ന്യൂഡല്‍ഹി ● സൗദി അറേബ്യയിലും കുവൈത്തിലുമായി ശമ്പളമോ ഭക്ഷണമോ ഇല്ലാതെ നരകയാതന അനുഭവിക്കുന്ന 800 ഓളം ഇന്ത്യക്കാരെ സഹായിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിദേശകാര്യ സഹമന്ത്രിമാരായ വികെ സിംഗിനേയും എംജെ അക്ബറിനേയും അയക്കും. വിദേശകാര്യമന്ത്രി നിര്‍ദേശ പ്രകാരമാണ് നടപടി.
ദുരിതത്തില്‍ അകപ്പെട്ട ഒരാള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് വീഡിയോ ട്വീറ്റ് അയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവര്‍ പട്ടിണിയിലായിരുന്നു. ഇവര്‍ക്ക് അടിയന്തിരമായി ഭക്ഷണം എത്തിക്കാന്‍ റിയദിലെയും ജിദ്ദയിലെയും എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം ഇടപെട്ടതിന് തൊട്ടുപിന്നാലെ ജിദ്ദയിലെ തൊഴിലാളികളുടെ ഷുമൈസി ക്യാമ്പിലേക്ക് ജിദ്ദയിലെ ഇന്ത്യന്‍ എംബസി ഭക്ഷണമെത്തിച്ചിരുന്നു.
ഇന്ത്യക്കാര്‍ ജോലി ചെയ്തിരുന്ന കമ്പനി മാസങ്ങള്‍ക്ക് മുമ്പ് അടച്ചതാണ് പ്രശ്നമായത്. കുറച്ച് ശമ്പളം നല്‍കി ജോലിക്കാരെ ക്യാമ്പിലേക്ക് വിട്ട കമ്പനി ഉടമകളായ ലബനന്‍കാര്‍ കഴിയാന്‍ ശമ്പളമോ മറ്റ് സാഹചര്യങ്ങളോ നല്‍കാതെ മുങ്ങുകയായിരുന്നു.
ലേബര്‍ ക്യാംപുകളില്‍ നരകയാതന അനുഭവിക്കുന്ന ഇന്ത്യക്കാരെ വരുന്ന ആഴ്ചകളില്‍ തിരികെയെത്തിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ആഗസ്റ്റ് 5 മുതല്‍ തുടങ്ങുന്ന ഹജ്ജിനു തീര്‍ഥാടകരെ എത്തിച്ച് മടങ്ങുന്ന വിമാനങ്ങളില്‍ ഇവരെ നാട്ടിലെത്തിക്കാനാണ് പരിപാടി.
യു.എ.ഇയിലും 10,000 ത്തോളം ഇന്ത്യക്കാര്‍ ഭക്ഷണ പ്രതിസന്ധി നേരിടുന്നുണ്ട്. ഇവരുടെ കാര്യത്തിലും വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടുണ്ട്. ഇവരുടെ പ്രശ്നപരിഹാരവും വി.കെ സിംഗിന്റെ സന്ദര്‍ശന ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments