യാപക പരിശീലന കോഴ്സിന്റെ പേരില്‍ പണം തട്ടല്‍; വഞ്ചിക്കപ്പെട്ടത് 51 ഓളം വിദ്യാര്‍ത്ഥികള്‍

പെരിന്തല്‍മണ്ണ● മോണ്ടിസോറി ടീച്ചേഴ്സ് പരിശീലന കോഴ്സിന്റെ മറവില്‍ പണംതട്ടിയതായി പരാതി. പെരിന്തല്‍മണ്ണ കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ സ്കൂള്‍ ഓഫ് പോസറ്റിവ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ പ്രിന്‍സിപ്പാളും അദ്ധ്യാപികയും ചേര്‍ന്ന് പണം തട്ടിയെന്നാണ് ആരോപണം. തട്ടിപ്പിനിരയായ 51 വിദ്യാര്‍ത്ഥികള്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കി.

കോഴ്സിന്റെ പേരില്‍ പലതവണയായി 35,000 രൂപ ഓരോരുത്തരില്‍ നിന്നും വാങ്ങിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മോണ്ടിസോറി കോഴ്സിന്റെ യാതൊരു അടിസ്ഥാന പരിശീലനവും ഇവര്‍ നല്‍കിയില്ലെന്ന് മാത്രമല്ല മോണ്ടിസോറി ടീച്ചേഴ്സ് കോഴ്സ് എന്ന പേരില്‍ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് (ടി.ടി.സി) പരിശീലനമാണ് തങ്ങള്‍ക്ക് നല്‍കിയത്. ഇക്കാര്യം വളരെ വൈകിയാണ് വിദ്യാര്‍ത്ഥികള്‍ മനസിലാക്കിയതെന്നും പരാതിയില്‍ പറയുന്നു. കോഴ്സിന്റെ ഭാഗമായി നല്‍കിയിരുന്ന പുസ്തകങ്ങളും, നോട്ടുകളും നിലവാരമില്ലാത്തതായിരുന്നു.

ഫീസ്‌ ഈടാക്കിയതിന് പുറമേ ഓരോരോ കാരണങ്ങള്‍ പറഞ്ഞു പിഴ സംഖ്യ എന്ന പേരിലും ഭീമമായ തുക മാനേജ്മെന്റ് വിദ്യാര്‍ത്ഥികളില്‍ നിന്നും തട്ടിയെടുത്തു. കൂടാതെ മൈസൂരിലേക്ക് നിര്‍ബന്ധിത അധ്യയന യാത്ര സംഘടിപ്പിച്ചും, കോഴ്സിന്റെ ഭാഗമായി ക്യാമ്പുകളും മറ്റും സംഘടിപ്പിച്ചും പണം തട്ടി. പണം തട്ടുന്നതില്‍ സംശയം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളെ അഭിഭാഷകന്‍ വഴി ഭീഷണിപ്പെടുത്തിയതായും സ്ഥാപനത്തിന്റെ മറവില്‍ പലതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

കോഴ്സിനും സ്ഥാപനത്തിനും യാതൊരുവിധ അംഗീകാരവുമില്ലെന്ന് വ്യക്തമായതോടെയാണ് സംഭവം വിവാദമായാത്. വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം നഗരസഭാ അധ്യക്ഷന്‍ ഇടപെട്ട് അനുരഞ്ജന ശ്രമം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പകുതി ഫീസ്‌ തിരികെ നല്‍കാമെന്ന് സ്ഥാപനനടത്തിപ്പുകാര്‍ സമ്മതിച്ചുവെങ്കിലും നല്‍കുകയുണ്ടായില്ല. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കിയത്. പല പേരില്‍ കോഴ്സ് കാലയളവിനിടെ 100,000 രൂപയോളം ഓരോരുത്തരില്‍ നിന്ന് ഈടാക്കിയിട്ടുള്ളതായും പുറമേ വിദ്യാര്‍ത്ഥികളുടെ വിലയേറിയ സമയവും നഷ്ടപ്പെടുത്തിയതിനാലും 150,000 വീതം നഷ്ടപരിഹാരമായി കിട്ടണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

IMG02

IMG03

IMG04

shortlink

Related Articles

Post Your Comments

Related Articles


Back to top button