KeralaNews

കോണ്‍ഗ്രസിനോട് കൂട്ടുവെട്ടാനുറച്ച് കെ.എം മാണി; പാര്‍ട്ടി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയചങ്ങാത്തം അവസാനിപ്പിച്ച് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള തീരുമാനം കെ.എം മാണി എടുത്തുകഴിഞ്ഞെന്ന്‍ റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി മാണി പാര്‍ട്ടി എം എല്‍ എമാരുള്‍പ്പെട്ട ഉന്നതതലയോഗം വിളിച്ചു.

പക്ഷേ, കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ താത്പര്യമില്ലാത്ത മട്ടിലാണ് മറ്റൊരു മുതിര്‍ന്ന നേതാവ് പി.ജെ ജോസഫിന്‍റെ നിലപാട്. എല്ലാവര്‍ക്കും യോജിപ്പുള്ള തീരുമാനമേ എടുക്കാവൂയെന്നാണ് പി ജെ ജോസഫിന്‍റെ നിലപാട്.

അതേസമയംതന്നെ മാണി യു.ഡി.എഫ് വിടുമെന്നുള്ള സൂചനകള്‍ അഭ്യൂഹം മാത്രമെന്നാണ് പറഞ്ഞുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരനും രംഗത്തെത്തിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി ഇടപെട്ട് നടത്തിയ സമവായ നീക്കങ്ങള്‍ക്ക് വഴങ്ങാത്ത മാണി നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് അറിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും രണ്ടാംനിര നേതാക്കള്‍ക്കും കോണ്‍ഗ്രസിനോട് കടുത്ത അതൃപ്തിയുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയെ മാണി അറിയിക്കുകയും ചെയ്തു.

ബാര്‍ കോഴ, വിവാഹ നിശ്ചയ വിവാദം എന്നിവ കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിലെ കാലുവാരല്‍ എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാന്‍ മാണി ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ചങ്ങാത്തം മുറിക്കണമെന്ന പൊതു വികാരമാണ് അനുയായികള്‍ക്കും ഉള്ളത്.

പക്ഷേ, യു.ഡി.എഫ് വിടുകയെന്ന നിര്‍ദേശത്തോട് പൂര്‍ണ്ണയോജിപ്പില്ലാത്ത പി.ജെ ജോസഫിന്‍റെ നിലപാട് മാത്രമാണ് ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും പ്രതീക്ഷ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button